മാത്യു തോമസും മാളവിക മോഹനനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ക്രിസ്റ്റി’യിലെ വീഡിയോ ഗാനം പുറത്തെത്തി. ‘തെരവന്ന് കാലീ തൊട്ടാ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. സംഗീതം പകര്‍ന്ന് ആലപിച്ചിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. പൂവാറിന്റെ പശ്ചാത്തലത്തില്‍ മാത്യു തോമസ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ സാമൂഹ്യ ജീവിതം പകര്‍ത്തിയിരിക്കുന്ന ഗാനമാണിത്. വിജയ് ആരാധകനായ ഈ കഥാപാത്രം ഒരു വിജയ് ചിത്രം തിയറ്ററില്‍ കണ്ട് നായകന്റെ ഇന്‍ട്രൊ സമയത്ത് കൂട്ടുകാര്‍ക്കൊപ്പം ആര്‍പ്പ് വിളിക്കുന്നുണ്ട്. നവാഗതനായ ആല്‍വിന്‍ ഹെന്റിയാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ബെന്യാമിനും ജി ആര്‍ ഇന്ദുഗോപനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പൂവാര്‍ ആണ് സിനിമയുടെ പശ്ചാത്തലം. ഈ പ്രദേശം ഒരു സിനിമയുടെ പശ്ചാത്തലമാകുന്നത് ഇതാദ്യമായാണ്. കടലും കായലും ചേരുന്ന പൊഴി പൂവാറിന്റെ മറ്റൊരു പ്രത്യേകതയാണ്. ഈ പ്രദേശത്തിന്റെ സംസ്‌കാരവും ആചാരങ്ങളും ഭാഷയുമൊക്കെ ചിത്രത്തില്‍ കടന്നുവരുന്നുണ്ട്.