“മോനെ നടേശാ, ചീപ്പ് ഷൈനിങ് ആണെന്ന് വിചാരിക്കരുത്. വാച്ച് കാർട്ടിയർ ആണ്, ഒന്നൊന്നര ലക്ഷം രൂപ വില വരും.ഇതിവടിരിക്കട്ട് ” ലാലേട്ടന്റെ രാവണപ്രഭുവിലെ ഈ ഡയലോഗ് മലയാളികൾ ആരും തന്നെ മറക്കില്ല. ഈ ഒരൊറ്റ ഡയലോഗിലൂടെയാണ് കാർട്ടിയർ എന്ന ബ്രാൻഡ് നെയിം സാധാരണക്കാരായ മലയാളികളിലേക്ക് എത്തിയത്. ആ ഒരൊറ്റ ഡയലോഗിലൂടെ കാർട്ടിയർ ഗൂഗിളിൽ അന്വേഷിക്കാത്തവരില്ല. ലാലേട്ടൻ കെട്ടിയ വാച്ച്….. കാർട്ടിയർ എന്ന പേര് മലയാളികൾ നെഞ്ചിലേറ്റിയത് അങ്ങനെയാണ്….!
കാർട്ടിയർ ഇൻ്റർനാഷണൽ എസ്എൻസി….ആഭരണങ്ങൾ, തുകൽ സാധനങ്ങൾ, വാച്ചുകൾ എന്നിവ രൂപകൽപ്പന ചെയ്യുന്ന ഒരു ഫ്രഞ്ച് ആഡംബര കമ്പനിയാണ്.1847-ൽ പാരീസിൽ ലൂയിസ്-ഫ്രാങ്കോയിസ് കാർട്ടിയർ ആണ് ഈ കമ്പനി സ്ഥാപിച്ചത്. 1874-ൽ ലൂയിസ്-ഫ്രാങ്കോയിസിൻ്റെ മകൻ ആൽഫ്രഡ് കാർട്ടിയർ കമ്പനി ഏറ്റെടുത്തു. ആൽഫ്രഡിൻ്റെ മക്കളായ ലൂയിസ്, പിയറി, ജാക്വസ് എന്നീ പേരുകളിൽ ആണ് ബ്രാൻഡ് നെയിംസ് ഇന്നും അറിയപ്പെടുന്നത്. കമ്പനിയുടെ ആസ്ഥാനം അങ്ങ് പാരീസിലാണ്, കൂടാതെ സ്വിസ് റിച്ചെമോണ്ട് ഗ്രൂപ്പിൻ്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനവും കൂടിയാണിത്.
ആൽബെർട്ടോ സാൻ്റോസ്-ഡുമോണ്ട് എന്ന സുഹൃത്തിനു വേണ്ടി, ലൂയിസ് കാർട്ടിയർ ഒരു ഫ്ലാറ്റ് റിസ്റ്റ് വാച്ച് രൂപകൽപന ചെയ്തു, ആ വാച്ച് നിരവധി പേർ ഇഷ്ടപ്പെട്ടിരുന്നു. ആ വാച്ചിന് ലൂയിസ് കാർട്ടിയർ തന്റെ സുഹൃത്തിന്റെ പേര് തന്നെയാണ് നൽകിയത്. “സാൻ്റോസ്” വാച്ച് കാർട്ടിയറിൻ്റെ ആദ്യത്തെ പുരുഷന്മാരുടെ റിസ്റ്റ് വാച്ച് ആയിരുന്നു. പിന്നീടങ്ങോട്ട് കാർട്ടിയറിന്റെ വളർച്ചയായിരുന്നു.
കമ്പനി ലാഭത്തിലേക്ക് എത്തിയപ്പോൾ പിയറി കാർട്ടിയർ ന്യൂയോർക്ക് സിറ്റിയിൽ ഒരു ബ്രാഞ്ച് സ്ഥാപിച്ചു. ലൂയി കാർട്ടിയർ രൂപകല്പന ചെയ്ത, ടാങ്ക് വാച്ച് 1919-ൽ ആണ് വിപണിയിൽ അവതരിപ്പിച്ചത്. 1964-ൽ പിയറിയുടെ മരണശേഷം, ലണ്ടൻ, ന്യൂയോർക്ക്, പാരീസ് എന്നിവിടങ്ങളിൽ തുടങ്ങിയ ബ്രാഞ്ചുകൾ അവരുടെ വരും തലമുറ ഏറ്റെടുത്തു. കാർട്ടിയർ അഫിലിയേറ്റുകളുടെ തലവനായ ജീൻ-ജാക്വസ് കാർട്ടിയർ (ജാക്വസിൻ്റെ മകൻ), ക്ലോഡ് കാർട്ടിയർ (ലൂയിസിൻ്റെ മകൻ), മരിയോൺ കാർട്ടിയർ ക്ലോഡൽ (പിയറിൻ്റെ മകൾ) എന്നിവർ ആണ് ലോക നിലവാരത്തിലേക്ക് കമ്പനിയെ ഉയർത്തിയത്.
തലമുറകൾ കൈമാറി വന്നപ്പോൾ ജ്വല്ലറി ഡിസൈനിങ്ങിലും പുതുമകൾ കൊണ്ടുവരാൻ കാർട്ടിയറിനു കഴിഞ്ഞു. “നൗവെല്ലെ ജ്യൂവല്ലറി” എന്നപേരിൽ പുതിയ ഡിസൈനിങ് ശൃംഖല തന്നെ അവർ പുറത്തിറക്കിറക്കി. കാർട്ടിയറിന്റെ ജ്വല്ലറികൾ എല്ലാം തന്നെ വിപണിയിൽ വൻ തരംഗം സൃഷ്ടിച്ചു. ഇന്റർനാഷണൽ ബ്രാൻഡുകളിൽ ഏറ്റവും തിളക്കമേറിയ ഡിസൈനുകൾ ആയി കാർട്ടിയർ പ്രോഡക്ടുകൾ മാറി .എഡ്വേർഡ് ഏഴാമൻ രാജാവ് കാർട്ടിയറിനെ “രാജാക്കന്മാരുടെ ജ്വല്ലറിയും, ജ്വല്ലറികളുടെ രാജാവും” എന്നാണ് വിശേഷിപ്പിച്ചത്. 1902-ലെ കിരീടധാരണത്തിനായി എഡ്വേർഡ് ഏഴാമൻ 27 ടിയാരകൾ ഓർഡർ ചെയ്തു. ഇന്ത്യയിൽ നിന്ന് 1925-ൽ, പട്യാല മഹാരാജാവ് 1,000 മില്യൺ മൂല്യമുള്ള പട്യാല നെക്ലേസിനും മറ്റ് ആഭരണങ്ങൾക്കും വേണ്ടി ഏറ്റവും വലിയ ഓർഡർ നൽകി.പട്യാലയിലെ മഹാരാജ ഭൂപീന്ദർ സിങ്ങിനായി, കാർട്ടിയർ കമ്പനി ചുവന്ന നിറങ്ങളുള്ള ഒരു ഡയമണ്ട് നെക്ലേസ് ഡിസൈൻ ചെയ്തു നൽകി. അത് അദ്ദേഹത്തിനും കുടുംബാംഗങ്ങൾക്കും ഏറെ ഇഷ്ടപ്പെടുകയും ചെയ്തു. കാർട്ടിയർ ഡിസൈനുകൾ അങ്ങനെ ഇന്ത്യയിലും എത്തി. ഇന്നും സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ബ്രാൻഡ് ആണ് കാർട്ടിയർ.
ലൂയിസ്-ഫ്രാങ്കോയിസ് കാർട്ടിയർ, ആൽഫ്രഡ് എന്നിവരുടെ ഒരു വലിയ ആരാധകനായിരുന്നു യൂജീനി ചക്രവർത്തി, ഇത് കാർട്ടിയറിന്റെ പ്രശസ്തി വീണ്ടും ഊട്ടിയുറപ്പിച്ചു. പിയറി കാർട്ടിയർ “ഹോപ്പ്” എന്ന നീല വജ്രം അമേരിക്കൻ ഉപഭോക്താവായ ഇവാലിൻ വാൽഷ് മക്ലീന് വേണ്ടിതയ്യാറാക്കി നൽകിയിരുന്നു. അന്നും ഇന്നും കാർട്ടിയർ ധരിക്കുന്നത് ഒരു സ്റ്റാറ്റസ് സിംബലാണ്. ലോകമെമ്പാടുമുള്ള രാജകുടുംബങ്ങളുടെ ഇഷ്ടം നേടിയെടുക്കാൻ കാർട്ടിയർ എന്ന ബ്രാൻഡിന് കഴിഞ്ഞു.ഇന്നും കാർട്ടിയറിന്റെ വാച്ചുകളും, ജുവൽസും, മറ്റ് ഉൽപ്പന്നങ്ങളും എല്ലാം തന്നെ ഇന്റർനാഷണൽ ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയവയാണ്. ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തരായ മോഡലുകളാണ് കാർട്ടിയർ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ മിഴിവേകുന്നത്.
കാർട്ടിയർ എന്ന നാമം ഇന്ന് ഏറെ സുപരിചിതമായി കഴിഞ്ഞു. ചൈനീസ് ആക്ട്രസ് Gong Li, Elle Fanning, Deepika Padukone, ഇന്ത്യൻ ഫ്രഞ്ച് ആക്ട്രസ് Golshifteh ഫാരഹാനി, Jake Gyllenhaal, Kim Taehyung (V of BTS) എന്നിവരാണ് കാർട്ടിയർ പ്രോഡക്ടുകളുടെ ബ്രാൻഡ് അംബാസിഡർസ്. കാർട്ടിയർ വാച്ചും, ആഭരണങ്ങളും, മറ്റ് ഉൽപ്പന്നങ്ങളും എല്ലാം ലോകത്തിലെ തന്നെ ഏറ്റവും മികച്ചതായി മാറിക്കഴിഞ്ഞു.കാർട്ടിയർ 125 രാജ്യങ്ങളിലായി 200-ലധികം സ്റ്റോറുകൾ ഇപ്പോൾ നടത്തുന്നുണ്ട്.
തയ്യാറാക്കിയത്
നീതു ഷൈല