സാമൂഹ്യ പരിഷ്കർത്താവായ ശ്രീനാരായണ ഗുരുവിനെ കുറിച്ച് അറിയാക്കഥകളുടെ കഴിഞ്ഞ ഭാഗത്തിലൂടെ കുറച്ച് അധികം കാര്യങ്ങൾ വിശദീകരിച്ചിരുന്നു. ഇന്ന് നമുക്ക് ശ്രീനാരായണഗുരുവിന്റെ വിദ്യാഭ്യാസം, ജീവിത പശ്ചാത്തലം എന്നിവയെക്കുറിച്ച് നോക്കാം…..!!!
ശ്രീനാരായണഗുരു സമൂഹത്തിന് നൽകിയ സംഭാവനകൾ ചെറുതല്ല. അവ ഇന്നും പാലിക്കപ്പെട്ടു പോരുന്നു. മണയ്ക്കൽ ക്ഷേത്രത്തിനു കിഴക്കു താമസിച്ചിരുന്ന കണ്ണങ്കര ഭവനത്തിലെ ചെമ്പഴന്തിപിള്ള എന്ന ആശാനായിരുന്നു നാണുവിനെ എഴുത്തിനിരുത്തിയത്. ഗുരുമുഖത്തു നിന്നല്ലാതെ തന്റെ അച്ഛന്റേയും അമ്മാവൻ കൃഷ്ണൻവൈദ്യന്റേയും ശിക്ഷണത്തിൽ വീട്ടിലിരുന്നും അദ്ദേഹം അറിവു നേടുന്നുണ്ടായിരുന്നു.
എട്ടു വീട്ടിൽ മൂത്ത പിള്ളയിൽ നിന്ന് നാണു സിദ്ധരൂപം, ബാലപ്രബോധനം, അമരകോശം എന്നീ പുസ്തകങ്ങളിൽ അറിവ് നേടിയത്. കൂടാതെ തമിഴ്, സംസ്കൃതം, മലയാളം എന്നീ ഭാഷകളിലും പാണ്ഡിത്യം നേടി. പിതാവായ മാടനാശാനിൽ നിന്നും അമ്മാവനായ കൃഷ്ണൻ വൈദ്യനിൽ നിന്നും വൈദ്യവും ജ്യോതിഷവും അദ്ദേഹം സ്വായത്തമാക്കിയിരുന്നു. ബാലപ്രബോധനം, സിദ്ധരൂപം, അമരകോശം തുടങ്ങി പാരമ്പര്യരൂപത്തിലുള്ള പഠനം നാണു സ്വായത്തമാക്കി.
മാടനാശാനും അമ്മാവൻ കൃഷ്ണൻ വൈദ്യനും കൂടി ഉപരിപഠനത്തിനായി നാണുവിനെ കായംകുളത്തുള്ള രാമൻപിള്ള ആശാന്റെ അടുക്കൽ കൊണ്ടുചെന്നാക്കി. ഈഴവവിദ്യാർത്ഥികളെ പഠിപ്പിച്ചിരുന്നതിനാൽ അദ്ദേഹത്തിനടുത്ത് സവർണ്ണവിദ്യാർത്ഥികൾ ധാരാളമായി ഉണ്ടായിരുന്നില്ല. അലങ്കാരം, തർക്കം, വേദാന്തം, വ്യാകരണം തുടങ്ങിയ ശാസ്ത്രവിഷയങ്ങളിലേക്ക് അധ്യയനം നീണ്ടപ്പോഴും മറ്റുള്ളവരെ പ്രസ്തുത ശാസ്ത്രഭാഗങ്ങൾ ആശാൻ പഠിപ്പിച്ചിരുന്നത് ശ്രദ്ധിക്കാൻ കഴിഞ്ഞിട്ടുള്ള നാണുവിനു ആ ഭാഗങ്ങളൊക്കെ എളുപ്പത്തിൽ പഠിച്ചു തീർക്കാൻ കഴിഞ്ഞു.
22 വയസ്സായപ്പോൾ നാണുവിനെ തുടർന്നു പഠിക്കുവനായി കായംകുളത്തുള്ള പണ്ഡിതനായ കുമ്മമ്പള്ളിൽ രാമൻപിള്ള ആശാന്റെ അടുത്തേക്ക് അയച്ചു. വെളുത്തേരിൽ കേശവൻ വൈദ്യൻ, പെരുനെല്ലി കൃഷ്ണൻ വൈദ്യൻ, ചട്ടമ്പിയാശാൻ പഴവിളയിൽ മനുവേൽ നസറത്ത്, മങ്ങാട്ട് വരമ്പെൽ ഔസെഫ്, തയ്യിൽ കൊച്ചുനാണുപിള്ള എന്നിവർ അന്നത്തെ സഹപാഠികളായിരുന്നു. കായംകുളത്തുള്ള പ്രസിദ്ധമായ വാരണപ്പള്ളിൽ എന്ന വീട്ടിലായിരുന്നു നാണു താമസിച്ചിരുന്നത്.
സംസ്കൃതഭാഷ, പദ്യസാഹിത്യം, നാടകം,സാഹിത്യവിമർശനം, തർക്കശാസ്ത്രം എന്നീ വിഷയങ്ങളായിരുന്നു അവിടെ അഭ്യസിച്ചിരുന്നത്. രണ്ടു വർഷങ്ങൾ കൊണ്ടു തന്നെ അദ്ദേഹം വിദ്യകൾ എല്ലാം സ്വായത്തമാക്കി തന്റെ ഗ്രാമത്തിലേക്ക് തിരിച്ചു പോയി. ഗ്രാമത്തിൽ തിരിച്ചെത്തിയ അദ്ദേഹം ചെമ്പഴന്തിയിൽ കുടിപ്പള്ളിക്കൂടം കെട്ടി വിദ്യാർത്ഥികളെ പഠിപ്പിക്കാൻ ആരംഭിച്ചു.
അദ്ധ്യാപകവൃത്തി അദ്ദേഹത്തിനു നാണുവാശാൻ എന്ന പേരു നേടിക്കൊടുത്തു. പഠിപ്പിക്കുന്നതിനിടയിലും അദ്ദേഹം തന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ തുടർന്നു, സമീപപ്രദേശങ്ങളിൽ അദ്ദേഹം കാൽനടയായി യാത്രചെയ്തു് പ്രസംഗിച്ചും തൻറെ കവിതകൾ ചൊല്ലിയും ജനങ്ങളിൽ തത്വചിന്തയും, സമഭാവനയും വളർത്താനും ശ്രമിച്ചു.
ഏകദേശം ഏട്ടാം നൂറ്റാണ്ടു മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ കേരള സമൂഹത്തെ സവർണർ, അവർണർ എന്നീ രണ്ടു വിഭാഗങ്ങളായി വിഭജിച്ചുനിർത്തിയിരുന്നു .മനുഷ്യരെ എല്ലാവരേയും ഒരുപോലെ അംഗീകരിക്കാത്ത ക്രൂര വ്യവസ്ഥിതിയാണ് ജാതി വ്യവസ്ഥ. ഉച്ചനീചത്വങ്ങളും അതിനോടുബന്ധപ്പെട്ട തീണ്ടൽ, തൊടീൽ മുതലായ അനാചാരങ്ങളും നിലനിന്നു. ജാതിയുടെ അടിസ്ഥാനത്തിൽ ബ്രാഹ്മണർ ക്ഷത്രിയരടക്കമുള്ള നായർ, അമ്പലവാസി, ശൂദ്രനായർ, വെള്ളാളർ തുടങ്ങിയവർ സവർണ്ണരെന്നും ഈഴവരും അതിനു താഴെ നായാടി വരെയുള്ളവർ അവർണ്ണരെന്നും തരം തിരിക്കപ്പെട്ടു.
കമ്മാളർ അഥവാ വിശ്വകർമജർ, ഗണകർ തുടങ്ങി രണ്ടിലും ചേരാത്തതായും ചിലരുണ്ടായിരുന്നു. ക്ഷേത്രാരാധന, വിദ്യാഭ്യാസം, ഉദ്യോഗം തുടങ്ങിയേ മേഖലകൾ അസ്പർശ്യരായി മാറ്റി നിർത്തപ്പെട്ട അയിത്ത ജാതിക്കാർക്ക് നിഷിദ്ധമായിരുന്നു. മാസശമ്പളം വാങ്ങുന്ന ഒരൊറ്റ ഈഴവൻ പോലും അക്കാലത്ത് സർക്കാർ ജോലിയിൽ ഉണ്ടായിരുന്നില്ല. ഡോ പല്പുവിനെപ്പോലെ ഉന്നത വിദ്യാഭ്യാസം സിദ്ധിച്ച അവർണ്ണ ജാതിക്കാർ പലരും ശാഠ്യത്തിന്റെ ഇരകളായിത്തീർന്നു.
ഈഴവനായതുകൊണ്ട് മാത്രമായിരുന്നു പൽപ്പുവിന് ട്രാവൻകൂർ മെഡിക്കൽ കോളേജിൽ അഡ്മിഷൻ നിഷേധിച്ചത്. പിന്നീടദ്ദേഹം മദ്രാസിൽ നിന്ന് മെഡിസിനിൽ ബിരുദമെടുക്കുകയും ലണ്ടനിലെ കേംബ്രിഡ്‌ജ് യൂണിവേഴ്സിറ്റിയിൽ ഉപരിപഠനം നടത്തുകയും ചെയ്തു. നാട്ടിൽ തിരിച്ചെത്തിയ ഡോ. പൽപ്പുവിനെ തിരുവിതാംകൂർ മഹാരാജ്യത്ത് പ്രാക്ടീസ് ചെയ്യാൻ നാട്ടിലെ ജാതി സമ്പ്രദായം അനുവദിച്ചില്ല. ബ്രിട്ടീഷ് ഭരണം നിലനിന്ന മൈസൂരിലാണ് അദ്ദേഹം പ്രാക്ടീസ് ചെയ്തത്.
ജന്മികളായ ബ്രാഹ്മണർ അവർണ്ണ ജാതിക്കാരായ കർഷകർക്ക് ഭൂമി പാട്ടത്തിനു നൽകി വിളവ് കൊള്ളയടിക്കുകയും അടിമകളാക്കി വെയ്ക്കുകയും ചെയ്തുപോന്നു അത്തരമൊരു വ്യവസ്ഥിതി അക്കാലത്ത് ക്രമീകരിക്കപ്പെട്ടിരുന്നു. ഇതിനെല്ലാം അപ്പുറമായിരുന്നു അവർണ്ണരുടെ മേൽ നടത്തിയിരുന്ന സാമ്പത്തിക ചൂഷണങ്ങൾ. അടിക്കടിയുള്ള യുദ്ധങ്ങൾ കൊണ്ട് ഖജനാവ് ശോഷിച്ചപ്പോൾ പതിനാറിനും നാല്പതിനും ഇടക്കു പ്രായമുള്ള അവർണ്ണരിൽ നിന്നും തലയെണ്ണി നികുതി ചുമത്തി. ഇതിനു തലവരി എന്നാണ് പറഞ്ഞിരുന്നത്.
കൂടാതെ വീടുമേയുക, മീൻപിടിക്കുക, എണ്ണയാട്ടുക, കള്ളുചെത്തുക തുടങ്ങിയ എല്ലാ തൊഴിലുകൾക്കും നികുതി ഏർപ്പെടുത്തിയിരുന്നു. കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷാവിധിയിലും സവർണ അവർണ വ്യത്യാസമുണ്ടായിരുന്നു. അവർണ്ണർക്ക് ഏർപ്പെടുത്തിയിരുന്ന ശിക്ഷകൾ അതിക്രൂരമായിരുന്നു. ചെറിയ കുറ്റങ്ങൾക്കുപോലും അവയവങ്ങൾ മുറിച്ചു കളയുന്ന ശിക്ഷയും അക്കാലത്തുണ്ടായിരുന്നു. പൃഷ്ഠത്തിൽ കമ്പിയടിച്ചുകയറ്റി നാട്ടിനിറുത്തി കൊലചെയ്യുന്ന ചിത്രവധമായിരുന്നു അക്കാലത്ത് നടപ്പിലിരുന്ന ഏറ്റവും ക്രൂരമായ ശിക്ഷാവിധി. രണ്ടും മൂന്നും ദിവസം അവർ അങ്ങനെ കിടന്നു അന്ത്യശ്വാസം വലിക്കും.
ആ കാലങ്ങൾക്കൊക്കെ ഒരു മാറ്റം കൊണ്ടുവന്നത് പിന്നീട് ആയിരുന്നു. സാമൂഹ്യ പരിവർത്തനങ്ങൾക്ക് വളരെയേറെ പ്രാധാന്യം നൽകിയ ശ്രീനാരായണഗുരു വളരെ വേഗം ജന മനസ്സുകളിൽ ഇടംപിടിച്ചു. അദ്ദേഹത്തിന്റെ ആശയങ്ങൾ ജനതയുടെ വിശ്വാസമായി തീരുകയായിരുന്നു. ശ്രീനാരായണഗുരുവിനെ കുറിച്ച് ഇനിയും ഏറെ അറിയാനുണ്ട്. അവയെല്ലാം അറിയാക്കഥകളുടെ ഇനി വരുന്ന ഭാഗങ്ങളിലൂടെ മനസ്സിലാക്കാം.