അച്ഛനെ കൊന്ന് അമ്മയെ
ഭാര്യയാക്കിയ രാജകുമാരന്‍
മിത്തുകള്‍, മുത്തുകള്‍ – 23
യവനകഥ
പുനരാഖ്യാനം:
ഫ്രാങ്കോ ലൂയിസ്
തീബസിലെ രാജാവായ ലായിയൂസിന് ഒരേയൊരു ദുഃഖമേയുള്ളൂ, മക്കളില്ല. രാജ്ഞി ജക്കാസ്റ്റയും അനപത്യതാ ദുഃഖത്തിലായിരുന്നു. പുത്രലബ്ധിക്കായി ഇരുവരും ഇഷ്ടദേവകളോട് പ്രാര്‍ഥിച്ചു. ഫലമില്ല. അക്ഷമനായ രാജാവ് ഒടുവില്‍ തനിക്കു സന്താനഭാഗ്യം ഉണ്ടാകുമോയെന്ന് അറിയാന്‍ ഡല്‍ഫിയിലെ പ്രവചന കേന്ദ്രത്തിലേക്കുപോയി.
അവിടെ അല്പസമയം ധ്യാനിച്ചപ്പോഴേക്കും അരുളപ്പാടുണ്ടായി: ‘നിനക്കു പുത്രനുണ്ടാകാതിരിക്കുകയാണു നല്ലത്. നിനക്കു ണ്ടാകുന്ന പുത്രന്‍ നിന്നെ കൊല്ലും; നിന്റെ ഭാര്യയെ ഭാര്യയാക്കുകയും ചെയ്യും.’
അത്യന്തം ബീഭല്‍സമായ പ്രവചനം കേട്ട് രാജാവ് നടുങ്ങിപ്പോയി. എന്തു ക്രൂരമായ വിധി. ഒരു കുഞ്ഞിക്കാലു കാണാന്‍ മോഹിച്ചിരുന്ന ലായിയൂസ് ആ നിമിഷംമുതല്‍ തനിക്കു പുത്രനുണ്ടാകരുതേയെന്ന് കൂടുതല്‍ തീക്ഷ്ണമായി പ്രാര്‍ഥിക്കാന്‍ തുടങ്ങി.
തകര്‍ന്ന മനസുമായി അദ്ദേഹം കൊട്ടാരത്തിലേക്കു മടങ്ങി. ഭ്രാന്തനെപ്പോലെ കൊട്ടാരത്തില്‍ വന്നുകയറിയ ഭര്‍ത്താവിനോട് ജക്കാസ്റ്റ രാജ്ഞി എന്താണു പ്രശ്‌നമെന്നു തിരക്കി. അദ്ദേഹം മറുപടിയൊന്നും പറഞ്ഞില്ല. പ്രവചനം കേട്ടാല്‍ അവള്‍കൂടി ഭ്രാന്തിയാകുമെന്ന് അദ്ദേഹം ഭയന്നു. അന്നുമുതല്‍ രാജാവ് ഭാര്യയുമൊത്തു കിടക്ക പങ്കിടാതായി. പുത്രനുണ്ടായാല്‍ കുഴപ്പമാകുമെന്ന ഭയംതന്നെ കാരണം.
ഭര്‍ത്താവിന്റെ ഈ മാറ്റം രാജ്ഞിയെ ശരിക്കും അദ്ഭുതപ്പെടുത്തി. അദ്ദേഹത്തെ അനുനയിപ്പിക്കാനും വശീകരിക്കാനും മാനസികോല്ലാസം പകരാനും അവള്‍ ഏറെ പാടുപെട്ടെങ്കിലും രാജാവു വഴങ്ങിയില്ല. പുത്രലബ്ധിക്കുവേണ്ടി രാജ്ഞി കൂടുതല്‍ പ്രാര്‍ഥനകളും പൂജകളും നടത്തിയപ്പോള്‍ രാജാവ് രഹസ്യമായി അതില്‍ കൂടുതല്‍ പ്രാര്‍ഥനകളും പൂജകളും നടത്തി. പുത്രനുണ്ടാകാതിരിക്കാന്‍.
അങ്ങനെയിരിക്കേ ഒരാഘോഷ ദിവസം രാത്രിയില്‍ രാജ്ഞി ഒരു തീരുമാനമെടുത്തു. രാജാവിനെ ശരിക്കും കൈയിലെടുക്കാന്‍തന്നെ. അത്താഴ വിരുന്നിനിടെ രാജാവ് കുടിക്കുന്ന വിശിഷ്ടമായ വീഞ്ഞില്‍ അവള്‍ അല്പം കറുപ്പുകലര്‍ത്തി. വീഞ്ഞുകുടിച്ച രാജാവ് കറുപ്പിന്റെ ലഹരിയില്‍ ബോധം കെട്ടവനെപ്പോലെയായി. രാജ്ഞി പരി ചാരകരെക്കൊണ്ട് രാജാവിനെ താങ്ങിയെടുപ്പിച്ച് അന്തഃപുരത്തിലെത്തിച്ചു. പരിചാരകരെല്ലാം പുറത്തുപോയപ്പോള്‍ അന്തഃപുര വാതിലടച്ച് അവള്‍ രാജാവുമൊത്തു ശയിച്ചു. പുലര്‍ന്നിട്ടും രാജാവിനു ബോധം തെളിഞ്ഞില്ല. രാജ്ഞി അദ്ദേഹത്തെ താങ്ങിപ്പിടിച്ച് രാജാവ് ഒറ്റയ്ക്ക് ഉറങ്ങാറുള്ള മണിയറയിലെ പള്ളിമഞ്ചത്തില്‍ കിടത്തി ഒന്നു മറിയാത്തവളേപ്പോലെ മടങ്ങി.
സൂര്യനുദിച്ച ശേഷമാണ് രാജാവ് കറുപ്പിന്റെ ലഹരിയില്‍നിന്നു മുക്തനായത്. തലേന്നുരാത്രി തനിക്കു രതിമൂര്‍ച്ഛയുണ്ടായെന്നു രാജാവിനു തോന്നിയെങ്കിലും ആരുമായും വേഴ്ച നടത്തിയിട്ടില്ലെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു അദ്ദേഹം. രജ്ഞിയാകട്ടെ, അന്തഃപുരത്തില്‍ ഉഗ്രതപസും. തലേന്നു രാത്രി രാജാവുമൊന്നിച്ചു ശയിച്ച തനിക്ക് കുഞ്ഞുണ്ടാകണമെന്ന പ്രാര്‍ത്ഥനയുമായിട്ടായിരുന്നു തപസ്.
ഏതാനുംനാള്‍ കഴിഞ്ഞപ്പോള്‍ രാജ്ഞി കൊട്ടാരത്തില്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു. കാര്യമെന്തെന്നു തിരക്കിയ എല്ലാവര്‍ക്കും ആഹ്ലാദകരമായ മറുപടിയാണു ലഭിച്ചത്. ‘രാജ്ഞി ഗര്‍ഭിണിയാണ്.’
വിവരമറിഞ്ഞ രാജാവ് അമ്പരന്നു. കൂടുതല്‍ ഭയാക്രാന്തനായി. വളരെക്കാലമായി രാജ്ഞിയുമായി ബന്ധപ്പെടാതെ കഴിയുന്ന തന്റേതായിരിക്കില്ല കുഞ്ഞ്. മറ്റാരെങ്കിലുമായി അവള്‍ ബന്ധപ്പെട്ടുകാണും. രാജാവ് സംശയിച്ചു. എന്നാല്‍, രാജാവുമായി ബന്ധപ്പെട്ടതിന്റെ യഥാര്‍ഥ കഥ രാജ്ഞി വിവരിച്ചപ്പോള്‍ അദ്ദേഹത്തിനു വിശ്വാസമായി.
രാജ്ഞി പ്രസവിച്ചു. ഓമനത്തമുള്ള ഒരാണ്‍കുഞ്ഞ്. രാജാവിന്റെ വേവലാതി പറഞ്ഞറിയിക്കാനാവില്ല. ചോരക്കുഞ്ഞിനെ കൊല്ലാന്‍ അദ്ദേഹം അവസരം കാത്തിരുന്നു. ഒരു ദിവസം രാജ്ഞി കുളിക്കാന്‍പോയ തക്കംനോക്കി രാജാവ് കുഞ്ഞിനെയെടുത്ത് ഒരു മരപ്പെട്ടിയിലാക്കി. പടയാളികളെ അയച്ച് പെട്ടി പുഴയിലൊഴുക്കി. പുഴയിലൂടെ ഏറെദൂരം പെട്ടി ഒഴുകി.
തീബസ് രാജ്യത്തിനടുത്ത കോറിന്ത് രാജ്യത്തെ രാജ്ഞി പുഴക്കടവില്‍ ഉല്ലാസയാത്രയ്ക്കെത്തിയതായിരുന്നു. പഴയിലൂടെ ഒരു പെട്ടി ഒഴുകിവരുന്നതു കണ്ട അവര്‍ പരിചാരകരോട് അതു കരയ്ക്കടുപ്പിക്കാന്‍ ആവശ്യപ്പെട്ടു. പെട്ടി തുറന്നപ്പോള്‍ രാജ്ഞിക്കും തോഴിമാര്‍ക്കും ആശ്ചര്യം. സുന്ദരനായ ഒരു ചോരക്കുഞ്ഞ്. സന്താനഭാഗ്യമില്ലാതെ ദുഃഖിച്ചിരിക്കുകയായിരുന്ന രാജ്ഞി കുഞ്ഞിനെ കൊട്ടാരത്തില്‍ കൊണ്ടുപോയി സ്വന്തം പുത്രനെപ്പോലെ വളര്‍ത്തി. ഈഡിപ്പസ് എന്നാണ് അവനു പേരിട്ടത്.
ഈഡിപ്പസ് വളര്‍ന്നു. ബുദ്ധിശക്തിയിലും അയോധനകലയിലും കായികശേഷിയിലും സൗന്ദര്യത്തിലും അവനെ വെല്ലാന്‍ ആരുമുണ്ടായില്ല.
ഒരുദിവസം കൊട്ടരാത്തിലെ വിരുന്നിനിടയില്‍ വീഞ്ഞുകുടിച്ചു ബോധംകെട്ട ഒരതിഥിയോട് രാജകുമാരനായ ഈഡിപ്പിസ് കിടന്നു വിശ്രമിക്കാന്‍ ഉപദേശിച്ചു. ‘നിയാരാടാ എന്നാടു പറയാന്‍ നീ വെറുമൊരു അനാഥപ്പയ്യന്‍. നീ പോ’ എന്നായിരുന്നു അതിഥിയുടെ മറുപടി. അപ്പോഴേക്കും മന്ത്രിയും പരിചാരകരും അവിടെയെത്തി അതിഥിയെ അവിടെ നിന്നു മാറ്റി.
തന്നെ അനാഥപ്പയ്യന്‍ എന്നു വിളിച്ചത് എന്തുകൊണ്ടാണെന്ന് ഈഡിപ്പസിനു മനസിലായില്ല. മന്ത്രിയോടു ചോദിച്ചപ്പോള്‍ കുടിച്ചു ലക്കുകെട്ടവന്‍ പലതും പറയും എന്നായിരുന്നു മറുപടി. കോറിന്തിലെ രാജാവായ തന്റെ അച്ഛനോടും അവന്‍ കാര്യം തിരക്കി. അച്ഛനും അമ്മയും എന്തോ മറച്ചുവയ്ക്കുന്നപോലെ തോന്നി. സത്യമറിയാന്‍ ഡല്‍ഫിയിലെ പ്രവചനകേന്ദ്രത്തിലേക്കാണു പിന്നെ അദ്ദേഹം പോയത്.
‘നീ നിന്റെ അച്ഛനെ കൊല്ലും. അമ്മയെ ഭാര്യയാക്കും’. ഇതായിരുന്നു ഈഡിപ്പസിനു ലഭിച്ച പ്രവചനം. താന്‍ അനാഥ നാണോയെന്ന സംശയത്തിന് ലഭിച്ച പ്രവചനംകേട്ട് അവന്‍ തരിച്ചുനിന്നു പോയി. കോറിന്തിലെ രാജാവും രാജ്ഞിയും തന്നെയാണു തന്റെ അച്ഛനമ്മമാരെന്നു വിശ്വസിച്ച അവന്‍ കോറിന്തിലേക്കു മടങ്ങിപ്പോകില്ലെന്നു തീരുമാനിച്ചു. നീചമായ പ്രവചനം നിറവേറാതിരിക്കാനാണ് അങ്ങനെ തീരുമാനിച്ചത്. ഡല്‍ഫിയില്‍നിന്ന് റോഡിലൂടെ അലക്ഷ്യമായി നടക്കവേ, ഒരു രഥം ആ വഴി വന്നു. തീബസിലെ രാജാവായ ഈഡിപ്പസിന്റെ യഥാര്‍ഥ അച്ഛന്‍ ലായിയൂസായിരുന്നു രഥത്തില്‍. തീബസ് രാജ്യത്തെ ആക്രമിച്ചുകൊണ്ടിരുന്ന ഒരു വന്‍വ്യാളത്തെ കീഴ്പ്പെടുത്താന്‍ എന്തു ചെയ്യണമെന്നറിയാനാണ് അദ്ദേഹത്തിന്റെ വരവ്. രഥം മുന്നിലെത്തിയിട്ടും മനോവ്യഥയുമായി നടക്കുകയായിരുന്ന ഈഡിപ്പസ് അതറിഞ്ഞല്ല. നടുറോഡിലൂടെ ഈഡിപ്പസ് നടക്കുന്നതുമൂലം മുന്നോട്ടുപോകാന്‍ കഴിയാതെ രഥം റോഡില്‍ നിര്‍ത്തി.
‘വഴിമാറി നടക്കെടോ’- തേരാളി ഈഡിപ്പസിനോട് ആജ്ഞാപിച്ചു.
‘നീയാരാടാ എന്നാടു പറയാന്‍’- ഈഡിപ്പസ് നടുറോഡില്‍തന്നെ നിന്നു.
‘അവനെ തട്ടിക്കളയെടോ’- രഥത്തിലിരുന്ന ലായിയൂസ് തേരാളിയോട് ആജ്ഞാപിച്ചു.
ഈഡിപ്പസിനെതിരേ അയാള്‍ കുന്തമുയര്‍ത്തിയപ്പോഴേക്കും അവന്‍ രഥത്തില്‍ ചാടിക്കയറി തേരാളിയെ വകവരുത്തി. ഈഡിപ്പസിനെ ചെറുക്കാന്‍ വന്ന ലായിയൂസിനെയും സ്വന്തം അച്ഛനാണെന്നു മനസിലാക്കാതെ അവന്‍ കുന്തമുനയില്‍ കോര്‍ത്തു.
രാജാവിന്റെ രഥത്തില്‍ അവന്‍ കയറിയിരുന്നു. അലക്ഷ്യമായാണു രഥമോടിച്ചത്. കുതിരകള്‍ രഥംവലിച്ച് തീബ സില്‍ത്തന്നെ മടങ്ങിയെത്തി. അതിര്‍ത്തിയില്‍ നില്‍ക്കുന്ന വന്‍വ്യാളത്തെ കണ്ട് ഈഡിപ്പസ് അങ്ങോട്ടു ചെന്നു.
‘പ്രഭാതത്തില്‍ നാലുകാലില്‍ നടക്കും. മധ്യാഹ്നത്തില്‍ രണ്ടുകാലിലും പ്രദോഷത്തില്‍ മൂന്നു കാലിലും നടക്കുന്ന ജീവിയേത്?’- വ്യാളം ഈഡിപ്പസിനോടു ചോദിച്ചു. ശരിയായ മറുപടി നല്കിയില്ലെങ്കില്‍ ഈഡിപ്പസിനെ കൊന്നുതിന്നുമെന്നും ശരിയായ മറുപടി തന്നാല്‍ താന്‍ ഗര്‍ത്തത്തിലേക്കു ചാടി ജീവനൊടുക്കാമെന്നും വ്യാളം വാക്കു നല്കി.
”മനുഷ്യന്‍ എന്നാണ് ഉത്തരം. ശൈശവാവസ്ഥയില്‍ നാലുകാലിലും യുവത്വത്തില്‍ രണ്ടുകാലിലും വാര്‍ധക്യത്തില്‍ ഊന്നുവടിയുമായി മൂന്നുകാലിലും നടക്കുന്ന ജീവി മനുഷ്യന്‍ തന്നെ’.
ഈഡിപ്പസിന്റെ ശരിയായ ഉത്തരം കേട്ടതോടെ വ്യാളം ഗര്‍ത്തത്തിലേക്കു ചാടി ജീവനൊടുക്കി. വ്യാളത്തിന്റെ ആക്രമണത്തില്‍നിന്നു തങ്ങളെ രക്ഷപെടുത്തിയതിന് ജനം ഈഡിപ്പസിനു നന്ദിപറഞ്ഞു.
ഡല്‍ഫിയില്‍ പോയ രാജാവ് കൊല്ലപ്പെട്ടന്ന വിവരം അപ്പോഴേക്കും രാജ്യമാകെ അറിഞ്ഞു. എന്നാല്‍ ഈഡിപ്പസാണു കൊന്നതെന്ന് ആരുമറിഞ്ഞില്ല. പുതിയ രാജാവിനെ വാഴിക്കാന്‍ അവസരമായി. എല്ലാവരും തങ്ങളെ വ്യാളത്തിന്റെ പിടിയില്‍നിന്നു രക്ഷിച്ച ഈഡിപ്പസിനെ രാജാവാക്കണമെന്നു വാദിച്ചു. അങ്ങനെ അദ്ദേഹം രാജാവായി. തീബസിലെ നിയ മമനുസരിച്ച് പഴയരാജാവിന്റെ ഭാര്യമാരെയെല്ലാം പുതിയ രാജാവും ഭാര്യമാരായി സ്വീകരിക്കണം. അങ്ങനെ ജാക്കാസ്റ്റ രാജ്ഞിയെ ഈഡിപ്പസ് ഭാര്യയാക്കി. ഈഡിപ്പസ് തന്റെ പുത്രനാണെന്ന് ജക്കാസ്റ്റയും ജാക്കാസ്റ്റ തന്റെ അമ്മയാണെന്ന് ഈഡിപ്പസും അറിഞ്ഞില്ല. രണ്ടാമത്തെ പ്രവചനവും അങ്ങനെ നിറവേറി.
കുറേവര്‍ഷം കഴിഞ്ഞപ്പോള്‍ രാജ്യത്ത് പകര്‍ച്ചവ്യാധികളും ദുരിതങ്ങളുമായി. ദുരിതങ്ങള്‍ക്കു കാരണമെന്തെന്നറിയാന്‍ ഈഡിപ്പസ് ദിവ്യശക്തിയുള്ള പ്രവാചകനായ ടൈറേസിയസിനെ സമീപിച്ചു.
‘സ്വന്തം അച്ഛനെ കൊന്ന് അമ്മയെ ഭാര്യയാക്കിയവനാണ് നീ. നിന്റെ പാപത്തിന്റെ ഫലമാണിതെല്ലാം.’ ടൈറേസിയസ് പറഞ്ഞു. സംഭവങ്ങള്‍ അദ്ദേഹം ക്രമമായി വിവരിച്ചു. ഇതുകേട്ട് മനംതകര്‍ന്ന ജക്കാസ്റ്റ രാജ്ഞി ഹൃദയംപൊട്ടി മരിച്ചു. അപമാനിതനും വൃണിതഹൃദയനുമായ ഈഡിപ്പസാകട്ടെ, രാജ്യം ഉപേക്ഷിച്ച് വനത്തില്‍ അലഞ്ഞുനടന്നു.