പൊലീസിന് ഒറ്റ യൂണിഫോം’ നടപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാവിയിലെങ്കിലും ഇതു സാധ്യമാകുമെന്ന് പ്രധാനമന്ത്രി ആഭ്യന്തര മന്ത്രിമാരുടെ ചിന്തന്‍ ശിവിറില്‍ പറഞ്ഞു. ക്രമസമാധാനം സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണ്. തോക്കു കൊണ്ടു മാത്രമല്ല, ചിലര്‍ പേനകൊണ്ടും മാവോയിസം നടപ്പാക്കുന്നുണ്ട്. കുറ്റകൃത്യങ്ങളെ ഫലപ്രദമായി നേരിടാന്‍ സംസ്ഥാന പൊലീസും കേന്ദ്ര ഏജന്‍സികളും സഹകരിച്ച് മുന്നേറണമെന്നും മോദി ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് സംരക്ഷിത വനങ്ങളുടെ ഒരു കിലോമീറ്ററിനകത്തെ ബഫര്‍സോണില്‍ 49,374 കെട്ടിടങ്ങളുണ്ടെന്ന് ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ട്. നേരിട്ടുള്ള പരിശോധന നടത്തിയ ശേഷം സംസ്ഥാനം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോര്‍ട്ട് കൈമാറും. സൂപ്രീം കോടതി നിര്‍ദ്ദേശപ്രകാരമാണ് നടപടി. സംസ്ഥാനത്ത് 24 സംരക്ഷിത വനമേഖലയുടെ വിസ്തൃതി 1592.52 ചതുശ്ര കിലോമീറ്ററാണ്.
ഹരിയാനയില്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ചുകൂട്ടിയ ആഭ്യന്തര മന്ത്രിമാരുടെ സമ്മേളനത്തിന്റെ രണ്ടാം ദിവസത്തെ പരിപാടികളില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിജയന് വിട്ടുനിന്നു. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള പ്രതിപക്ഷ മുഖ്യമന്ത്രിമാരെല്ലാം സമ്മേളനത്തില്‍നിന്നു വിട്ടുനില്‍ക്കുകയാണ്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും പിണറായിയും മാത്രമാണ് ഇന്നലെ പങ്കെടുത്തത്.
സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനു പങ്കുണ്ടെന്നു വ്യക്തമായതു മുതല്‍ കേസ് അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിരന്തരം ശ്രമിച്ചെന്ന് എന്‍ഫോഴ്സ്മെന്റ് സുപ്രീം കോടതിയില്‍. കേരളത്തില്‍ നീതിയുക്തമായ വിചാരണ നടക്കില്ല. കേസിന്റെ വിചാരണ ബംഗളൂരുവിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. സ്വപ്നയുടെ മൊഴി രാഷ്ട്രീയ പ്രേരിതമല്ല. സ്വന്തം ഇഷ്ടപ്രകാരമാണു സ്വപ്ന കോടതിയില്‍ മൊഴി നല്‍കിയതെന്നും ഇഡി പറഞ്ഞു. പ്രതിയായ എം ശിവശങ്കറും തടസ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇഡിയുടെ ഹര്‍ജിയെ പിന്തുണച്ച് പ്രതികളായ സരിത്തും സ്വപ്നയും കോടതിയെ സമീപിച്ചു.
പോപ്പുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന സെക്രട്ടറി സി.എ. റൗഫിനെ എന്‍ഐഎ അറസ്റ്റു ചെയ്തു. പാലക്കാട് പട്ടാമ്പി കരിമ്പുള്ളിയിലെ വീടു വളഞ്ഞാണ് ഇന്നലെ രാത്രി റൗഫിനെ പിടികൂടിയത്. നിരോധനത്തിന് പിന്നാലെ പല നേതാക്കളേയും ഒളിവില്‍ പോകാന്‍ സഹായിച്ചത് റൗഫാണെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു.
അമേരിക്കയിലെ ബോസ്റ്റണിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു. ഹൈദരാബാദ് സ്വദേശി പ്രേംകുമാര്‍ റെഡ്ഡി ഗോഡ (27), രാജമുണ്ട്രി സ്വദേശി സായി നരസിംഹ പടംസെട്ടി (22), വാറങ്കല്‍ സ്വദേശി പവനി ഗുല്ലപ്പള്ളി (22) എന്നിവരാണ് മരിച്ചത്. ന്യൂ ഹേവന്‍ സര്‍വകലാശാലയിലെ എംഎസ് വിദ്യാര്‍ത്ഥികളാണു മരിച്ചത്.
വിഴിഞ്ഞം തുറമുഖ സമരത്തിനു റോഡിലുണ്ടാക്കിയ തടസങ്ങള്‍ നീക്കണമെന്ന് അന്ത്യശാസനവമായി ഹൈക്കോടതി. സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുത്. കര്‍ശന നടപടിയിലേക്ക് കടക്കാന്‍ കോടതിയെ നിര്‍ബന്ധിതരാക്കരുതെന്നും കോടതി. അദാനി നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയിലായിരുന്നു കോടതിയുടെ പരാമര്‍ശം. ഹര്‍ജി തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും.
എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ പരാതിക്കാരിയെ ആക്രമിച്ചെന്ന കേസില്‍ മൂന്ന് അഭിഭാഷകര്‍ അടക്കം നാലു പേരെ കൂടി പൊലീസ് പ്രതി ചേര്‍ത്തു. അഡ്വ. അലക്സ്, അഡ്വ. സുധീര്‍ , അഡ്വ. ജോസ്, ഓണ്‍ലൈന്‍ മാധ്യമ പ്രവര്ത്തകന് രാഗം രാധാകൃഷ്ണന് എന്നിവരെയാണ് കേസില്‍ പ്രതി ചേര്‍ത്തത്. അഭിഭാഷകരുടെ ഓഫീസില്‍ കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചെന്ന മൊഴിയിലാണ് കേസ്. ഈ കേസില്‍ എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ 31 ന് കോടതി വിധി പറയും.
വനിതാ സുഹൃത്ത് നല്കിയ ജ്യൂസ് കുടിച്ച യുവാവ് മരിച്ചു. പാറശ്ശാല മുര്യങ്കര ജെപി ഹൗസില്‍ ജയരാജിന്റെ മകന് ഷാരോണ്‍ രാജ് (ജിയോ- 23) ആണ് മരിച്ചത്. നെയ്യൂര്‍ ക്രിസ്ത്യന്‍ കോളജിലെ അവസാന വര്‍ഷ ബിഎസ് സി റോഡിയോളജി വിദ്യാര്‍ത്ഥിയാണ്. രാമവര്‍മ്മന്‍ചിറയില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ വീട്ടില്‍നിന്നു കുടിച്ചതു വിഷജ്യൂസാണെന്നാണു വീട്ടുകാരുടെ പരാതി. എന്നാല്‍, താന്‍ കുടിച്ച കഷായമാണ് ഷാരോണിനു നല്‍കിയതെന്നു യുവതി ഷാരോണിന്റെ സഹോദരന് സജിന്‍ അയച്ച വാട്സ്ആപ്പ് സന്ദേശത്തില്‍ പറഞ്ഞു.