സംസ്ഥാനത്ത് മൂന്ന് ദിവസമായി താഴ്ചയില്‍ തുടര്‍ന്ന സ്വര്‍ണവില ഇന്ന് ഒറ്റയടിക്ക് പവന് 400 രൂപ ഉയര്‍ന്ന് സര്‍വകാല റെക്കോര്‍ഡായ 56,800 ലേക്ക് തിരിച്ച് കയറി. ഗ്രാം വില 50 രൂപ ഉയര്‍ന്ന് 7,100 രൂപയും എത്തി. കഴിഞ്ഞ സെപ്റ്റംബര്‍ 27 ന് കുറിച്ച റെക്കോര്‍ഡാണ് സ്വര്‍ണം തിരിച്ചു പിടിച്ചത്. ലൈറ്റ്വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വില ഇന്ന് 40 രൂപ കൂടി ഗ്രാമിന് 5,875 രൂപയിലെത്തി. രാജ്യാന്തര വിലയിലുണ്ടായ മാറ്റമാണ് കേരളത്തിലും പ്രതിഫലിച്ചത്. മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് തിരുത്തി കഴിഞ്ഞ ആഴ്ചയില്‍ സ്വര്‍ണവില ഓരോ ദിവസവും പുതിയ ഉയരം കുറിച്ച് മുന്നേറുന്നതാണ് ദൃശ്യമായത്. 57000 കടന്നും മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്.