കൊച്ചിയിലെ ഒരു വിഭാഗം ജനങ്ങൾ കുടിവെള്ള ക്ഷാമത്തിൽ വലയുമ്പോഴാണ് തമ്മനത്ത് കുടിവെള്ള പൈപ്പ് ലൈൻ പൊട്ടിയത്. ആലുവയിൽ നിന്ന് വെള്ളമെത്തിക്കുന്ന പൈപ്പാണ് പൊട്ടിയത്. വെള്ളം റോഡിലൂടെ ഒരു മണിക്കൂറിലേറെ കുത്തി ഒഴുകി. മർദത്തിൽ റോഡ് നെടുകേ പൊളിഞ്ഞാണ് വെള്ളം കുത്തി ഒലിക്കുന്നത്. സമീപത്തെ കടകളിലും വെള്ളം കയറി. കൃത്യമായ സമയത്ത് അറ്റകുറ്റപ്പണി നടക്കാത്തതാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണമെന്നും വര്‍ഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച പൈപ്പ് ലൈനുകളാണിതെന്നും നാട്ടുകാർ പറയുന്നു.പൈപ്പ് പൊട്ടിയതോടെ നിലവിൽ തമ്മനം, പുല്ലേപ്പടി, പാലാരിവട്ടം ഭാഗത്തേക്കുള്ള പമ്പിങ് നിർത്തിവച്ചിരിക്കുകയാണ്. എന്നാൽ ഇത് ഒഴിവാക്കി ഈ പ്രദേശത്തെ മാത്രം ജലവിതരണം നിര്‍ത്തിവെക്കാൻ ഉള്ള നടപടികൾ സാധ്യമാണോ എന്ന് ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. വെണ്ണല, പാലാരിവട്ടം, കാരണക്കോടം, തമ്മനം ഈ പ്രദേശങ്ങളിൽ രണ്ട് ദിവസത്തേക്ക് വെള്ളമുണ്ടാകില്ലെന്നാണ് പ്രാഥമിക വിവരം. ഇടപ്പള്ളി ഭാഗത്ത് ജലക്ഷാമമുണ്ടാകാൻ സാധ്യത ഇല്ലെന്ന് കരുതുന്നു.
കൊച്ചി തമ്മനത്ത് പൈപ്പ് ലൈൻ പൊട്ടി റോഡ് തകർന്നു
