ആം ആദ്മി പാര്‍ട്ടിയുടെ കേരള ഘടകത്തെ ഒന്നാകെ പിരിച്ചുവിട്ടു. ദേശീയ നേതൃത്തിൻ്റേതാണ് നടപടി. ഈ മാസം പത്തിന് കേരളത്തിൽ നിന്നുള്ള നേതാക്കളെ ദില്ലിയിലേക്ക് വിളിച്ചു വരുത്തുകയും ദേശീയ നേതാക്കളുടെ സാന്നിധ്യത്തിൽ പ്രത്യേകയോഗം ചേരുകയും ചെയ്തു. ഇതിനു തുടര്‍ച്ചയായിട്ടാണ് ഇപ്പോൾ കേരളഘടകത്തെ ഒന്നാകെ പിരിച്ചുവിട്ടിരിക്കുന്നത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് സംഘടനയിൽ സമ്പൂര്‍ണ അഴിച്ചുപണിക്ക് ദേശീയഘടകം തീരുമാനിച്ചത് എന്നാണ് വിവരം.പഞ്ചാബ്, ഹരിയാന, ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ എഎപിക്ക് മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞപ്പോഴും കേരളത്തിൽ ഇത് സാധ്യമാകാതിരുന്നതിൽ ദേശീയ നേതൃത്ത്വത്തിന് അതൃപ്തിയുണ്ടായിരുന്നു.
മറ്റ് സംസ്ഥാനങ്ങളിൽ വിവിധ പാർട്ടികളിലെ പ്രമുഖർ എഎപിയിലെത്തുമ്പോഴും കേരളത്തിൽ നിന്നും ആരും എത്തിയില്ല.ഇത് നേതൃത്ത്വത്തിന്റെ വീഴ്ചയാണെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് പുതിയ നേതൃത്വത്തെ കണ്ടെത്താൻ പാർട്ടി നേതൃത്ത്വം തീരുമാനിച്ചത്.ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പല പ്രമുഖരും വരും ദിവസങ്ങളിൽ പാർട്ടിയിലെത്തുമെന്നാണ് സൂചന. ജനുവരി 25 ന് ദേശീയ സെക്രട്ടറി സന്ദീപ് പഥക് തിരുവനന്തപുരത്തെത്തും. 26 ന് പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുമെന്നാണ് സൂചന.