എയ്റോ ഇന്ത്യ ഷോയിൽ പ്രദർശിപ്പിച്ച ട്രെയിനർ ജെറ്റ് മോഡലിൽ ദൈവങ്ങളുടെയും മതചിഹ്നങ്ങളുടെയും ചിത്രം പതിപ്പിച്ചതിനെ ചൊല്ലി വിവാദം. വിമർശനം ഉയർന്നതോടെ ചിത്രം നീക്കിയെന്ന് ട്രെയിനർ ജെറ്റ് നിർമാതാക്കളായ ഹിന്ദുസ്ഥാൻ ഏയ്റോനോട്ടിക്സ് ലിമിറ്റഡ് വ്യക്തമാക്കി. HLFT – 42 എന്ന ട്രെയിനർ ജെറ്റ് വിമാനത്തിന്റെ പിൻഭാഗത്താണ് ചിത്രം പതിപ്പിച്ചിരുന്നത്. കൊടുങ്കാറ്റ് വരുന്നൂ എന്നർത്ഥം വരുന്ന ‘THE STORM IS COMING’ എന്ന ഇംഗ്ലീഷ് വാചകവും ചിത്രത്തിന് ഒപ്പം എഴുതിയിരുന്നു. പ്രതിരോധ പ്രദർശനത്തിൽ ദൈവങ്ങളുടെയും മതചിഹ്നങ്ങളുടെയും ചിത്രം പതിപ്പിച്ചതാണ് സംഭവം വിവാദമാകാൻ കാരണം. ചിത്രം നീക്കിയ ശേഷം വിമാനം ഏയ്റോ ഇന്ത്യ പ്രദർശനത്തിനെത്തിച്ചു.ഏഷ്യയിലെ ഏറ്റവും വലിയ എയ്റോ ഷോ “എയ്റോ ഇന്ത്യ ” ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം ചെയ്തത്. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഈ പരിപാടിയിൽ ഇന്ത്യയുടെ പ്രതിരോധശേഷി പ്രകടമാക്കും. 29 രാജ്യങ്ങളിലെ വ്യോമസേനാ മേധാവികളും 73 സിഇഒമാരും കൂടി ചേരും.