തിരുവോണത്തിന് തൂശനിലയില്‍ വിഭവസമൃദ്ധമായ സദ്യ തന്നെ കഴിക്കണം. വാഴയിലയില്‍ ഭക്ഷണം കഴിക്കുന്നതിന് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. വാഴയിലയില്‍ കഴിക്കുന്ന ചോറിന് ഒരു പ്രത്യേക രുചിയാണ്. അത് യാദൃച്ഛികമല്ല, വാഴയിലയുടെ പുറമെയുള്ള പ്രകൃതിദത്തമായ വാക്‌സ് കോട്ട് ആണ് കാരണം. ചൂടു ചോറ് വാഴയിലയില്‍ വിളമ്പുമ്പോള്‍ ഈ വാക്‌സ് കോട്ട് ഉരുകും. ഇത് ചോറിന് രുചിയും മണവും കൂട്ടും. കൂടാതെ ഇവയില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോള്‍ മികച്ച ഒരു ആന്റി-ഓക്‌സിഡന്റ് ആണ്. ഇത് ഭക്ഷണത്തിന്റെ പോഷക മൂല്യം വര്‍ധിപ്പിക്കും. വാഴയിലയ്ക്ക് ആന്റി-ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. നല്ല ചൂടു ചോറു വാഴയിലയിലേക്ക് പകരുമ്പോള്‍ ആ ചൂടു വാഴയിലയിലെ ആന്റി-ബാക്ടീരിയല്‍ സംയുക്തങ്ങളെ സജീവമാക്കുകയും ഇത് ഭക്ഷണത്തിലെ ദോഷകരമായ ബോക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല, പ്ലാസ്റ്റിക് പോലുള്ളവ പരിസ്ഥിതിക്ക് വലിയ തോതില്‍ ദോഷം ഉണ്ടാക്കുമ്പോള്‍ വാഴയില തികച്ചും പരിസ്ഥിതിയ്ക്ക് അനുയോജ്യമാണെന്നും ഓര്‍ക്കണം. ചൂടിനെ പ്രതിരോധിക്കാനും വാഴയിലയാണ് ബെസ്റ്റ്. എത്ര ചൂടുള്ള ഭക്ഷണം വാഴയിലയില്‍ വിളമ്പിയാലും അവ സുരക്ഷിതമായിരിക്കും. എന്നാല്‍ പ്ലാസ്റ്റിക് പാത്രങ്ങളില്‍ ചൂട് തട്ടിയാല്‍ അവ ഉരുകാനും കെമിക്കലുകള്‍ ഉല്‍പാദിപ്പിക്കാനും കാരണമാകും. ഇത് ഭക്ഷണത്തിലൂടെ നമ്മുടെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കാം.