വേറിട്ടൊരു മൈന്‍ഡ് ഗെയിം ത്രില്ലറായി എത്താനൊരുങ്ങുകയാണ് ‘ചെക്ക് മേറ്റ്’ എന്ന ചിത്രം. പൂര്‍ണ്ണമായും വിദേശത്ത് ചിത്രീകരിച്ച സിനിമയുടെ റിലീസ് ഈ മാസം എട്ടിനാണ്. നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍ നായകനായെത്തുന്ന ചിത്രത്തിന്റെ തിരക്കഥയും സംഗീതവും ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് രതീഷ് ശേഖറാണ്. പണം, അധികാരം കുടിപ്പക, നിലനില്‍പ്പിനായുള്ള പോരാട്ടങ്ങള്‍ ഇവയൊക്കെ ചേര്‍ത്തൊരുക്കിയിരിക്കുന്ന ചിത്രത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ടീസര്‍ ഏവരിലും ആകാംക്ഷ നിറയ്ക്കുന്നതായിരുന്നു. അനൂപ് മേനോന് പുറമെ ലാല്‍, രേഖ ഹരീന്ദ്രന്‍, രാജലക്ഷ്മി, അഞ്ജലി മോഹനന്‍, വിശ്വം നായര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ന്യൂയോര്‍ക്കിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ‘ഓരോ നീക്കവും നിങ്ങളുടെ അവസാന നീക്കമായിരിക്കാം’ എന്ന ടാഗ്‌ലൈനോടെയാണ് ചിത്രമെത്തുന്നത്. വിദേശത്ത് സെറ്റില്‍ഡ് ആയ ഒരു മലയാളി ബിസിനസ്സുകാരനായി സ്‌റ്റൈലിഷ് ലുക്കിലാണ് ചിത്രത്തില്‍ അനൂപ് മേനോന്‍ എത്തുന്നത്. ഒരു ഫാര്‍മ്മ കമ്പനി ഉടമയായ ഈ കഥാപാത്രത്തിലൂടെയാണ് സിനിമയുടെ സഞ്ചാരം. ചെസ്സിലെ കരുക്കള്‍ പോലെ മാറി മറിയുന്ന മനുഷ്യ മനസ്സിലെ നിഗൂഢതകളിലൂടെയുള്ള സഞ്ചാരമാണ് സിനിമയുടെ കഥാഗതിയെന്നാണ് ലഭിക്കുന്ന സൂചനകള്‍. സിനിമയുടേതായി പുറത്തിറങ്ങിയ വീരന്‍ എന്ന വേടന്‍ പാടിയ ഗാനവും കണ്‍മണി എന്‍ നെഞ്ചിലെ എന്ന കെ.എസ് ചിത്ര ആലപിച്ച ഗാനവും അടുത്തിടെ ഏവരും ഏറ്റെടുത്തിരുന്നു.