കളമശേരി മെഡിക്കൽ കോളജിൽ ലിഫ്റ്റ്പ്രവർത്തിക്കാതിരുന്നതിനെ തുടർന്ന് മൃതദേഹം ചുമന്ന് ഇറക്കേണ്ടി വന്ന സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു.മരിച്ച സുകുമാരന്റെ കുടുംബം ആശുപത്രി അധികൃതർക്കെതിരെ രംഗത്ത് വന്നു. പൊള്ളലേറ്റ് മരിച്ച കാലടി ശ്രീമൂലനഗരം സ്വദേശി 48കാരനായ സുകുമാരന്റെ മൃതദേഹമാണ് ചുമന്ന് താഴെയിറക്കേണ്ടി വന്നത്.
കളമശേരി മെഡിക്കൽ കോളേജിലെ മൂന്നാമത്തെ നിലയിലാണ് പൊള്ളലേറ്റയാളുകളെ ചികിത്സിക്കുന്ന വിഭാഗം പ്രവർത്തിക്കുന്നത്. 80 ശതമാനം പൊള്ളലേറ്റ സുകുമാരനെ ഇക്കഴിഞ്ഞ 19 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . അപ്പോഴും ലിഫ്റ്റ് കേടായിരുന്നു. അതിനാൽ അന്നും അദ്ദേഹത്തെ സ്ട്രച്ചറിൽ കിടത്തി ചുമന്നാണ് മൂന്നാമത്തെ നിലയിൽ എത്തിച്ചത്.
പിറ്റേന്ന് തന്നെ അദ്ദേഹം മരിച്ചു. അപ്പോഴും മൃതദേഹം ചുമന്ന് താഴെയിറക്കേണ്ടി വന്നതാണ് ബന്ധുക്കളെ ചൊടിപ്പിച്ചത്. ലിഫ്റ്റ് ലഭ്യമല്ലാത്തത് കാരണം ആശുപത്രിയിലെ രണ്ട് ജീവനക്കാരും സുകുമാരനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ നാട്ടുകാരും ചേർന്നാണ് മുകളിലേക്ക് ചുമന്നുകൊണ്ടുപോയത്. സമാനമായ നിലയിലാണ് ഇദ്ദേഹം മരിച്ച ശേഷം മൃതദേഹം താഴെയിറക്കിയതും.
എന്നാൽ ലിഫ്റ്റ് കേടായത് കൊണ്ടല്ല ബുദ്ധിമുട്ട് ഉണ്ടായതെന്ന് മെഡിക്കൽ കോളേജ് അധികൃതർ വിശദീകരിക്കുന്നു. മെഡിക്കൽ കോളേജിൽ പുതിയ ലിഫ്റ്റ് നിർമാണം പുരോഗമിക്കുകയാണ്.ഉടൻ പ്രവർത്തനസജ്ജമാകുമെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേശ് മോഹൻ അറിയിച്ചു. 20 വർഷം പഴക്കമുള്ള ലിഫ്റ്റ് പ്രവർത്തന രഹിതമായതിനെ തുടർന്ന് ആധുനികമായ പുതിയ ലിഫ്റ്റ് പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം സ്ഥാപിച്ചിട്ടുണ്ട്. ഇതിന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ പരിശോധന പൂർത്തിയാക്കി ലൈസൻസ് ലഭിക്കേണ്ടതുണ്ട്. ഈ നടപടി അന്തിമഘട്ടത്തിലാണ്. ലൈസൻസ് ലഭിച്ചാലുടൻ ലിഫ്റ്റ് പ്രവർത്തിപ്പിക്കാനാകുമെന്ന് സൂപ്രണ്ട് അറിയിച്ചു.
എന്നാൽ ഇന്ന് യൂത്ത് കോൺഗ്രസ്സ് ഈ വിഷയത്തിൽ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്