രാജ്യത്ത് സി.എന്‍.ജി വാഹനങ്ങളില്‍ താരം മാരുതിയുടെ മോഡലുകളാണ്. ഇപ്പോഴിതാ മാരുതി നെക്സ ഷോറൂമുകളിലെ ഉപഭോക്തൃപ്രിയ മോഡലായ ബലേനോയ്ക്കും സി.എന്‍.ജി ഹൃദയം ലഭിച്ചിരിക്കുന്നു. ബലേനോയുടെ സി.എന്‍.ജി അവതാരത്തിന് 8.28 ലക്ഷം രൂപ മുതല്‍ 9.21 ലക്ഷം രൂപവരെയാണ് ന്യൂഡല്‍ഹി എക്സ്ഷോറൂം വില. പ്രീമിയം ഹാച്ച്ബാക്കില്‍ സി.എന്‍.ജി ഇന്ധനവുമായി എത്തുന്ന ആദ്യവാഹനമാണ് ബലേനോ എസ്-സി.എന്‍.ജി. അതുകൊണ്ടുതന്നെ ഈ വിഭാഗത്തില്‍ എതിരാളികളുമില്ല. സി.എന്‍.ജി പതിപ്പിന് രണ്ട് വേരിയന്റുകളാണുള്ളത് – ഡെല്‍റ്റ, സീറ്റ. പ്രാരംഭവില പെട്രോള്‍ പതിപ്പിനേക്കാള്‍ 95,000 രൂപ അധികമാണ്. ബലേനോ എസ്-സി.എന്‍.ജിയില്‍ 76 ബി.എച്ച്.പി കരുത്തും 98.5 എന്‍.എം ടോര്‍ക്കുമുള്ളതാണ് എന്‍ജിന്‍. സി.എന്‍.ജി ടാങ്ക് ശേഷി 55 ലിറ്റര്‍. കിലോഗ്രാമിന് 30.61 കിലോമീറ്ററാണ് മൈലേജ് വാഗ്ദാനം.