വിഴിഞ്ഞത്തെ മല്‍സ്യത്തൊഴിലാളി സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ചര്‍ച്ച നടത്തും. തുറമുഖ സമരം ഒത്തുതീര്‍പ്പാക്കാന്‍ ഫിഷറീസ് മന്ത്രി വി. അബ്ദുറഹ്‌മാന്‍, ഗതാഗതമന്ത്രി ആന്റണി രാജു എന്നിവരുമായി സമര നേതാക്കള്‍ര്‍ നടത്തിയ ചര്‍ച്ചയില്‍ പുരോഗതി. തീരത്തു വീടുകള്‍ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ പതിനേഴര ഏക്കര്‍ സ്ഥലം തയാറാക്കിയിട്ടുണ്ട്. മൂന്ന് ഏക്കര്‍ സ്ഥലംകൂടി കണ്ടെത്തുമെന്ന് മന്ത്രിമാര്‍ അറിയിച്ചു.
റോഡുകളിലെ കുഴിയില്‍ വീണ് അപകടമുണ്ടായാല്‍ ജില്ലാ കളക്ടര്‍മാര്‍ വിശദീകരണം തരണമെന്നു ഹൈക്കോടതി. ദേശീയ പാതയിലെ കുഴിയില്‍ വീണുള്ള അപകടങ്ങള്‍ മനുഷ്യ നിര്‍മ്മിത ദുരന്തമാണ്. ആരാണ് ഉത്തരവാദികളെന്ന് കോടതി ദേശീയ പാത അതോറിറ്റിയോട് ചോദിച്ചു. യാത്രക്കാര്‍ കുഴിയില്‍വീണ് മരിക്കുന്ന റോഡിന് ടോള്‍ കൊടുക്കേണ്ടതുണ്ടോയെന്നും കോടതി ചോദിച്ചു. പരിശോധിച്ച 116 റോഡുകളിലെ സാംപിളുകള്‍ പരിശോധനക്ക് അയച്ചെന്ന് പൊതുമരാമത്ത് വകുപ്പിന്റെ വിജിലന്‍സ് വിഭാഗം കോടതിയെ അറിയിച്ചു.
തിരുവനന്തപുരത്തെ തീരദേശവാസികള്‍ വിഴിഞ്ഞം തുറമുഖ നിര്‍മാണ മേഖലയില്‍ സമരക്കൊടി നാട്ടി. തുറമുഖ കവാടത്തില്‍ സ്ഥാപിച്ച ബാരികേഡുകള്‍ മാറ്റി തുറമുഖ നിര്‍മ്മണം നടക്കുന്ന പ്രദേശത്തേക്ക് ഓടി സമരക്കാര്‍ ആ മേഖലയെല്ലാം കൈയടക്കി. സമരക്കാര്‍ക്കെതിരെ പരമാവധി സംയമനം പാലിച്ചായിരുന്നു പൊലീസ് നീക്കം. ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലാണ് സമരം.
കലാപാഹ്വാനത്തിന് സ്വപ്ന സുരേഷിനെതിരെ ചുമത്തിയ കേസ് നിലനില്‍ക്കുമെന്ന് ഹൈക്കോടതി. സ്വപ്നയുടെ വാക്കുകള്‍ പ്രകോപനം ഉണ്ടാക്കി. ഈ സാഹചര്യത്തില്‍ സെക്ഷന്‍ 153 പ്രകാരം എടുത്ത കേസ് നിലനില്‍ക്കും.
ഗൂഢാലോചന, കലാപാഹ്വാന കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതി ഇങ്ങനെ നിരീക്ഷിച്ചത്.
സ്വപ്ന സുരേഷിനും പി.സി. ജോര്‍ജിനുമെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കുറ്റപത്രം വേഗത്തിലാക്കാന്‍ പോലീസ്. മുന്‍മന്ത്രി കെ.ടി. ജലീലിന്റെ പരാതിയില്‍ കേസന്വേഷിക്കുന്നത് പ്രത്യേക സംഘമാണ്. സ്വപ്നയ്ക്കും പി.സി. ജോര്‍ജിനും പുറമേ സരിത്തിനെയും കേസില്‍ പ്രതിയാക്കും. കന്റോണ്‍മെന്റ് പൊലീസ് എടുത്ത കേസില്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരുന്നത്. പ്രത്യേക അന്വേഷണ സംഘം ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
കല്‍പറ്റയിലെ രാഹുല്‍ഗാന്ധി എംപിയുടെ ഓഫിസിലെ ഗാന്ധി ചിത്രം തകര്‍ത്ത സംഭവത്തില്‍ അറസ്റ്റിലായവരില്‍ എംപിയുടെ പിഎ ഉള്‍പ്പടെ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസിലെ പേഴ്‌സണല്‍ അസിസ്റ്റ് രതീഷ് കുമാര്‍, ഓഫിസ് സ്റ്റാഫ് എസ.്ആര്‍. രാഹുല്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നൗഷാദ്, മുജീബ് എന്നിവരെയാണ് ചോദ്യം ചെയ്യലിനുശേഷം അറസ്റ്റു ചെയ്തത്. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയത്.
രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധിജിയുടെ ചിത്രം തകര്‍ത്തവര്‍ക്കെതിരേ നടപടിയെടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കോണ്‍ഗ്രസ് അവരെ സംരക്ഷിക്കുന്നത് നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നരില്‍ കനത്ത പ്രയാസമുണ്ടാക്കുമെന്നും റിയാസ്.
വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടിയതിനു യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദിനെ കാപ്പ ചുമത്തി ജയിലില്‍ അടയാക്കാനുള്ള നീക്കത്തെ പ്രതിരോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഫര്‍സീനെതിരെ 19 കേസുകളുണ്ടെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ 12 കേസുകളും കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് സമരം നടത്തിയതിനുള്ള നിസാര കേസുകളാണ്. അതില്‍ പലതും അവസാനിച്ചു. 40 ക്രിമിനല്‍ കേസുകളുള്ള എസ്.എഫ്.ഐ നേതാവിനെതിരെ കാപ്പ ചുമത്താത്തത് എന്തുകൊണ്ടാണെന്നും സതീശന്‍ ചോദിച്ചു.
കാപ്പ ചുമത്തി നാടുകടത്തേണ്ടത് മുഖ്യമന്ത്രിയേയും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെയുമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. അക്രമരാഷ്ട്രീയത്തിന്റെ ഉപാസകരാണ് ഇവര്‍. കൊലപാതകവും അക്രമവുമാണു സിപിഎമ്മിന്റെ ശൈലി. എകെജി സെന്ററിലെ പടക്കമേറിന്റെ ആസൂത്രകനാണ് ജയരാജനെന്നും സുധാകരന്‍ പറഞ്ഞു.
പാലക്കാട്ടെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്റെ കൊലപ്പെടുത്തിയത് ബിജെപി അനുഭാവികളാണെന്നു പോലീസ്. കോടതിയില്‍ നല്‍കിയ കസ്റ്റഡി അപേക്ഷയിലാണ് പോലീസ് സിപിഎം നേതൃത്വത്തിന്റെ നിലപാടിലേക്കു മലക്കം മറിഞ്ഞത്. പാര്‍ട്ടിയില്‍ ഷാജഹാന്‍ നേടിയ വളര്‍ച്ചയില്‍ വിരോധംതോന്നി കൊലപ്പെടുത്തിയെന്നാണ് നേരത്തെ പോലീസ് പറഞ്ഞിരുന്നത്. പ്രതികള്‍ ആര്‍എസ്എസുകാരാണെന്നു പറയാന്‍ എന്താണു പോലീസിനു മടിയെന്നു സിപിഎം നേതാക്കള്‍ ചോദിച്ചിരുന്നു.