തവളരാജാവും
അച്ചടക്കമുള്ള പ്രജയും
മിത്തുകള്‍, മുത്തുകള്‍ – 22
ഈസോപ്പുകഥ
പുനരാഖ്യാനം:
ഫ്രാങ്കോ ലൂയിസ്
മൃഗങ്ങള്‍ക്കൊരു രാജാവുണ്ട്, സിംഹം. പക്ഷികള്‍ക്കു ഗരുഡന്‍, പാമ്പുകള്‍ക്കു രാജവെമ്പാല, മത്സ്യങ്ങള്‍ക്കു തിമിംഗലം, പക്ഷേ കരയിലും വെള്ളത്തിലും ജീവിക്കുന്ന തവളകള്‍ക്കു രാജാവില്ല. രാജാവില്ലാത്തതിന്റെ വിഷമം പറഞ്ഞറിയി ക്കാനാവില്ല. അച്ചടക്കവും ഐക്യവുമില്ല. ആര്‍ക്കും ആരെയും പേടിയുമില്ല. ശരിക്കും ഭരിക്കാനറിയാവുന്ന ഒരു രാജാവുണ്ടെങ്കില്‍ അതെല്ലാമുണ്ടാകുമെന്ന് പുരോഗമനവാദികളായ കുറേ തവളകള്‍ക്കു തോന്നി.
തങ്ങള്‍ക്കു രാജാവു വേണമെന്ന് അവര്‍ മുറവിളികൂട്ടി. കുളങ്ങളിലും പൊയ്കകളിലും ഓടിനടന്നു ലോകമെങ്ങുമുള്ള തവ ളകളെ സന്ദര്‍ശിച്ച് രാജാവുണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവര്‍ ധീരഘോരം പ്രസംഗിച്ചു. രാജാവുണ്ടായാല്‍ തങ്ങളുടെ ശാപ്പാടുകാര്യംവരെ അദ്ദേഹം നോക്കിക്കൊള്ളുമെന്നുപോലും വിപ്ലവകാരികളായ തവളകള്‍ വാദിച്ചു. കേട്ടവര്‍ കേട്ടവര്‍ അതു ശരിവച്ചു.
രാജാവു വേണമെന്നു വാദിച്ച തവളകളെല്ലാം മഹാസമ്മേളനവും നടത്തി. വലിയൊരു കുളത്തിലാണ് അവര്‍ സംഗമിച്ചത്. ജൂപിറ്റര്‍ ദേവനെ ധ്യാനിച്ച് പ്രസാദിപ്പിക്കാനും നല്ലൊരു രാജാവിനെ തരാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടാനുമാണ് തവളസമ്മേളനം തീരുമാനിച്ചത്. തവളകള്‍ പിരിഞ്ഞു പോകാതെ അപ്പോള്‍തന്നെ തപസ് തുടങ്ങി.
ആയിരക്കണക്കിനു തവളകള്‍ ഒന്നിച്ചു തന്നെ ധ്യാനിച്ചു തപസനുഷ്ഠിക്കുന്നതു കണ്ട ജൂപിറ്റര്‍ ദേവനു തമാശയാണു തോന്നിയത്. തവളകളുടെ ആവശ്യമെന്തെന്നു മനസിലാക്കിയ ജൂപിറ്റര്‍ ദേവന്‍ ഒന്നുമറിയാത്ത മട്ടില്‍ പ്രത്യക്ഷപ്പെട്ടു.
‘ഞാന്‍ പ്രസാദിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് എന്താണു വേണ്ടത്’ ‘ഞങ്ങള്‍ക്കു ശക്തനായ നല്ലൊരു രാജാവിനെ വേണം’-തവളകള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു.
രാജാവുണ്ടായാല്‍ തവളകള്‍ നേരിടേണ്ടിവരുന്ന ക്ലേശങ്ങളെക്കുറിച്ചു വിവരിക്കണമെന്ന് ജൂപിറ്ററിന് ആദ്യം തോന്നിയെങ്കിലും തവളക്കൂട്ടത്തിന്റെ നിശ്ചയദാര്‍ഢ്യം കണ്ടപ്പോള്‍ അദ്ദേഹം പിന്മാറി. തവളകളുടെ വികാരം മാനിച്ചെന്നു ബോധ്യപ്പെടുത്താന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു.
അടുത്ത നിമിഷത്തില്‍ ഉഗ്രശബ്ദ ത്തോടെ കുളത്തില്‍ എന്തോ വന്നു വീണൂ. ശക്തിയോടെ വീണതിനാല്‍ കുളത്തില്‍ നല്ല തിരയിളക്കം. ശബ്ദ്ദംകേട്ട് തവളകളെല്ലാം കുളത്തിന്റെ അടിത്തട്ടിലേക്ക് ഊളിയിട്ടു. അതിശക്തനായ രാജാവ് വന്നിരിക്കുന്നുവെന്ന് അവര്‍ക്കു മനസിലായി. അപ്പോള്‍തന്നെ അവര്‍ക്ക് ഭയവും അച്ചടക്കബോധവും തോന്നിത്തുടങ്ങി. അല്പസമയം കഴിഞ്ഞു. കുളത്തിന്റെ അടിത്തട്ടില്‍ പതുങ്ങിയിരുന്ന തവളകള്‍ പതുക്കെ കണ്ണു തുറന്നു മുകളിലേക്കു നോക്കി. രാജാവ് എന്തെടുക്കുകയാണ്. കുളത്തിന്റെ മുകള്‍പരപ്പില്‍ വലിയൊരു നിഴല്‍മാത്രം അവര്‍ കണ്ടു. രാജാവിന്റെ നിഴല്‍. രാജാവ് അനങ്ങാതിരിക്കുകയാണെന്ന് അവര്‍ക്കു മനസിലായി.
കുറച്ചു സമയം കഴിഞ്ഞിട്ടും രാജാവ് അതേ ഇരുപ്പാണ്. തവളക്കൂട്ടത്തില്‍ ധീരപരാക്രമികളായ രണ്ടു മൂന്നു തവളകള്‍ രാജാവിനെ ശരിക്കൊന്നു കാണാന്‍തന്നെ തീരുമാനിച്ചു. ശബ്ദവും അനക്കവുമുണ്ടാക്കാതെ അവര്‍ മൂന്നുപേരും മുകളിലേക്കു പതുക്കെ ഊളിയിട്ടു.
ജലപ്പരപ്പിലെത്തിയപ്പോള്‍ രാജാവിനെകണ്ട് അവര്‍ തലകുനിച്ചു വന്ദിച്ചു. പക്ഷേ, രാജാവിന് അനക്കമില്ല. കുശലാന്വേഷണങ്ങള്‍ക്കു മറുപടിയില്ല. ഇതെന്തൊരു രാജാവ്. അവര്‍ മുഖത്തോടുമുഖം നോക്കി.
ഒടുവില്‍ ധൈര്യമവലംബിച്ച് രാജാവിനടുത്തേക്കു പതുക്കെ നീങ്ങി. അപ്പോഴും രാജാവിനു കുലുക്കമില്ല. കുറെകൂടി അടുത്തെത്തിയ അവര്‍ രാജാവിനെ ഒന്നു തൊട്ടുനോക്കി. ഒരു പ്രതികരണവുമില്ല.
‘എന്താണു മഹാരാജന്‍?’ എന്നു പറഞ്ഞ് ഒരു തവള രാജാവിന്റെ പുറത്ത് കൈവച്ചു നോക്കി. അനക്കമില്ല. അപ്പോള്‍ ധൈര്യപൂര്‍വം ആ തവള രാജാവിന്റെ പുറത്തുകയറിയിരുന്നു. സൂക്ഷിച്ചു നോക്കിയപ്പോഴാണ് മനസിലായത് അത് ഒരു ജീവിയേയല്ലെന്ന്. വെറുമൊരു മരക്കഷണം. മൂന്നു തവളകളും മരക്കഷണത്തില്‍ കയറിനിന്ന് ആര്‍ത്തുചിരിച്ചു. ബഹളം കേട്ട് കുളത്തിന്റെ അടിത്തട്ടില്‍ പതുങ്ങിക്കിടന്നിരുന്ന മറ്റു തവളകളും മുകളിലേക്ക് ഉയര്‍ന്നുവന്നു: ജൂപിറ്റര്‍ ദേവന്‍ ഒരു മര ക്കഷണത്തെ രാജാവായി തന്നതില്‍ അവര്‍ക്കു നീരസംതോന്നി. നല്ല രാജാവിനെ കിട്ടാന്‍ അവര്‍ തപസ് പുനരാരംഭിച്ചു.
‘ജീവനില്ലാത്ത രാജാവിനെ ഞങ്ങള്‍ക്കു വേണ്ട. ശരിക്കും ഭരിക്കാനറിയാവുന്ന രാജാവിനെയാണു വേണ്ടത്’ അവര്‍ ദേവനോടു പറഞ്ഞു.
‘ശരി. നിങ്ങള്‍ക്ക് ഒരു രാജാവിനെ മാത്രമല്ല ഭരണത്തില്‍ അദ്ദേഹത്തെ സഹായിക്കാന്‍ ഒരു മന്ത്രിയെ കൂടി ഉടനേ അയക്കാം.’
അടുത്ത നിമിഷം വലിയൊരു ചേരപ്പാമ്പ് കുളത്തിലെത്തി. പിന്നാലെ സഹായിയായി ഒരു നീര്‍ക്കോലിപ്പാമ്പും. ജീവനുള്ള പുതിയ രാജാവിന്റെ വരവു കണ്ട് തവളകള്‍ ആഹ്ലാദാരവങ്ങള്‍ മുഴക്കുമ്പോഴേക്കും കുറേപേരെ ചേരയും നീര്‍ക്കോലിയും വിഴുങ്ങിക്കഴിഞ്ഞു.
പുതിയ രാജാവു വന്നതോടെ എല്ലാവരും അച്ചടക്കമുള്ളവരായി. ദിവസേന രാജാവ് ശാപ്പിടുന്നത് അച്ചടക്കമുള്ള പ്രജകളെയായിരുന്നു.