താമരപ്പൊയ്കയിലെ പോര്‍വിളി

മിത്തുകള്‍, മുത്തുകള്‍- 34
മഹാഭാരതകഥ
പുനരാഖ്യാനം:
ഫ്രാങ്കോ ലൂയിസ്

കൗരവരുമായുള്ള ചൂതുകളിയില്‍ തോറ്റ പാണ്ഡവന്മാര്‍ വനവാസത്തിലാണ്. ദ്വൈതവനത്തിലാണ് അവര്‍ തമ്പടിച്ചിരിക്കുന്നത്. ആവശ്യത്തിനു കുടിക്കാനും കുളിക്കാനും വെള്ളം കിട്ടണമെല്ലോ. അതുകൊണ്ട് അവര്‍ ഒരു താമരപ്പൊയ്കയ്ക്കരികില്‍ വാസമുറപ്പിച്ചു.

കൗരവരാജാവ് ദുര്യോധനന് അപ്പോഴാണ് ഒരാശയം തോന്നിയത്. സര്‍വപ്രതാപത്തോടെയും വനത്തില്‍ ചെന്ന് തന്റെ പ്രൗഢി പാണ്ഡവന്മാര്‍ക്കു കാണിച്ചുകൊടുക്കണം. അവരെ ഒന്നു വിരട്ടുകയും ചെയ്യുാം. അവര്‍ നാണംകെടുന്നത് നേരില്‍ക്കണ്ട് ആനന്ദിക്കണം.

അതെങ്ങനെ ആസൂത്രണം ചെയ്യണം? ദുര്യോധനന്‍ ശകുനിയോടും കര്‍ണനോടും ആലോചിച്ചു. അവരും പാണ്ഡവന്മാരെ വനത്തില്‍ പോയി അവഹേളിക്കാന്‍ വഴിതേടുകയായിരുന്നു.

വനത്തില്‍ പോകാന്‍ അച്ഛന്‍ ധൃതരാഷ്ട്രര്‍ സമ്മതിക്കില്ലെന്ന് അവര്‍ക്കറിയാം. പാണ്ഡവരുമായി ഒരു യുദ്ധംതന്നെ ഉണ്ടാകുമെന്ന് ധൃതരാഷ്ട്രര്‍ ഭയക്കുന്നു. അത്തരമൊരു സന്ദര്‍ഭം ഉണ്ടാകരുതെന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. ധൃതരാഷ്ട്രരുടെ അനുമതിയില്ലാതെ വനത്തിലേക്കു പോകാനുമാവില്ല.

അച്ഛന്റെ അനുമതി കിട്ടാന്‍ അവര്‍ ഒരു നുണ തട്ടിമൂളിക്കാന്‍ അവര്‍ തീരുമാനിച്ചു. ആ ദൗത്യം ശകുനി തന്നെ ഏറ്റെടുത്തു.

‘ദ്വൈതവനത്തിലെ പശുക്കളെ പരിശോധിച്ചു മുദ്രവയ്ക്കേണ്ട സമയം കഴിഞ്ഞു. വൈകാതെത്തന്നെ വനത്തില്‍ പോകണം. കൂടെ നായാട്ടുമാവാം. അങ്ങ് അനുമതി നല്‍കണം.” ശകുനി ധൃതരാഷ്ട്ര രോട് അപേക്ഷിച്ചു.

”അതെല്ലാം നല്ലതുതന്നെ. പക്ഷേ, ദ്വൈതവനത്തില്‍ പാണ്ഡവന്മാരുണ്ട്. നിങ്ങള്‍ തമ്മില്‍ കണ്ടുമുട്ടിയാല്‍ വഴക്കും യുദ്ധവു മാകും” -ധൃതരാഷ്ട്രര്‍ തടmം പറഞ്ഞു.

‘ധര്‍മിഷ്ഠരായ പാണ്ഡവന്മാര്‍ ഞങ്ങളുമായി യുദ്ധത്തിനൊന്നും വരില്ല. അവര്‍ തമ്പടിച്ചിരിക്കുന്നിടത്തേക്കു ഞങ്ങള്‍ പോകുന്നുമില്ല. എന്താ പോരേ?’ -ശകുനി,

”നിര്‍ബന്ധമാണെങ്കില്‍ പൊയ്‌ക്കോളൂ. എന്നാല്‍, ദുര്യോധനന്‍ പോകേണ്ട” എന്നായി ധൃതരാഷ്ട്രര്‍.

ശകുനി വീണ്ടും സമ്മര്‍ദം  ചെലുത്തിയപ്പോള്‍ ധൃതരാഷ്ട്രര്‍ സമ്മതം മൂളി. ദുര്യോധനനു സന്തോഷമായി. തേരുകളും ആന കളും കുതിരകളും കാലാള്‍പ്പടയും അടങ്ങുന്ന വലിയൊരു സംഘം ഘോഷയാത്രയായി ദ്വൈതവനത്തിലേക്കു തിരിച്ചു. രാ ജസ്ത്രീകളുമുണ്ട് കൂട്ടത്തില്‍.

വനത്തിലെത്തിയ ദുര്യോധനസംഘം പശുക്കളെ പരിശോധിച്ചു മുദ്രവച്ചു. പശുപാലകര്‍ക്കു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി. യാത്ര തുടര്‍ന്നു. വനത്തില്‍ പാണ്ഡവര്‍ താമസിക്കുന്ന സ്ഥലത്തേക്കാണു പോക്ക്.

ഒടുവില്‍ അവര്‍ അവിടെയെത്തി. പാണ്ഡവരുടെ താമസസ്ഥലത്തിനു കുറച്ചകലെയായി കൂടാരങ്ങള്‍ കെട്ടിയുയര്‍ത്തി. നായാട്ടും കൂത്താട്ടവും മുറുകി. കുടിച്ചും തിന്നും ആടിയും പാടിയും അവര്‍ ആര്‍ത്തുല്ലസിച്ചു. എല്ലാം പാണ്ഡവന്മാരെ കാണിക്കാന്‍തന്നെ.

കുറേക്കഴിഞ്ഞപ്പോള്‍ ദുര്യോധനന്‍ രാജസേവകരെ വിളിച്ച്, താമരപ്പൊയ്കയില്‍ കുളിക്കാനുള്ള സൗകര്യമൊരുക്കാന്‍ ഉത്തരവിട്ടു. ഭൃത്യന്മാര്‍ താമരപ്പൊയ്കയിലെത്തിയപ്പോള്‍ അവിടെ ഗന്ധര്‍വന്മാര്‍ കൂത്താടുന്നതാണു കണ്ടത്. അവര്‍ മടങ്ങിവന്നു ദുര്യോധനനോടു വിവരം പറഞ്ഞു.

ഗന്ധര്‍വന്മാരല്ല ആരായാലും ശരി, അവരെ പൊയ്കയില്‍നിന്ന് തുരത്തിവിടുക. ദുര്യോധനന്‍ രാജസേവകര്‍ക്കു വീണ്ടും ഉത്തരവു നല്‍കി. അല്പം ഭയത്തോടെയാണ് അവര്‍ പൊയ്കയ്ക്കരികിലേക്കു തിരിച്ചുപോയത്.

‘ദുര്യോധനരാജാവ് കുളിക്കാന്‍ വരുന്നു. നിങ്ങളെല്ലാം ഈ പൊയ്കയില്‍നിന്നു മാറിപ്പോകണം” -ഭൃത്യന്മാര്‍ ഗന്ധര്‍വന്മാരോ ടു പറഞ്ഞു.

പരിഹാസച്ചിരിയോടെയാണു ഗന്ധര്‍വന്മാര്‍ മറുപടി നല്‍കിയത്. ”നിങ്ങടെയൊരു മണ്ടന്‍ രാജാവ്… ഓടെടാ… എല്ലാറ്റിനേയും കൊന്നുകളയും…’ അവര്‍ ചീറിയടുത്തു. രാജകിങ്കരന്മാര്‍ ജീവനും കൊണ്ടോടി. നിലവിളിച്ചുകൊണ്ട് ഓടിവരുന്ന സേവകരെ കണ്ട് ദുര്യോധനനു വിവരം മനസിലായി.

വലിയൊരു സൈന്യവുമായി ദുര്യോധനന്‍ പൊയ്കയ്ക്കരികിലേക്കു പാഞ്ഞു, ഗന്ധര്‍വന്മാരുമായി യുദ്ധം ചെയ്യാന്‍. ദുര്യോധനന്‍ ഗന്ധര്‍വസംഘത്തിന്റ നേതാവായ ചിത്രസേനനുമായി തര്‍ക്കിച്ചു. തര്‍ക്കം ആക്രോശമായി, വെല്ലുവിളിയായി. ഒടുവില്‍ പൊരി ഞ്ഞ യുദ്ധവും.

ഗന്ധര്‍വന്മാരുടെ വെട്ടും കുത്തും ശരവര്‍ഷവുമേറ്റ് ദുര്യോധനപ്പട തോറ്റോടി. കുറേപ്പേര്‍ ചത്തൊടുങ്ങി. ഒടുവില്‍ ഗന്ധര്‍വന്മാര്‍ ദുര്യോധനനെ പിടികൂടി തടവുകാരനാക്കി. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ദുശ്ശാസനനെയും രാജസ്ത്രീകളെയും അവര്‍ ബന്ദികളാക്കി. ഇതെല്ലാം കണ്ടു ഭയന്നു വിറച്ച ദുര്യോധനപ്പട ഓടി. ഒടുവില്‍ അവരെത്തിയത് പാണ്ഡവന്മാര്‍ക്കു മുന്നില്‍. വിവരമറിഞ്ഞപ്പോള്‍ ഭീമന്‍ സന്തോഷംകൊണ്ടു തുള്ളിച്ചാടി, എന്നാല്‍, യുധിഷ്ഠിരന്‍ ഭീമനെ ശാസിച്ചു.

”കുടുംബത്തില്‍ നമുക്ക് അഭിപ്രായ വ്യത്യാസമുണ്ടാകാം. എങ്കിലും കൗരവര്‍ നമ്മുടെ സ്വന്തക്കാരാണ്. അവരെ പുറത്തുനിന്നുള്ളവര്‍ ആക്രമിച്ചാല്‍ നാം നോക്കി നില്ക്കുന്നതു ശരിയല്ല. ഭീമാ, നീയും അര്‍ജുനനും ചെന്ന് ദുര്യോധ നനെയും കൂട്ടരെയും മോചിപ്പിക്കണം” -യുധിഷ്ഠിരന്‍ ഭീമനോടു പറഞ്ഞു.

ഭീമനും അര്‍ജനനും പൊയ്കയോരത്തെത്തി. ദുര്യോധനനെയും കൂട്ടരെയും മോചിപ്പിക്കണമെന്ന് അവര്‍ ഗന്ധര്‍വന്മാരോട് ആവശ്യപ്പെട്ടു. ഗന്ധര്‍വന്മാര്‍ വഴങ്ങിയില്ല. പാണ്ഡവസഹോദരന്മാര്‍ വില്ലുകുലച്ചു. ഗന്ധര്‍വന്മാരുമായി ഘോരയുദ്ധം. തോല്‍വി ഉറപ്പായപ്പോള്‍ ഗന്ധര്‍വനേതാവ് ചിത്രസേനന്‍ ദുര്യോധനനെയും കൊണ്ട് ആകാശത്തേക്കുയര്‍ന്നു, പറന്നു രക്ഷപ്പെടാന്‍.

നിമിഷങ്ങള്‍ക്കകം അര്‍ജുനന്‍ തുരുതുരാ അമ്പെയ്ത് ആകാശത്ത് കൂറ്റന്‍ മതില്‍പോലെ പ്രതിരോധം തീര്‍ ത്തു. ചിത്രസേനന് മുന്നോട്ടു പോകാനാവാത്ത സ്ഥിതിയായി. യുദ്ധം വീണ്ടും തുടര്‍ന്നു. ഒടുവില്‍ പരാജയം സമ്മതിച്ച് ചിത്രസേനന്‍ താഴെയിറങ്ങി. ദുര്യോധനനെ മോ ചിപ്പിച്ചു.

”അര്‍ജുനാ, നിങ്ങള്‍ കഷ്ട പ്പെട്ടു യുദ്ധം ചെയ്യുന്നതു കണ്ട് ഞങ്ങള്‍ക്കു തമാശ തോന്നുന്നു. സഹതപിക്കുകയല്ലാതെ എന്തു ചെയ്യാന്‍. നിങ്ങള്‍ വനത്തില്‍ ബുദ്ധിമുട്ടുന്നതു കണ്ടു രസിക്കാന്‍ വന്നതാണു ദുര്യോധനന്‍. അതു മനസിലാക്കി അയാളെ തടവുകാരനാക്കി കൊണ്ടുവരാന്‍ ദേവേന്ദ്രനാണ് ഞങ്ങളെ ഇങ്ങോട്ടയച്ചത്. ദേവേന്ദ്രന്റെ ഉത്തരവു നടപ്പാക്കാന്‍ അര്‍ജുനന്‍ അനുവദിക്കണം. നിങ്ങളെ അവഹേളിക്കാന്‍ വന്നവനല്ലേ ദുര്യോധനന്‍” -ചിത്രസേനന്‍ പറഞ്ഞു.

ദുര്യോധനനെ ബന്ദിയാക്കി കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് അര്‍ജുനനും ഭീമനും. ഒടുവില്‍, ജ്യേഷ്ഠനായ യുധിഷ്ഠിരനോടും ചിത്രസേനന്‍ തന്റെ അഭ്യര്‍ത്ഥന ആവര്‍ത്തിച്ചു. അദ്ദേഹവും അതനുവദിച്ചില്ല.

ചിത്രസേനനും കൂട്ടരും ദുര്യോധനനെയും കൂട്ടരെയും ഉപേക്ഷിച്ച് സ്ഥലംവിട്ടു. സ്വന്തം പ്രൗഢി കാണിച്ച് സഹോദരന്മാരെ വിരട്ടാനും അവഹേളിക്കാനും വന്ന കൗരവര്‍ നാണംകെട്ടു.

നിന്ദിക്കപ്പെട്ടവര്‍ തെല്ലും പകയില്ലാതെ തങ്ങളുടെ ജീവന്‍ രക്ഷിച്ചതിന് നന്ദിവാക്കുപോലും പറയാതെ ദു ര്യോധനന്‍ സ്ഥലംവിട്ടു. ദുരഭിമാനിയായ ദുര്യോധനന് പാണ്ഡവ സഹോദരന്മാരോടു പകയും ദേഷ്യവും വര്‍ധിച്ചതേയുള്ളൂ.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *