സിഎഎ ഇല്ലാതാക്കാൻ ധൈര്യമുള്ള ആരെങ്കിലും ജനിച്ചിട്ടുണ്ടോ എന്നും, സിഎഎ നടപ്പാക്കും അത് മോദിയുടെ ഗ്യാരന്റിയാണെന്നും പ്രധാനമന്ത്രി. വിഭജനത്തിന്‍റെ ഇരകൾക്കാണ് പൗരത്വം നല്കിയത്. ഇന്ത്യയിൽ ശരണം പ്രാപിച്ചവരെ കോൺഗ്രസ് അവഗണിച്ചു. കോൺഗ്രസിൻറെ വോട്ടു ബാങ്ക് അല്ലാത്തവരെ അവഗണിച്ചു. ഇന്ത്യാ സഖ്യം സിഎഎയുടെ പേരിൽ കലാപം ഉണ്ടാക്കാൻ നോക്കിയെന്നും മോദി പറഞ്ഞു.
75 വയസ്സ് കഴിഞ്ഞവർ പദവികളില്‍ വേണ്ട എന്നതായിരുന്നു ബിജെപി നയം അതിനാൽ നരേന്ദ്ര മോദി റിട്ടയർ ചെയ്യുമോ എന്ന ചോദ്യവുമായി അരവിന്ദ് കെജ്രിവാൾ. എത്രയോ നേതാക്കളെ ഈ നയം അനുസരിച്ച് ഒഴിവാക്കി.എന്നാല്‍ 75 വയസ്സ് കഴിഞ്ഞാലും താന്‍ മാറില്ലെന്നാണ് മോദിയുടെ നയം.തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ യോഗി ആദിത്യനാഥിനെ രണ്ട് മാസത്തിന് ശേഷം മോദി ഒഴിവാക്കുമെന്നും അദ്ദേഹം പരിഹസിച്ചു.
ഭക്ഷ്യസുരക്ഷാ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ വൻ ക്രമക്കേടുകൾ കണ്ടെത്തി. ഭക്ഷ്യസുരക്ഷ കമ്മിഷണറേറ്റിലും ജില്ലാ ഓഫിസുകളിലുമാണ് പരിശോധന നടത്തിയത്. ഹോട്ടലുകൾക്ക് ലൈസൻസ് നൽകുന്നതിലാണ് പ്രധാനമായും ക്രമക്കേട് കണ്ടെത്തിയത്. ജീവനക്കാർക്ക് പരിശീലനം നൽകിയതിലും ഹോട്ടൽ ഹൈജീനിക് റേറ്റിംഗ് അട്ടിമറിക്കാനും ഉദ്യോഗസ്ഥർ ഒത്താശ ചെയ്തെന്നും കണ്ടെത്തി.
ലോക്സഭ സീറ്റ് വിഭജന ചർച്ചയുടെ സമയത്ത് സിപിഎം രാജ്യസഭ സീറ്റ് ഉറപ്പ് നൽകിയതാണെന്നും അന്ന് കത്ത് കൊടുത്തിരുന്നുവെന്നും ആർജെഡി സംസ്ഥാന സെക്രട്ടറി ജനറൽ വർഗീസ് ജോർജ് പറഞ്ഞു. സിപിഐക്കും കേരള കോൺഗ്രസ് എമ്മിനും മതിയായ പരിഗണന ഉണ്ട്. വടക്കൻ കേരളത്തിലെ സാഹചര്യം പരിഗണിച്ച് ആർജെഡിക്ക് സീറ്റ് കിട്ടണം. ആർജെഡിക്ക് രാജ്യസഭ സീറ്റ് ഇല്ലാതെ മുന്നോട്ടു പോകാൻ ആകില്ലെന്നും അടുത്ത എൽഡിഎഫ് യോഗത്തിൽ ആവശ്യം ഉന്നയിക്കുമെന്നും വർഗീസ് ജോർജ് പറഞ്ഞു.
പന്തീരാങ്കാവിൽ ഭർതൃവീട്ടിൽ നവവധുവിന് ക്രൂരമർദ്ദനമേറ്റതിൽ സർക്കാറിനോട് റിപ്പോർട്ട് തേടിയെന്നും റിപ്പോർട്ട് കിട്ടിയ ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇത്തരം സംഭവങ്ങൾ സമൂഹത്തിനാകെ നാണക്കേടാണെന്നും ഗവർണ്ണർ പറഞ്ഞു. പന്തീരാങ്കാവിൽ ഭർതൃവീട്ടിൽ നവവധുവിന് ക്രൂരമർദ്ദനമേറ്റ കേസ് ആദ്യം അന്വേഷിച്ച ഇൻസ്പെക്ടർക്ക് വീഴ്ച പറ്റി എന്ന കണ്ടെത്തലിന് തൊട്ടുപുറകെയാണ് രാജഭവന്റെ ഇടപെടൽ.
പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസുമായി ബന്ധപ്പെട്ട് മകൻ ചെയ്ത തെറ്റിന് മാപ്പ് ചോദിച്ച് അമ്മ ഉഷ. സംഭവിച്ചതിൽ വിഷമമുണ്ടെന്നും രാഹുൽ രാജ്യം വിട്ടതായി അറിയില്ലെന്നും അവര്‍ പറഞ്ഞു. പ്രതി രാഹുൽ ബെംഗളൂരുവിലെ ഓഫീസിന് മുന്നിൽ ഒളിവിൽ കഴിയുകയാണെന്നാണ് സംശയം. പ്രതിക്കായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് പറയുന്നു. ഇന്ന് രാവിലെ രാഹുലിൻ്റെ വീട്ടിലെത്തിയ പൊലീസ് ഇവിടുത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കയ്യിലെ ആറാംവിരൽ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കായെത്തിയ കുട്ടിയുടെ നാവില്‍ ശസ്ത്രക്രിയ നടത്തിയെന്ന് പരാതി. സംഭവത്തില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ മാപ്പ് പറഞ്ഞുവെന്നും കുടുംബം പറയുന്നു. പിന്നീട് മറ്റൊരു ശസ്ത്രക്രിയയിലൂടെ ആറാം വിരല്‍ നീക്കം ചെയ്യുകയായിരുന്നു. എന്നാൽ കുട്ടിയുടെ നാവിനും തടസ്സം ഉണ്ടായിരുന്നതായി മെഡിക്കൽ കോളേജ് സൂപ്രണ്ട് വിശദീകരിച്ചു. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും സൂപ്രണ്ട് വ്യക്തമാക്കി.
ടിടിഇമാര്‍ക്കുനേരെ വീണ്ടും ആക്രമണം. ബെംഗളൂരു-കന്യാകുമാരി എക്സ്പ്രസ് ട്രെയിന്‍ വടക്കാഞ്ചേരി എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ കൊല്ലം സ്വദേശി അശ്വിൻ, പൊന്നാനി സ്വദേശി ആഷിഖ് എന്നിവരെ റെയിൽവേ പൊലീസ് പിടികൂടി. യുവാക്കളില്‍ നിന്ന് ആര്‍പിഎഫ് കഞ്ചാവും പിടിച്ചെടുത്തു. ടിടിഇമാരായ യുപി സ്വദേശി മനോജ് വർമ, തിരുവനന്തപുരം സ്വദേശി ഷമ്മി രാജ് എന്നിവർക്കു നേരെയായിരുന്നു ആക്രമണം.
ഭക്ഷണം കാറിലേക്കെത്തിച്ചു നൽകാത്തതിന് ഹോട്ടലുടമയ്ക്ക് മര്‍ദ്ദനം. പാലക്കാട് നാട്ടുകല്ലിലെ യാസ് കഫേ ഉടമ സല്‍സലിനാണ് മര്‍ദ്ദനമേറ്റത്. പുറത്ത് നിര്‍ത്തിയ കാറിലേക്ക് ഭക്ഷണം എത്തിച്ച് നല്‍കാനാകില്ലെന്ന് പറഞ്ഞതാണ് പ്രകോപിപ്പിച്ചത്. 50000 രൂപയുടെ നാശനഷ്ടമുണ്ടായതായി കടയുടമ പറഞ്ഞു. 10 പേർക്കെതിരെ നാട്ടുകല്‍ പൊലീസ് കേസെടുത്തു.
ഒമാനില്‍ മരിച്ച പ്രവാസി മലയാളി നമ്പി രാജേഷിന്‍റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. രാജേഷിനെ ജോലി സ്ഥലത്ത് കുഴഞ്ഞ് വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നാലെ ഒമാനിലേക്ക് പുറപ്പെടാൻ ഭാര്യ അമൃത രണ്ടുതവണ വിമാനടിക്കറ്റെടുത്തെങ്കിലും എയർ ഇന്ത്യാ എക്സ്പ്രസ് വിമാന ജീവനക്കാരുടെ സമരത്തെ തുടർന്ന് യാത്ര മുടങ്ങിയിരുന്നു. ഇതേ തുടർന്ന് ഇന്ന് രാവിലെ എത്തിയ മൃതദേഹവുമായി എയര്‍ ഇന്ത്യ ഓഫിസിന് മുന്നില്‍ ബന്ധുക്കള്‍ പ്രതിഷേധിച്ചതിനെ തുടർന്ന് സംസ്കാരചടങ്ങുകള്‍ക്കുശേഷം എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതരുമായി ചര്‍ച്ച നടത്തുമെന്ന ധാരണയിൽ കുടുംബം സമരം അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നമ്പി രാജേഷിന്‍റെ മൃതദേഹം കരമനയിലെ വീട്ടിലെത്തിച്ചു.
ശ്രീകണ്ഠാപുരം രാജീവ് ഗാന്ധി സഹകരണ ആശുപത്രിക്ക് മുന്നിൽ കൂട്ടത്തല്ല്. കെപിസിസി അംഗം മുഹമ്മദ് ബ്ലാത്തൂരിനും മറ്റു അഞ്ചു പേർക്കും എതിരെ കേസെടുത്തു. പണമിടപാട് സംബന്ധിച്ച തർക്കം കൂട്ടത്തല്ലിലേക്ക് പോവുകയായിരുന്നു. ഇരിക്കൂർ സ്വദേശിയുടെ മകന് മുഹമ്മദ് ബ്ലാത്തൂരിന്‍റെ മകൻ പണം നൽകാനുണ്ടെന്നായിരുന്നു ആരോപണം. സംഭവത്തിൽ പൊലീസ് കേസെടുത്തു.
കൊച്ചി പനമ്പള്ളി നഗറില്‍ നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ തൃശൂര്‍ സ്വദേശി ഷെഫീഖിനെതിരെ പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന പരാതിയില്‍ എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. പീഡനം നടന്നത് തൃപ്പുണിത്തുറയിലായതിനാല്‍ കേസ് ഹില്‍പാലസ് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും. ഈ മാസം മൂന്നിനാണ് പ്രവസിച്ച ഉടനെ കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി ഫ്ലാറ്റില്‍ നിന്നും റോഡിലേക്ക് വലിച്ചെറിഞ്ഞത്.
തിരുവനന്തപുരത്ത് റെസ്റ്റോറൻ്റ് ജീവനക്കാരും എയർ ഫോഴ്സ് ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷം. ആക്കുളം എയര്‍ ഫോഴ്സ് കേന്ദ്രത്തിലെ നാല് എയർ ഫോഴ്സ് ഉദ്യോഗസ്ഥർക്ക് എതിരെ സംഭവത്തിൽ കേസെടുത്തു. സീറ്റ് കിട്ടാത്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമായതെന്നാണ് വിവരം.
കേരളത്തിലെ എല്ലാ ജില്ലകളിലെയും പ്രധാന നഗരങ്ങളില്‍ ബസ് സ്റ്റേഷനുകളുള്ള കെഎസ്ആര്‍ടിസിയുടെ വിവിധ ഡിപ്പോകളില്‍ റസ്റ്റോറന്‍റുകളും മിനി സൂപ്പര്‍മാര്‍ക്കറ്റുകളും പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള താല്‍പ്പര്യപത്രം ക്ഷണിച്ചു. ആദ്യ ഘട്ടത്തില്‍ 14 സ്റ്റേഷനുകളിലാണ് കെഎസ്ആര്‍ടിസി ഇത്തരത്തില്‍ റസ്റ്റോറന്‍റുകളും മിനി സൂപ്പര്‍മാര്‍ക്കറ്റുകളും ആരംഭിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നത്.
അപ്പർകുട്ടനാട്ടിലെ ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിലെ ഒന്ന്, നാല്, പത്ത്, പതിനാല് ബ്ലോക്ക് പാടശേഖരങ്ങളിൽ കൊയ്ത്ത് കഴിഞ്ഞ് പത്ത് ദിവസമായിട്ടും സപ്ളെകോ നിർദേശിച്ച മില്ലുകാർ നെല്ല് സംഭരിക്കാത്തതിനെ തുടർന്ന് അപ്പർകുട്ടനാട് സ്വതന്ത്ര നെൽ കർഷക കുട്ടായ്മയുടെയും സംയുക്‌ത പാടശേഖര സമിതിയുടെയും നേതൃത്വത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള കർഷകർ സംഘടിച്ച് ചെന്നിത്തല കൃഷിഭവൻ ഉപരോധിച്ചു.
ഫോര്‍ട്ട് കൊച്ചിയില്‍ യുവാവ് കുത്തേറ്റ് മരിച്ച കേസില്‍ അക്രമത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. ഫോർട്ട് കൊച്ചി സ്വദേശി ബിനോയി സ്റ്റാൻലി ആണ് മരിച്ചത്. പ്രതി അലന്‍ കരുതിക്കൂട്ടിയാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതിനു പിന്നാലെയായിരുന്നു ആക്രമണം.
തമിഴ്‌നാട്ടിലെ കമ്പത്ത് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൂന്ന് പേരെയും തിരിച്ചറിഞ്ഞു. കോട്ടയം തുപ്പള്ളി കാഞ്ഞിരത്തുംമൂട് സ്വദേശികളായ വാകത്താനത്ത് വാടകയ്ക്ക് താമസിക്കുന്ന ജോർജ് പി സ്കറിയ,ഭാര്യ മേഴ്സി, മകൻ അഖിൽ എന്നിവരാണ് മരിച്ചത്.
ഇവരെ കഴിഞ്ഞ ദിവസം മുതൽ കാണാതാകുകയായിരുന്നു. വാകത്താനം പൊലീസ് മിസിങ് കേസും രജിസ്ട്രർ ചെയ്തിരുന്നു. സാമ്പത്തിക ബാധ്യതയെ തുടർന്ന് മൂവരും ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് നിഗമനം.
ദില്ലിയിൽ എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് പരിശോധന നടത്തി. ഇന്ന് രാവിലെ ഏഴരയോടെ വഡോദരയ്ക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനത്തിലാണ് ബോംബ് ഭീഷണി ഉയര്‍ന്നത്. വിമാനത്തിനകത്തെ ശുചിമുറിയിൽ ഒരു ടിഷ്യൂ പേപ്പറിൽ ബോംബ് എന്ന് എഴുതി കണ്ടതോടെയാണ് ആശങ്ക പരന്നത്. തുടര്‍ന്ന് വിമാനത്തിനകത്തും പുറത്തും വിശദമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ക്രൗഡ്‌ഫണ്ടിംഗുമായി ഇന്ത്യാ മുന്നണി സ്ഥാനാര്‍ഥി കനയ്യ കുമാര്‍. ഇന്ത്യാ സഖ്യത്തിനായി നോര്‍ത്ത് ഈസ്റ്റ് ദില്ലി മണ്ഡലത്തിലാണ് കനയ്യ മത്സരിക്കുന്നത്. ജനാധിപത്യം സംരക്ഷിക്കാനായി ഇത് ജനങ്ങളുടെ പോരാട്ടമാണെന്നും അതിനാല്‍ ആളുകളുടെ പിന്തുണ അനിവാര്യമാണെന്നും കനയ്യ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.
സ്ത്രീകൾ ജോലിയിൽ പ്രവേശിക്കുന്നത് വർധിച്ചതോടെ വിവാഹമോചനങ്ങൾ കൂടിയെന്ന പാകിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സയീദ് അൻവർ നടത്തിയ പരാമർശങ്ങൾ വിവാദത്തിൽ. ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ വ്യാപകമായ വിമർശനങ്ങളാണ് ഉയരുന്നത്. അദ്ദേഹത്തിൻ്റെ കാലഘട്ടത്തിൽ അദ്ദേഹം ഒരു മികച്ച കളിക്കാരനായിരുന്നു. എന്നാൽ ദയനീയമായ മാനസികാവസ്ഥയെന്നും അത് മാറ്റാൻ കഴിയില്ലെന്നുമാണ് വിമർശനങ്ങൾ.
കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇന്ത്യാ മുന്നണിയെ പുറത്തുനിന്ന് പിന്തുണയ്ക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി. എന്നാൽ ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസുമായും സഹകരിക്കില്ല, അവർ തങ്ങളുടെ കൂടെയല്ല ബിജെപിക്കൊപ്പമാണെന്നും കേന്ദ്രത്തിലെ ഇന്ത്യാ മുന്നണിക്കാണ് പിന്തുണ നല്‍കുന്നതെന്നും മമത ബാനര്‍ജി വിശദീകരിച്ചു.
വെടിവയ്പിൽ പരിക്കേറ്റ സ്ലോവാക്കിയൻ പ്രധാനമന്ത്രി അപകടനില തരണം ചെയ്തതായി ഉപപ്രധാനമന്ത്രി തോമസ് തരാബ വിശദമാക്കി. അക്രമിയെ സംഭവ സ്ഥലത്ത് വച്ച് തന്നെ പിടികൂടിയിരുന്നു. രാഷ്ട്രീയ പ്രചോദിതമാണ് അക്രമ കാരണമെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ സുനില്‍ ഛേത്രി. ജൂണ്‍ ആറിന് കുവൈത്തിനെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷം ഇന്ത്യന്‍ ജേഴ്‌സി അഴിക്കുമെന്ന് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച പ്രത്യേക വീഡിയോയിലൂടെ 39കാരനായ ഛേത്രി വ്യക്തമാക്കി. 2011ല്‍ അര്‍ജുന അവാര്‍ഡും 2019ല്‍ പത്മശ്രീയും ലഭിച്ചതിന് പുറമെ ആറ് തവണ എഐഎഫ്എഫ് പ്ലെയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡും ഛേത്രിക്ക് ലഭിച്ചിട്ടുണ്ട്.