ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് അള്‍ട്രാവയലറ്റ് 2025 മാര്‍ച്ച് 5 നാണ് ഇന്ത്യയില്‍ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ ടെസറാക്റ്റും പുതിയ ഇലക്ട്രിക് ബൈക്ക് ഷോക്ക്വേവും അവതരിപ്പിച്ചത്. യഥാക്രമം 1.20 ലക്ഷം രൂപയും 1.50 ലക്ഷം രൂപ പ്രാരംഭ എക്‌സ്-ഷോറൂം വിലയിലായിരുന്നു ഇവ എത്തിയത്. ആ സമയത്ത്, ഇവിയുടെ പ്രാരംഭ വില ആദ്യത്തെ 10,000 ബുക്കിംഗുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ലോഞ്ച് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ 20,000-ത്തിലധികം ബുക്കിംഗുകളുമായി അള്‍ട്രാവയലറ്റ് ടെസറാക്റ്റ് കുതിച്ചു. വലിയ ഡിമാന്‍ഡ് ലഭിച്ചതിനെത്തുടര്‍ന്ന് ആവേശഭരിതരായി ഓഫറുകള്‍ നീട്ടിയിരിക്കുകയാണ് ഇപ്പോള്‍ കമ്പനി. അള്‍ട്രാവയലറ്റ് ടെസറാക്ടിന്റെ പ്രാരംഭ വിലകള്‍ ഇനി മുതല്‍ ആദ്യത്തെ 50,000 ബുക്കിംഗുകള്‍ക്ക് സാധുതയുള്ളതായിരിക്കും എന്നാണ് കമ്പനിയുടെ ഏറ്റവും പുതിയ പ്രഖ്യാപനം. ഈ സ്‌കൂട്ടറിന് വെറും 2.9 സെക്കന്‍ഡിനുള്ളില്‍ 0-60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും. ഇതിന്റെ ഇലക്ട്രിക് മോട്ടോര്‍ പരമാവധി 20.4 എച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്നു, പരമാവധി വേഗത മണിക്കൂറില്‍ 125 കിലോമീറ്ററാണ്. ഈ സ്‌കൂട്ടറിന്റെ വിതരണം 2026 ന്റെ ആദ്യ പാദത്തില്‍ ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.