പുറത്തോട്ടിറങ്ങിയാല്‍ കഠിന ചൂട്, ശാരീരിക ബുദ്ധിമുട്ടുകള്‍ക്ക് പുറമെ ഈ വേനല്‍ച്ചൂട് മാനസികാവസ്ഥയെയും സാരമായി ബാധിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ ചിലരില്‍ ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസികാപ്രശ്നങ്ങള് ഉണ്ടാക്കാം. ക്ലൈമറ്റ് ആങ്സൈറ്റി അഥവാ ഇക്കോ-ആങ്സൈറ്റി എന്നാണ് മനഃശാസ്ത്രത്തില്‍ ഈ ഭീതിയെ വിശേഷിപ്പിക്കുന്നത്. പരിസ്ഥിതി നാശത്തെക്കുറിച്ചുള്ള തീവ്രമായ ഭയം എന്നാണ് ക്ലൈമറ്റ് ആങ്സൈറ്റിയെ അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന് നിര്‍വചിക്കുന്നത്. 2021-ല്‍ ലാന്‍സെറ്റ് പ്ലാനറ്ററി ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച ഒരു ആഗോള സര്‍വേ പ്രകാരം 16നും 25നും ഇടയില്‍ പ്രായമായവരില്‍ 10,000 പേരെയെടുത്താല്‍ അതില്‍ 60 ശതമാനവും ആളുകളും കാലാവസ്ഥാവ്യതിയാനത്തെ കുറിച്ച് വളരെയധികം ആശങ്കാകുലരാണെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ പകുതിയിലേറെ പേരുടെ ദൈനംദിന ജീവിതത്തെ ഈ ആശങ്ക ബാധിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനത്തെയും അതിന്റെ സ്വാധീനത്തെയും കുറിച്ചുള്ള അടിസ്ഥാനപരമായ ആശങ്കയാണ് ക്ലൈമറ്റ് ആങ്സൈറ്റി. എന്നാല്‍ ഇത് രോഗനിര്‍ണ്ണയം ചെയ്യാവുന്ന ഒരു രോഗമല്ലെന്ന് ആരോഗ്യവിദ്ഗധര്‍ പറയുന്നു. കാലാവസ്ഥാ സംബന്ധമായ ദുരന്തങ്ങള്‍ പ്രതീക്ഷിക്കുന്നത് ഭയത്തിനും ദുരിതത്തിനും കാരണമാകുമെന്ന് വിദഗ്ധര്‍ പറയുന്നു. ഇത് നമ്മുടെ ശരീരത്തം ‘ഫൈറ്റ് ഓര് ഫ്രീറ്റ്’ എന്ന പ്രതികരണത്തിലേക്ക് നയിക്കുന്നു. പലര്‍ക്കും ഇത് ഒരു ട്രാമയായി പരിണമിക്കാം. ഇത് സീസണല്‍ അഫക്റ്റീവ് ഡിസോര്‍ഡറിന് സമാനമാണ്. ദിശാബോധമില്ലായ്മ, നിസ്സഹായത, ആകുലത എന്നിവയുടെ മിശ്രിതമാണിത്.
വേനല്‍ച്ചൂട് മാനസികാവസ്ഥയെയും ബാധിക്കുന്നു
