അദാനി ഗ്രൂപ്പ് ഓഹരി വില പെരുപ്പിച്ചു കാണിക്കുകയാണെന്ന യുഎസ് ഫൊറന്‍സിക് ഫിനാന്‍ഷ്യല്‍ റിസര്‍ച് സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടിന്റെ ആഘാതത്തില്‍ ഇന്ത്യന്‍ വിപണി. വെള്ളിയാഴ്ച, വ്യാപാരം ആരംഭിച്ചതു മുതല്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. സെന്‍സെക്‌സ് 1.25% ഇടിഞ്ഞ് 59,451 ആയി. നിഫ്റ്റി 17,683ല്‍ എത്തി. അദാനി ഗ്രൂപ്പ് ലിസ്റ്റ് ചെയ്ത എല്ലാ കമ്പനികളും നഷ്ടത്തിലാണ്. അദാനി ട്രാന്‍സ്മിഷന്‍ ഓഹരികള്‍ 19.2 ശതമാനവും അദാനി ടോട്ടല്‍ ഗ്യാസ് 19.1 ശതമാനവും ഇടിഞ്ഞു. 2020 മാര്‍ച്ചിനുശേഷമുള്ള എറ്റവും വലിയ ഇടിവാണ് ഇത്. അതേസമയം, അദാനി എന്റര്‍പ്രൈസസിന്റെ ഫോളോ ഓണ്‍ പബ്ലിക് ഇഷ്യു (എഫ്പിഒ) ആരംഭിച്ചു. റിപ്പോര്‍ട്ടു പുറത്തുവന്നതിനു പിന്നാലെ, ബുധനാഴ്ച ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള അദാനി ഗ്രൂപ്പിന്റെ 10 കമ്പനികളുടെയും കൂടി മൂല്യത്തില്‍ ഇന്നലെ ഏതാണ്ട് 90,000 കോടി രൂപയുടെ കുറവുണ്ടായിരുന്നു. ഉന്നയിക്കുന്ന പല ആരോപണങ്ങളും കോടതികള്‍ അടക്കം തള്ളിക്കളഞ്ഞതാണെന്നും അദാനി ഗ്രൂപ്പ് പറഞ്ഞു. എന്നാല്‍ റിപ്പോര്‍ട്ടില്‍ ഉറച്ചുനില്‍ക്കുന്നതായി ഹിന്‍ഡന്‍ബര്‍ഗ് വ്യക്തമാക്കി. റിപ്പോര്‍ട്ടിലുന്നയിച്ച 88 ചോദ്യങ്ങള്‍ക്ക് അദാനി ഗ്രൂപ്പിന് കൃത്യമായ മറുപടിയില്ലെന്നും ഏതു നടപടിയും നേരിടാന്‍ തയാറാണെന്നും അവര്‍ വ്യക്തമാക്കി.