61മത് സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന് കോഴിക്കോട്ട് തുടക്കമായി. രാവിലെ 10 മണിക്ക് കലോത്സവ ദീപം കൊളുത്തി മുഖ്യമന്ത്രി പിണറായി വിജയൻ കലാമേള ഉദ്ഘാടനം ചെയ്തു. മാറുന്ന കാലത്തേക്ക് പിടിച്ച കണ്ണാടിയാവുകയാണ് കലോൽസവമെന്ന് മുഖ്യമന്ത്രി പറഞ്ഞു.സാമൂഹ്യ വിമർശനത്തിന്റെയും നവീകരണത്തിന്റെയും ചാലു കീറാനായി വിദ്യാർഥികൾ കലാരൂപങ്ങളെ മാറ്റുന്ന സാംസ്കാരിക ഉൽസവം.വിജയിക്കലല്ല പങ്കെടുക്കുന്നതിലാണ് കാര്യം.പങ്കെടുക്കുന്നത് തന്നെ വലിയ അംഗീകാരമായി കണക്കാക്കുന്ന സംസ്കാരം കുട്ടികളും രക്ഷിതാക്കളും വളർത്തിയെടുക്കണം. അന്യം നിന്നു പോകുന്ന കലാരൂപങ്ങളുടെ വീണ്ടെടുപ്പിന് കലോൽസവങ്ങൾ സഹായിക്കുന്നു. കൊവിഡ് മുൻകരുതലുകൾ തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷമാണ് സ്കൂൾ കലാമേള വീണ്ടും നടക്കുന്നത്. കാലാനുസൃതമായി കലോൽസവ മാന്വൽ പരിഷ്കരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഗോത്രകലകളെ കലോൽസവത്തിൽ ഉൾപ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.