രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം മാസവും എസ്.ഐ.പി വഴിയുള്ള നിക്ഷേപം 26,000 കോടി കടന്നു. ജനുവരിയില്‍ 26,400 കോടി രൂപയുടെ നിക്ഷേപമാണ് എസ്.ഐ.പി വഴി നടത്തിയത്. ഡിസംബറിലെ നിക്ഷേപം 26,459 കോടിയായിരുന്നു. ഓപ്പണ്‍ എന്‍ഡഡ് മ്യൂച്വല്‍ഫണ്ടുകളിലേക്കുള്ള നിക്ഷേപം ഇക്കാലയളവില്‍ 1.87 ലക്ഷം കോടിയായി. ഡിസംബറിലെ 80,509 കോടിയില്‍ നിന്നാണ് വര്‍ധന. എല്ലാ ഓപ്പണ്‍ എന്‍ഡഡ് സ്കീമുകളിലും കൂടി ആകെ കൈകാര്യം ചെയ്യുന്ന ആസ്തി 66.98 ലക്ഷം കോടിയായി. ഡിസംബറിലെ 66.66 ലക്ഷം കോടിയില്‍ നിന്ന് നേരിയ വര്‍ധനയുണ്ട്. ഇക്വിറ്റി മ്യൂച്വല്‍ഫണ്ടുകളിലേക്കുള്ള പണമൊഴുക്കില്‍ ജനുവരിയില്‍ നാല് ശതമാനം കുറവുണ്ടായി. 41,155 കോടി രൂപയില്‍ നിന്ന് 39,687 കോടി രൂപയായി. സ്മോള്‍ ക്യാപ് ഫണ്ടുകളിലെ നിക്ഷേപം 23 ശതമാനം വര്‍ധിച്ച് 5,720 കോടിയായി. ഹൈബ്രിഡ് മ്യൂച്വല്‍ഫണ്ടുകളിലെ നിക്ഷേപത്തില്‍ ജനുവരിയില്‍ 101 ശതമാനം വര്‍ധനയുണ്ട്. 4,369 കോടി രൂപയില്‍ നിന്നാണ് 8,767 കോടിയായത്. ഇന്‍ഡെക്സ് ഫണ്ടുകളും ഇടിഎഫുകളും 1207 ശതമാനം വളര്‍ച്ചയോടെ 10,255 കോടിയിലെത്തി. ഡിസംബറില്‍ ഇത് വെറും 784 കോടിയായിരുന്നു. ഡെറ്റ് ഫണ്ടുകളില്‍ 1.28 ലക്ഷം കോടിയും ഗോള്‍ഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളില്‍ 3,751 കോടി രൂപയുമാണ് ജനുവരിയില്‍ എത്തിയത്.
26,000 കോടി കടന്ന് എസ്.ഐ.പി നിക്ഷേപം
