മുസ്ലിം ലീഗിനെ പിളർത്താൻ കോൺഗ്രസ് നീക്കമെന്ന ആരോപണമുയര്ത്തി കെ ടി ജലീൽ. കോൺഗ്രസിലുള്ള ചിലരുടെ നിക്ഷിപ്ത താൽപര്യമാണ് ഷുക്കൂർ വധവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വെളിപ്പെടുത്തലുകൾക്ക് കാരണം..
ഭിന്നിപ്പിച്ച് ലീഗിനെ കോൺഗ്രസിൽ തന്നെ നിർത്താനാണ് സുധാകരൻ ശ്രമിക്കുന്നത്. ‘സുധാകര കുബുദ്ധി’ കാണാതെ പോയാൽ ഭാവിയിൽ വലിയ വിലയാകും മുസ്ലീം ലീഗെന്ന സമുദായ പാർട്ടിക്ക് നൽകേണ്ടി വരികയെന്ന് ജലീൽ മുന്നറിയിപ്പ് നൽകി. ഇത് തിരിച്ചറിയാൻ നേതൃത്വത്തിനും അണികൾക്കും കഴിഞ്ഞില്ലെങ്കിൽ ‘മുടക്കാചരക്കായി’ കേരള രാഷ്ട്രീയത്തിൽ മുസ്ലിംലീഗ് മാറാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
നാലു പതിറ്റാണ്ടു പിന്നിട്ട കോൺഗ്രസ്സ്-ലീഗ് ബന്ധം, വർത്തമാന രാഷ്ട്രീയ സാഹചര്യത്തിൽ മുറിഞ്ഞു പോകാനുള്ള സാധ്യതകൾ മുന്നിൽ കണ്ടാവണം ലീഗിലൊരു വിമത ഗ്രൂപ്പിനെ രൂപപ്പെടുത്തി എടുക്കാൻ കോൺഗ്രസ്സ് ശ്രമിക്കുന്നത്. പൗരത്വ ഭേദഗതി നിയമം, കാശ്മീരിൻ്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നിയമം, മുത്തലാഖ് നിയമം, ഏക സിവിൽ കോഡ് പ്രശ്നം, രാമക്ഷേത്ര നിർമ്മാണത്തിന് വെള്ളി ഇഷ്ടിക നൽകി ഐക്യദാർഢ്യപ്പെട്ട വിഷയം, കാശിയിലെ ഗ്യാൻവാപി മസ്ജിദുമായും മധുരയിലെ ഈദ്ഗാഹ് മസ്ജിദുമായും ബന്ധപ്പെട്ട് സംഘ്പരിവാരങ്ങൾ ഉയർത്തുന്ന ഭീഷണി, ബീഫ് വിവാദവും അതേ തുടർന്ന് അൻപതോളം ആളുകൾ ക്രൂരമായി വധിക്കപ്പെടുകയും ചെയ്ത സംഭവങ്ങൾ, ജഹാംഗീർപൂരിൽ മുസ്ലിം ചേരികൾ ഇടിച്ചു നിരത്താനുള്ള ശ്രമം, മുഗൾ കാലത്തെ സ്ഥലനാമങ്ങൾ മാറ്റാനുള്ള ബി.ജെ.പി നീക്കം, തുടങ്ങിയ കാര്യങ്ങളിലെല്ലാമുള്ള കോൺഗ്രസ് നിസ്സംഗതയും അഴകൊഴമ്പൻ സമീപനവും മതേതര വിശ്വാസികളെ അമ്പരപ്പിച്ചത് യാദൃശ്ചികമല്ല. ഈ കാരണങ്ങൾ കൊണ്ട് ലീഗിൽ കോൺഗ്രസ് വിരുദ്ധ തിരയിളക്കം ശക്തമായിട്ടുണ്ടെന്നും ജലീൽ ഫേസ് ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തുന്നു.