ഒറ്റനോട്ടത്തില്‍ ഫ്രഷ്നെസ് നിറയ്ക്കുന്ന രസകരമായ കളര്‍ഫുള്‍ പോസ്റ്ററുകളും കാതോരത്ത് കൂടുകൂട്ടിയ കിടിലന്‍ പാട്ടുകളുമായി ഇതിനകം ഏവരുടേയും ശ്രദ്ധാകേന്ദ്രമായി മാറിയ സജിന്‍ ഗോപു, അനശ്വര രാജന് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ‘പൈങ്കിളി’ പ്രണയദിനമായ ഫെബ്രുവരി 14ന് തിയേറ്ററുകളില്‍. ‘ആവേശ’ത്തിലെ അമ്പാനായും ‘പൊന്മാനി’ലെ മരിയാനോയായുമൊക്കെ വ്യത്യസ്ത വേഷപ്പകര്‍ച്ചകളിലൂടെ വിസ്മയിപ്പിച്ച സജിന്‍ ഗോപു ആദ്യമായി നായക വേഷത്തില്‍ എത്തുന്ന സിനിമ കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. ‘ചുരുളി’, ‘ജാന്‍ എ. മന്’, ‘രോമാഞ്ചം’, ‘നെയ്മര്‍’, ‘ചാവേര്‍’ തുടങ്ങിയ ഒട്ടേറെ സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ സജിന്‍ എത്തിയിട്ടുണ്ട്. നടന് ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ‘ആവേശം’ സിനിമയിലൂടെ ശ്രദ്ധേയനായ റോഷന് ഷാനവാസ് ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ഒരുമിക്കുന്നുണ്ട്. ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്സിന്റേയും അര്‍ബന്‍ ആനിമലിന്റേയും ബാനറില്‍ ഫഹദ് ഫാസില്‍, ജിതു മാധവന് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ ‘രോമാഞ്ചം’, ‘ആവേശം’ എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിതു മാധവന് രചന നിര്‍വഹിക്കുന്നതാണ് ചിത്രമെന്ന പ്രത്യേകതയും ഉണ്ട്.
കിടിലന്‍ പാട്ടുകളുമായി ‘പൈങ്കിളി’
