ശത്രുസേനയ്ക്കു
വീഞ്ഞും വിരുന്നും
മിത്തുകള്‍, മുത്തുകള്‍ – 21
ബൈബിള്‍ കഥ
പുനരാഖ്യാനം:
ഫ്രാങ്കോ ലൂയിസ്
സിറിയന്‍ പട്ടാളം ഇസ്രയേലിനെതിരേ യുദ്ധത്തിനെത്തിയിരിക്കുന്നു. അതിര്‍ത്തിയില്‍ ഇസ്രയേല്‍ രാജാവ് പാളയമടിക്കാന്‍ എത്തുമ്പോള്‍ ആക്രമിക്കുകയാണ് സിറിയന്‍ പട്ടാളത്തിന്റെ തന്ത്രം.
പ്രവാചകനായ എലീഷ ഈ വിവരമറിഞ്ഞു. അദ്ദേഹം രഹസ്യമായി ഇസ്രയേല്‍ രാജാവിന് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തി സന്ദേശമയച്ചു. സിറിയന്‍ പട്ടാളം തമ്പടിച്ചിരിക്കുന്ന മേഖലയിലേക്കു രാജാവ് പോകാതെ വന്‍ സൈനിക വ്യൂഹത്തെ അങ്ങട്ടയച്ച് അവരെ തുരത്തി. ഇങ്ങനെ പലതവണ ഇസ്രയേല്‍ രാജാവ് രക്ഷപ്പെട്ടിട്ടുണ്ട്. എലീഷയുടെ പ്രവചന ശക്തിതന്നെ രക്ഷയ്ക്കു കാരണം.
യുദ്ധതന്ത്രങ്ങളെല്ലാം പാളുന്നുണ്ടെന്നു മനസിലാക്കിയ സിറിയന്‍ രാജാവിന് തന്റെ സ്വന്തം പാളയത്തില്‍ ശത്രുസേനയുടെ ചാരന്മാരുണ്ടെന്ന് ബലമായ സംശയം. തങ്ങളുടെ ആക്രമണതന്ത്രം മണത്തറിഞ്ഞിട്ടെന്നോണമാണ് ഇസ്രയേല്‍ രാജാവ് പ്രത്യാക്രമണം നടത്തുന്നത്. ഇസ്രയേലുമായി പലതവണ യുദ്ധത്തില്‍ തോറ്റ സിറിയന്‍ രാജാവ് ബന്‍ഹദാദ് കലിതുള്ളി. തോല്‍വിയുടെ പുളിപ്പ്.
‘നരച്ച ചാരന്മാരേ നിങ്ങളെ കൊത്തിയരിഞ്ഞ് നായ്ക്കള്‍ക്കിട്ടുകൊടുക്കും.’ ഉന്നത പട്ടാള മേധാവികളെ വിളിച്ചുവരുത്തി സിറിയന്‍ രാജാവ് ഗര്‍ജിച്ചു. – ‘നമ്മുടെ യുദ്ധതന്ത്രം ഇസ്രയേല്‍രാജാവിനു ചോര്‍ത്തിക്കൊടുത്തത് ആരാണ്. ഇത്തവണയും നമുക്കു തോല്‍ക്കേണ്ടിവന്നത് നമ്മുടെ നീക്കം അവര്‍ നേരത്തേ അറിഞ്ഞതുകൊണ്ടാണ്.’
മനസിലെ സംഘര്‍ഷം നിയന്ത്രിക്കാനാവാതെ പിറുപിറുത്തുകൊണ്ട് രാജാവ് കൊടുങ്കാറ്റുപോലെ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുകയാണ്. പടത്തലവന്മാര്‍ വിറകൊണ്ടു. ഭയചകിതമായ നിമിഷങ്ങള്‍ കൊഴിഞ്ഞു വീണു. ഒടുവില്‍ സര്‍വ സൈന്യാധിപന്‍ മുന്നോട്ടു നീങ്ങിനിന്നു.
‘പ്രഭോ! നമ്മുടെ തന്ത്രങ്ങളെല്ലാം മണത്തറിയുന്നത് ഇസ്രയേലിലെ പ്രവാചകനായ എലീഷയാണ്. അയാളാണ് വിവരമെല്ലാം ഇസ്രയേല്‍ രാജാവിനെ അറിയിക്കുന്നത്.’ പടത്തലവന്‍ ഭവ്യതയോടെ പറഞ്ഞു.
‘അവനെക്കൊന്ന് ചെന്നായ്ക്കള്‍ക്കെറിഞ്ഞുകൊടുക്ക്… ആ…. അല്ലെങ്കില്‍ വേണ്ട. അവനെ പിടിച്ചുകെട്ടി ഇവിടെ ഹാജരാക്ക്…. ഉം….. ഉടനേയാവട്ടേ?’ രാജാവിന്റെ കല്പന.
ഇസ്രയേലിലെ ദോഥാനിലായിരുന്നു എലീഷ. സിറിയന്‍ പട്ടാളം അങ്ങോട്ടു കുതിച്ചു. ദോഥാന്‍ നഗരം വളഞ്ഞ പട്ടാ ളത്തിന്റെ പടിയില്‍നിന്നു രക്ഷപ്പെടാന്‍ ഒരു മാര്‍ഗവുമില്ലെന്ന് എലീഷയ്ക്കു ബോധ്യമായി. അദ്ദേഹം ഏറെ സമയം പ്രാര്‍ഥിച്ചു.
‘ആളുകളെയും നഗരങ്ങളെയും തിരിച്ചറിയാനാവാത്ത വിധത്തില്‍ സിറിയന്‍ പട്ടാളം അന്ധരാകട്ടെ’ എലീഷ ശപിച്ചു.
നിമിഷങ്ങള്‍ക്കകം സിറിയന്‍ പട്ടാളക്കാര്‍ ചിത്തഭ്രമം ബാധിച്ചവരേപ്പോലെയായി. പരസ്പരം തിരിച്ചറിയാനാവാതെ അവര്‍ കുഴങ്ങി. അവര്‍ക്കിടയിലേക്ക് എലീഷ ധൈര്യസമേതം കടന്നു ചെന്നു. അദ്ദേഹത്തെ ആര്‍ക്കും തിരിച്ചറിയാനായില്ല.
‘നിങ്ങള്‍ അന്വേഷിക്കുന്നയാള്‍ ഇവിടെയില്ല. അയാളുള്ള നഗരത്തിലേക്ക് ഞാന്‍ നിങ്ങളെ കൊണ്ടുപോകാം. വരൂ, എന്റെ പിന്നാലെ വരൂ.’ എലീഷ പ്രവാചകന്‍ പറഞ്ഞതു വിശ്വസിച്ച് സിറിയന്‍പട്ടാളം അദ്ദേഹത്തിന്റെ പിറകേ കൂടി.
ഇസ്രയേലിലെത്തന്നെ സമരിയായിലേക്കാണ് അദ്ദേഹം അവരെ കൂട്ടിക്കൊണ്ടുപോയത്. ശത്രുപാളയത്തിലെ പടയാളികളെ കണ്ടയുടനെ ഇസ്രയേല്‍ രാജാവ് വന്‍ സൈനിക സന്നാഹവുമായി കുതിച്ചെത്തി.
‘ഇവരെ കൂട്ടത്തോടെ കശാപ്പു ചെയ്യാം അല്ലേ’ – ഇസ്രയേല്‍ രാജാവ് എലീഷയോട് അനുമതി ചോദിച്ചു.
‘അതുവേണ്ട. തല്‍ക്കാലം നിങ്ങള്‍ അവരെ സല്‍ക്കരിക്കുക. വീഞ്ഞും വിരുന്നും നല്‍കുക.’ -എലീഷ നിര്‍ദേശിച്ചു.
രാജാവും പരിചാരകരും പടയാളികളും സിറിയന്‍ പട്ടാളക്കാര്‍ക്ക് വീഞ്ഞും ഭക്ഷണവും വിളമ്പി. സുഭിക്ഷമായി ഭക്ഷണം ശാപ്പിടുന്നതിനിടയിലാണ് അവര്‍ക്കു ബോധോദയമുണ്ടായത്. ശത്രുരാജ്യമായ ഇസ്രയേലിലെ സമരിയായിലാണ് തങ്ങള്‍ വിരുന്നില്‍ പങ്കെടുക്കുന്നതെന്ന് അവര്‍ക്കു വിശ്വസിക്കാന്‍ പ്രയാസം തോന്നി. കൊത്തിയരിഞ്ഞു കൊല്ലാമായിരുന്നിട്ടും ഇസ്രയേല്‍ രാജാവ് തങ്ങളെ സല്‍ക്കരിക്കുന്നതു കണ്ട് അവര്‍ അദ്ഭുതപ്പെട്ടു. വിരുന്നുകഴിഞ്ഞ് മടങ്ങിപ്പോയ അവര്‍ സിറിയന്‍ രാജാവിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. അതോടെ സിറിയന്‍ രാജാവ് യുദ്ധക്കൊതി അവസാനിപ്പിച്ചു.