എണ്ണ വിലയില്‍ കനത്ത ഇടിവ്. ബെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 65 ഡോളറില്‍ താഴെയെത്തി. 2022 ഓഗസ്റ്റ് ഒന്നിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് ക്രൂഡ് വില ഇപ്പോഴുള്ളത്. ഇന്ന് രാവിലെ 67.48 ഡോളറില്‍ വ്യാപാരം നടന്നെങ്കിലും പിന്നീട് 64.23 ഡോളറിലേക്ക് താഴുകയായിരുന്നു. ഈ ആഴ്ച ക്രൂഡ് വിലയില്‍ 10 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. ഒപെക് രാജ്യങ്ങളുടെ എണ്ണ ഉല്‍പ്പാദനം പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതലായത് വിലയിടിയാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പ്രതിദിനം 3.18 ദശലക്ഷം ബാരല്‍ ഉല്‍പ്പാദനം പ്രഖ്യാപിച്ച ഒപെക് രാജ്യങ്ങള്‍ ഇതിനേക്കാള്‍ കൂടുതല്‍ ഉല്പാദനമാണ് നടത്തിയത്. ഇതോടെ വില തുടര്‍ച്ചയായി ഇടിയുകയാണ്. 2023 ഒക്ടോബര്‍ ആറിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിവാര ഇടിവിലേക്കാണ് ക്രൂഡ് ഓയില്‍ നീങ്ങുന്നത്. ക്രൂഡ് ഓയില്‍ വില ബാരലിന് 60 ഡോളറില്‍ താഴെയെത്തുമെന്ന് ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്. ക്രൂഡ് വില ഇടിഞ്ഞത് ഇന്ത്യന്‍ ഓഹരി വിപണിയിലും എണ്ണ കമ്പനികളുടെ വിലയിടിച്ചു. ഒ.എന്‍.ജി.സി,ഇന്ത്യന്‍ ഓയില്‍ ഓഹരി വിലകള്‍ 6 ശതമാനത്തില്‍ കൂടുതലാണ് കുറഞ്ഞത്.
ക്രൂഡ് ഓയില്‍ വിലയില്‍ കനത്ത ഇടിവ്
