ഷാഫി സംവിധാനം ചെയ്യുന്ന ഷറഫുദ്ദീന്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘ആനന്ദം പരമാനന്ദം’. ഇന്ദ്രന്‍സും പ്രധാന കഥാപാത്രമായി എത്തുന്നു. അനഘ നാരായണന്‍ നായികയാകുന്നു. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. എം സിന്ധുരാജിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ഈ ചിത്രം ഫാന്റസിയുടെ അകമ്പടിയോടെയുള്ള ഫാമിലി ഹ്യൂമറാണ്. ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ച് വിശ്രമ ജീവിതത്തിലേക്കു കടന്ന പോസ്റ്റ്മാന്‍ ‘ദിവാകരക്കുറുപ്പ്’, വിവാഹം കഴിക്കാനുള്ള സ്വപ്‌നവുമായി ഗള്‍ഫില്‍ നിന്നും എത്തുന്ന ‘പി പി ഗിരീഷ്’ എന്ന യുവാവിനേയും കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥാപുരോഗതി. ‘ദിവാകരക്കുറുപ്പി’നെ ഇന്ദ്രന്‍സും, ‘പി പി ഗിരീഷി’നെ ഷറഫുദ്ദീനും അവതരിപ്പിക്കുന്നു. അജു വര്‍ഗീസിന്റെ ‘മുളകിട്ട ഗോപി’ ഈ ചിത്രത്തിലെ മറ്റൊരു രസകരമായ കഥാപാത്രമാണ്. സാദിഖ്, കിച്ചു ടെല്ലസ്, കൃഷ്ണചന്ദ്രന്‍ , ശാലു റഹിം, കിജന്‍ രാഘവന്‍, വനിത കൃഷ്ണചന്ദ്രന്‍ ,നിഷാ സാരംഗ് എന്നിവരും പ്രധാന കഥാപാത്രണളെ അവതരിപ്പിക്കുന്നു. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ഈണം പകര്‍ന്നിരിക്കുന്നു.
ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ജയ ജയ ജയ ജയ ഹേ’. വിപിന്‍ ദാസാണ് ചിത്രം സംവിധാനം ചെയ്യന്നത്. വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമി ചേര്‍ന്നാണ് തിരക്കഥ എഴുതുന്നത്. ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഒക്ടോബര്‍ 28ന് ആണ് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുക. അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പരവൂര്‍, മഞ്ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവില കുറയുന്നത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ ഇടിഞ്ഞിരുന്നു. ഇന്നും 80 രൂപയാണ് കുറഞ്ഞത്. ഇതോടെ രണ്ട് ദിവസംകൊണ്ട് 240 രൂപ ഇടിഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37000 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4625 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 3830 രൂപയാണ്.
2022-23 സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് 223.10 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേ പാദത്തിലെ 187.06 കോടി രൂപയുടെ നഷ്ടം മറികടന്നാണ് ഈ നേട്ടം. സെപ്തംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ 246.43 കോടി രൂപയാണ് നികുതി അടവുകള്‍ക്ക് മുമ്പുള്ള ലാഭം. ഇത് ബാങ്കിന്റെ എക്കാലത്തേയും ഉയര്‍ന്ന നേട്ടമാണ്. പാദവാര്‍ഷിക അറ്റ പലിശ വരുമാനം 726.37 കോടി രൂപയാണ്. ഇത് ബാങ്കിന്റെ എക്കാലത്തേയും ഉയര്‍ന്ന ത്രൈമാസ അറ്റ പലിശ വരുമാനമാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കാസ നിക്ഷേപം 14.10 ശതമാനം വര്‍ധിച്ച് 30,548 കോടി രൂപയായി. സേവിങ്സ് നിക്ഷേപം 14 ശതമാനവും കറന്റ് നിക്ഷേപം 14.65 ശതമാനവും വര്‍ധിച്ച് യഥാക്രമം 25,538 കോടി രൂപയും 5010 കോടി രൂപയിലുമെത്തി. റീട്ടെയ്ല്‍ നിക്ഷേപം 5.71 ശതമാനം വര്‍ധിച്ച് 87,111 കോടി രൂപയിലും, എന്‍ആര്‍ഐ നിക്ഷേപം 2.52 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 27,500 കോടി രൂപയിലുമെത്തി.
നടന്നുകൊണ്ടിരിക്കുന്ന പാരീസ് മോട്ടോര്‍ ഷോയിലൂടെ ഐക്കണിക്ക് വാഹനമായ റെനോ 4 തിരിച്ചുവരുന്നു. 2025-ല്‍ ആഗോളതലത്തില്‍ അവതരിപ്പിക്കാനിരിക്കുന്ന റെനോ 4 റെട്രോ-സ്‌റ്റൈല്‍ ഇലക്ട്രിക് എസ്യുവി കമ്പനി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വടക്കന്‍ ഫ്രാന്‍സിലെ കമ്പനിയുടെ പുതിയ ഇലക്ട്രിസിറ്റി പ്രൊഡക്ഷന്‍ ഹബ്ബില്‍ പുതിയ റെനോ 5 നൊപ്പം പുതിയ മോഡല്‍ നിര്‍മ്മിക്കും. പുതിയ റെനോ 4 കോംപാക്റ്റ് ഇലക്ട്രിക് എസ്യുവിക്ക് 4,160 എംഎം നീളവും 1,950 എംഎം വീതിയും 1,900 എംഎം ഉയരവുമുണ്ട്, കൂടാതെ 2,570 എംഎം വീല്‍ബേസുമുണ്ട്. ലോഞ്ച് സമയത്ത് കമ്പനി റെനോ 4 ന്റെ 4ഡബ്‌ളിയുഡി പതിപ്പും അവതരിപ്പിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
പുരോഗമനവാദി. മണ്ണിനെയും മനുഷ്യനെയും കരുതലോടെ ചേര്‍ത്തുനിര്‍ത്തുന്ന മനുഷ്യസ്‌നേഹി. ആശയപരമായ ഔന്നത്യത്തോടെ നില്‍ക്കുന്ന എഴുത്തുകാരന്‍. ഭാരതത്തിന്റെ സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവും പാരിസ്ഥിതികവുമായ ഇടപെടലുകളോടെ, രാഷ്ട്രീയ അവബോധത്തിന്റെ ചിന്താധാരകള്‍ പകരുന്ന എഴുത്ത്. രാഷ്ട്രീയാതീതമായ കാഴ്ചപ്പാടില്‍, ഇന്ത്യയെന്ന സ്വരാജ്യത്തെ നെഞ്ചോട് ചേര്‍ത്തെഴുതിയ കുറിപ്പുകളുടെ സമാഹാരം. ‘ഹൃദയത്തിന്റെ മുഖക്കുറിപ്പുകള്‍’. ടി എന്‍. പ്രതാപന്‍. ഗ്രീന്‍ ബുക്‌സ്. വില 142 രൂപ.
ദീപാവലി ഇങ്ങെത്തുന്നതോടെ എന്നും മധുരപലഹാരങ്ങളുടെ ബഹളമായിരിക്കും. പക്ഷെ കണക്കില്ലാതെ കഴിച്ചുകൂട്ടുന്നത് ദഹനപ്രശ്നമടക്കം പല ബുദ്ധമുട്ടുകളും ഉണ്ടാക്കുമെന്ന് സംശയം വേണ്ട. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് നിയന്ത്രിച്ചും വ്യായാമം ചെയ്തുമെല്ലാം ദഹനപ്രശ്നങ്ങളെ ഒരു പരിധി വരെ നമുക്ക് പിടിച്ചുനിര്‍ത്താം. ഇതിനുപുറമെ തൈര്, ഇഞ്ചി പോലുള്ളവയും നിങ്ങളെ സഹായിക്കും. ദഹനത്തിന് ഏറ്റവും മികച്ചതാണ് തൈര്. ഇത് പല രീതിയില്‍ നമ്മുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം എന്നതാണ് ഏറ്റവും ഗുണകരം. തൈരില്‍ പ്രൊബയോട്ടിക്സ് അടങ്ങിയിട്ടുള്ളതിനാല്‍ ദഹനം ശരിയാകാനും വയറിന്റെ ആരോഗ്യത്തിനും നല്ലതാണ്. ഫൈബറിന്റെ ഒരു മികച്ച സോഴ്സ് ആയ കസ്‌കസും പ്രൊബയോടിക്സിന്റെ അതേ പ്രയോജനമാണ് നല്‍കുന്നത്. വയറില്‍ ആവശ്യമുള്ള ബാക്ടീരിയയെ നല്‍കി ദഹനം സുഗമമാക്കാന്‍ ഇത് സഹായിക്കും. തലേദിവസം രാത്രി വെള്ളത്തില്‍ കുതിര്‍ത്ത് ഇവ പ്രഭാതഭക്ഷണത്തിനൊപ്പം കഴിക്കാം. ദഹനത്തിന് സഹായിക്കുകയും ഉദരസംബന്ധമായ മറ്റ് ബുദ്ധമുട്ടുകള്‍ക്ക് പരിഹാരമാകുകയും ചെയ്യുന്ന ഒന്നാണ് ഇഞ്ചി. ചെറുകുടലിലൂടെ ഭക്ഷണം സുഘമമായി പോകുന്നതിനും നെഞ്ചെരിച്ചില്‍, ഓക്കാനം, വയറുവേദന തുടങ്ങിയ പ്രശ്നങ്ങള്‍ കുറയ്ക്കാനും ഇഞ്ചി നല്ലതാണ്. ബീറ്റ്റൂട്ടിലും ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. അച്ചാറായും സാലഡായും തോരനായുമെല്ലാം ബീറ്റ്റൂട്ടിനെ ആഹാരത്തില്‍ ഉള്‍പ്പെടുത്താം. ചിലര്‍ ജ്യൂസടിച്ചും കുടിക്കാറുണ്ട്. ആപ്പിളില്‍ പെക്ടിന്‍ ധാരാളമുണ്ട്. ഇത് വയറിളക്കവും മലബന്ധവും ഉണ്ടാകുമ്പോള്‍ വ്യാപകമായി ഉപയോഗിക്കാറുണ്ട്. ഇതിനുപുറമേ വന്‍കുടലിലെ വീക്കം, അണുബാധ തുടങ്ങിയ പ്രശ്നങ്ങള്‍ക്കുള്ള സാധ്യതയും ഇത് കുറയ്ക്കും. പെരുംജീരകം മലബന്ധം തടയുകയും ദഹനനാളത്തിലെ പേശികളെ മൃദുലമാക്കുകയും ചെയ്യും. ഗ്യാസ്, വയറുകമ്പിക്കുക തുടങ്ങിയ ബുദ്ധിമുട്ടകളെ അകറ്റിനിര്‍ത്താനും ഇത് സഹായിക്കും. രാവിലെ ഉറക്കമുണരുമ്പോള്‍ ഒരു ഗ്രാസ് പെരും ജീരകം ഇട്ട വെള്ളം കുടിക്കുന്നത് നല്ലതാണ്.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 82.68, പൗണ്ട് – 92.66, യൂറോ – 80.95, സ്വിസ് ഫ്രാങ്ക് – 82.33, ഓസ്ട്രേലിയന്‍ ഡോളര്‍ – 51.91, ബഹറിന്‍ ദിനാര്‍ – 219.27, കുവൈത്ത് ദിനാര്‍ -266.06, ഒമാനി റിയാല്‍ – 214.70, സൗദി റിയാല്‍ – 22.00, യു.എ.ഇ ദിര്‍ഹം – 22.50, ഖത്തര്‍ റിയാല്‍ – 22.70, കനേഡിയന്‍ ഡോളര്‍ – 60.02.