തെന്നിന്ത്യയില്‍ തൊട്ടതില്‍ മിക്കതും പൊന്നാക്കിയ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകന്‍ ഷങ്കറിന്റെ അടുത്ത ചിത്രം തെലുങ്കിലാണ്. രാം ചരണ്‍ നായകനാവുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. ‘ഗെയിം ചേഞ്ചര്‍’ എന്നാണ് ചിത്രത്തിന്റെ പേര്. രാം ചരണിന്റെ പിറന്നാള്‍ ദിനത്തിലാണ് പ്രഖ്യാപനം. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം നിര്‍മ്മിക്കുന്നത് ദില്‍ രാജുവാണ്. കിയാര അദ്വാനിയാണ് നായിക. അഞ്ജലി, സമുദ്രക്കനി, എസ് ജെ സൂര്യ, ശ്രീകാന്ത്, സുനില്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ് യു വെങ്കടേശന്‍, ഫര്‍ഹാസ് സാംജി, വിവേക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. 2021ന്റെ ആദ്യപാദത്തില്‍ ചിത്രീകരണം തുടങ്ങിയ സിനിമയാണ് ഇത്. തെലുങ്കിനൊപ്പം തമിഴ്, ഹിന്ദി ഭാഷകളിലും തിയറ്ററുകളില്‍ എത്തും. റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. കമല്‍ ഹാസനെ നായകനാക്കി ഒരുക്കുന്ന ഇന്ത്യന്‍ 2 ആണ് ഷങ്കറിന്റേതായി പുറത്തെത്താനുള്ള മറ്റൊരു ചിത്രം.