ബംഗളൂരു ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയായ സര്‍വം എഐ, തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത ലാര്‍ജ് ലാംഗ്വേജ് മോഡല്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. ഇന്ത്യയിലെ വൈവിധ്യമാര്‍ന്ന ഭാഷാപരവും സാമൂഹ്യപരവുമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി എഐ ഗവേഷണങ്ങളെ പ്രായോഗിക പരിഹാരങ്ങളാക്കി മാറ്റാന്‍ ലക്ഷ്യമിട്ടുള്ളതാണ് സംരംഭം. ഇംഗ്ലീഷിനെ മാത്രം ആശ്രയിക്കുന്ന മറ്റ് എഐ ചാറ്റ്‌ബോട്ടുകളില്‍ നിന്ന് വ്യത്യസ്തമായി, ഇന്ത്യന്‍ ഭാഷകളെ പിന്തുണയ്ക്കുന്നതിനാണ് സര്‍വം എഐ പ്രാധാന്യം നല്‍കുന്നത്. തുടക്കത്തില്‍ മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, മറാത്തി, ഗുജറാത്തി, കന്നഡ, ഒഡിയ, പഞ്ചാബി എന്നീ 10 ഭാഷകളില്‍ ഇതിന്റെ വോയ്സ് അധിഷ്ഠിത സൊല്യൂഷനുകള്‍ ലഭ്യമാകും. ഇത് ഗ്രാമീണ മേഖലയിലുള്ളവര്‍ക്കും ഇംഗ്ലീഷ് സംസാരിക്കാത്തവര്‍ക്കും സംഭാഷണ എഐയുടെ പ്രയോജനം ലഭിക്കാന്‍ സഹായിക്കും. ഡിസംബറിനും ജനുവരിക്കും ഇടയില്‍ എ.ഐ ചാറ്റ്‌ബോട്ട് പുറത്തിറക്കുമെന്നാണ് കരുതുന്നത്.
