സജി ചെറിയാനെ മന്ത്രിയാക്കുന്നത് ജനങ്ങളെ പരിഹസിക്കുന്നതിനും പൊതുസമൂഹത്തെ വെല്ലുവിളിക്കുന്നതിനും തുല്യമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്ന സാഹചര്യം അതേപടി നിലനില്‍ക്കുകയാണ്. ഭരണഘടനയെയും ഭരണഘടനാ ശില്‍പികളെയും അവഹേളിച്ച വിവാദ പ്രസംഗത്തിന്റെ വീഡിയോ പരിശോധിക്കുകയോ കൃത്യമായി തെളിവെടുപ്പ് നടത്തുകയോ ചെയ്യാതെ സജി ചെറിയാനെ കുറ്റവിമുക്തനാക്കുകയെന്ന ലക്ഷ്യത്തോടെ പോലീസ് നടത്തിയ
തട്ടിക്കൂട്ട് അന്വേഷണമാണ് ഇത്. മുഖ്യമന്ത്രിയുടെ അറിവും സമ്മതവും ഇതിലുണ്ടെന്നും സതീശൻ പറഞ്ഞു.
കേസ് കോടതിയുടെ പരിഗണനയിലിരിക്കെ സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാന്‍ തീരുമാനിച്ചത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ഭരണഘടനയെ അവഹേളിച്ചയാളെ മന്ത്രിയാക്കുക, ഭരണഘടനയെ കുറിച്ച് വാതോരാതെ സംസാരിക്കുക. ഇതെല്ലാം കാണിക്കുന്നത്
സി.പി.എമ്മിന്റെ ഇരട്ടത്താപ്പാണ്.
ആര്‍.എസ്.എസ് നേതാവ് ഗോള്‍വാള്‍ക്കറിന്റെ ബഞ്ച് ഓഫ് തോട്ട്സില്‍ പറയുന്ന അതേ കാര്യങ്ങളാണ് സജി ചെറിയാനും പറഞ്ഞത്. അതൊന്നും സജി ചെറിയാൻ പിൻ വലിച്ചിട്ടുമില്ല. ഭരണഘടനയെ അവഹേളിച്ച ഒരാളെ വീണ്ടും മന്ത്രിയാക്കുന്നതിലൂടെ സി.പി.എം എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും വിഡി സതീശൻ ചോദിച്ചു.