രാജ്യത്ത് ഡക്കാത്ത്‌ലണ്‍ മാതൃകയില്‍ സ്പോര്‍ട്സ് ഉതപ്ന്നങ്ങള്‍ക്കായുള്ള ഔട്ട്ലറ്റുകള്‍ തുറക്കാന്‍ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് റീറ്റെയ്ല്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. കോവിഡിനു ശേഷം രാജ്യത്തെ കായിക വിപണി വലിയ വളര്‍ച്ചയാണ് നേടുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ 8,000-10,000 ചതുരശ്ര അടി സ്ഥലം ഏറ്റെടുക്കാന്‍ റിലയന്‍സ് റീറ്റെയ്ല്‍ ശ്രമങ്ങള്‍ തുടങ്ങിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2009ല്‍ ഇന്ത്യന്‍ കായിക ഉത്പന്ന വിപണിയിലേക്ക് കടന്ന ഫ്രഞ്ച് ബ്രാന്‍ഡായ ഡക്കാത്ത്‌ലണ്‍ വളരെ പെട്ടെന്നാണ് മാര്‍ക്കറ്റ് പിടിച്ചത്. ഇതേ മോഡല്‍ പിന്തുടരാനാണ് റിലയന്‍സിന്റെ നീക്കം. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 3,955 കോടി രൂപയായിരുന്നു ഡക്കാത്ത്‌ലണിന്റെ വരുമാനം. തൊട്ട് മുന്‍ സാമ്പത്തിക വര്‍ഷങ്ങളില്‍ ഇത് യഥാക്രമം 2,936 കോടി രൂപയും 2,079 കോടി രൂപയും മാത്രമായിരുന്നു. ഓരോ വര്‍ഷവും 10 സ്റ്റോറുകള്‍ പുതുതായി തുറന്നു കൊണ്ടാണ് ഡക്കാത്ത്‌ലണ്‍ മുന്നേറുന്നത്. പ്രാദേശികമായ ആവശ്യങ്ങള്‍ക്കനുസരിച്ച് സ്റ്റോറുകളുടെ വലിപ്പം നിശ്ചയിക്കുകയും ഓരോ പ്രദേശത്തിന്റെയും സ്വഭാവത്തിനനുസരിച്ചുള്ള ഉത്പന്നങ്ങള്‍ മാത്രം അവതരിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ വിപണിയില്‍ കായിക ഉത്പന്ന ബാന്‍ഡുകളെല്ലാം തന്നെ നല്ല വളര്‍ച്ചയാണ് നേടുന്നത്. പ്യൂമ, അഡിഡാസ്, സ്‌കെച്ചേഴ്സ് എന്നിവ സംയുക്തമായി 2023 സാമ്പത്തിക വര്‍ഷത്തില്‍ നേടിയത് 11,617 കോടി രൂപയുടെ വരുമാനമാണ്. രണ്ട് വര്‍ഷം മുമ്പ് ഇത് വെറും 5,022 കോടി രൂപയായിരുന്നു. ്‌റിലയന്‍സ് റീറ്റെയില്‍ വൈവിധ്യവത്കരണത്തിന്റെ ഭാഗമായി കൂടുതല്‍ മേഖലകളിലേക്ക് കടക്കുകയാണ്.