കേന്ദ്ര സര്‍ക്കാരിന് ആശ്വാസമായി റിസര്‍വ് ബാങ്കിന്റെ റെക്കോഡ് ലാഭവിഹിതം. നടപ്പ് സാമ്പത്തിക വര്‍ഷത്തേക്ക് 2.87 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാരിലേക്ക് സര്‍പ്ലസ് ട്രാന്‍സ്ഫര്‍ ആയി നല്‍കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 2.69 ലക്ഷം കോടി രൂപയായിരുന്നു. റെക്കോഡ് തുകയാണ് കൈമാറുന്നതെങ്കിലും ഇത് സര്‍ക്കാരിന്റെ പ്രതീക്ഷയേക്കാള്‍ താഴെയാണ്. ഈ വര്‍ഷത്തെ യൂണിയന്‍ ബജറ്റില്‍ സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത് മൊത്തം 3.16 ലക്ഷം കോടി രൂപയായിരുന്നു. ആര്‍ബിഐയുടെ ലാഭവിഹിതം 2.9 ലക്ഷം കോടി രൂപയ്ക്കും 3.2 ലക്ഷം കോടി രൂപയ്ക്കും ഇടയിലായിരിക്കും എന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ വിലയിരുത്തിയിരുന്നത്. 2023-24 ല്‍ 2.11 ലക്ഷം കോടി രൂപയാണ് ലഭിച്ചത്. 2022-23 ല്‍ 87,416 കോടി രൂപയും 2018-19ല്‍ 1.76 ലക്ഷം കോടിയും ആര്‍ബിഐ കൈമാറിയിരുന്നു. ആര്‍ബിഐയില്‍ നിന്നുള്ള ഈ വന്‍ തുകയ്ക്ക് പോലും കേന്ദ്ര സര്‍ക്കാരിന്റെ ധനക്കമ്മി ലക്ഷ്യമായ 4.3 ശതമാനത്തില്‍ എത്തുന്നതിലെ കുറവ് നികത്താന്‍ പൂര്‍ണമായി സാധിക്കില്ലെന്നാണ് റോയിട്ടേഴ്സ് സര്‍വേ വെളിപ്പെടുത്തുന്നത്.
