ചിത്രകലയെ കുറിച്ച് പറയുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന പേരാണ് രാജാരവിവർമ്മയുടേത്. രവിവർമ്മ ചിത്രങ്ങൾ എല്ലാം തന്നെ ജനഹൃദയങ്ങളിൽ ആഴത്തിൽ പതിഞ്ഞവയാണ്. തലമുറകൾ കൈമാറി സൂക്ഷിക്കുന്ന പാരമ്പര്യതനിമ. രാജാ രവിവർമ്മയെ കുറിച്ച് ഇനിയും അറിയാനുണ്ട് പലതും….!!!!
രാജാക്കന്മാർക്കിടയിലെ ചിത്രകാരനും ചിത്രകാരന്മാർക്കിടയിലെ രാജാവുമായിരുന്നു രാജാ രവിവർമ്മ . ചിത്രരചന യൂറോപ്യന്മാരുടെ കലയാണ് എന്ന് സാധാരണക്കാർ ചിന്തിച്ചിരുന്ന കാലത്ത്, സ്വന്തം ചിത്രങ്ങളിലൂടെ ചിത്രകലയുടെ മഹത്വം അദ്ദേഹം ജനങ്ങളിലേക്ക് എത്തിച്ചു. അദ്ദേഹത്തിന്റെ വരകളിലെ വേഷവിധാനത്തിലൂടെ സാംസ്കാരിക പുരോഗതിക്കും വഴിതെളിച്ചു.
എഴുമാവിൽ നീലകണ്ഠൻ ഭട്ടതിരിപ്പാടിന്റെയും ഉമാ അംബാഭായി തമ്പുരാട്ടിയുടേയും പുത്രനായി 1848 ഏപ്രിൽ 29ന് കിളിമാനൂർ കൊട്ടാരത്തിൽ രാജാ രവിവർമ്മ ജനിച്ചു. പുരാണകഥകളോടായിരുന്നു അദ്ദേഹത്തിന് കുട്ടിക്കാലത്തേ താൽപര്യം. കുട്ടിക്ക് രണ്ടു മൂന്ന് വയസ്സായപ്പോൾ തന്നെ കിളിമാനൂർ കൊട്ടാരത്തിന്റെ ചുവരുകൾ ചിത്രങ്ങൾ കൊണ്ട് നിറഞ്ഞു തുടങ്ങി.അദേഹത്തിന്റെ സഹോദരി മംഗളാ ഭായി തമ്പുരാട്ടിയും ചിത്രകാരി ആയിരുന്നു.
അദ്ദേഹം കുട്ടിയായിരുന്നപ്പോൾ ചുമരുകളിൽ വരച്ചിട്ട ആ കരിക്കട്ടച്ചിത്രങ്ങളുടെ തനിമ കണ്ടറിഞ്ഞ അദ്ദേഹത്തിന്റെ അമ്മാവൻ കൊച്ചു കുട്ടിയെ ചിത്രകല പഠിപ്പിക്കുവാൻ തീരുമാനിച്ചു. സ്വാതിതിരുനാൾ മഹാരാജാവിന്റെ ആസ്ഥാന ചിത്രകാരനും കൂടി ആയിരുന്ന രാജരാജവർമ്മ കുട്ടിയിലെ പ്രതിഭ കണ്ടെത്തുകയും ഉടൻ തന്നെ ചിത്രകല പഠിപ്പിക്കുവാൻ ആരംഭിക്കുകയും ചെയ്തു. ഒരിക്കൽ ഗുരുവും അമ്മാവനുമായ രാജരാജവർമ്മ പകുതി വരച്ചിട്ടു പോയ ഒരു ചിത്രം, ഗുരു, മനസ്സിൽ കണ്ടതുപോലെ തന്നെ രവിവർമ്മ പൂർത്തിയാക്കി . പ്രകൃതി ഭംഗിയും ഈ ലോകത്തിലെ എല്ലാ ചരാചരങ്ങളെയും മനസ്സിൽ ഒപ്പിയെടുക്കുകയും അവയെ ചിത്രത്തിൽ പകർത്തുകയും ചെയ്യുക എന്നതാണ്കൊച്ചുരവിവർമ്മയ്ക്ക് ഏറ്റവും സന്തോഷമുള്ള കാര്യം. കഥകളി സംഗീതത്തിലും കച്ചകെട്ടിയാടുന്നതിലും താളം പിടിക്കുന്നതിലുമെല്ലാം കഴിവു തെളിയിച്ച ആ കുട്ടി അങ്ങനെ ബഹുമുഖപ്രതിഭയായി വളർന്നു.
അന്ന്തിരുവിതാംകൂറിന്റെ ഭരണാധികാരിയായ ആയില്യം തിരുനാളിന്റെ അടുത്ത് രാജരാജവർമ്മയുമൊത്ത് രവിവർമ്മ എത്തി. പതിനാല് വയസ്സു മാത്രമുണ്ടായിരുന്ന രവിവർമ്മയുടെ ചിത്രങ്ങൾ കണ്ട് സന്തുഷ്ടനായ മഹാരാജാവ്, തിരുവനന്തപുരത്ത് താമസിക്കാനും ചിത്രമെഴുത്ത് കൂടുതൽ പരിശീലിക്കാനും എണ്ണച്ചായ-ചിത്രരചന പുതിയതായി പഠിക്കാനും രവിവർമ്മയോടു നിർദ്ദേശിച്ചു. വിദേശത്തുനിന്നും സ്വദേശത്തുനിന്നും എത്തിയ അപൂർവ്വ ചിത്രരചനാ-പാഠപുസ്തകങ്ങളും രവിവർമ്മയ്ക്ക് സഹായകമായി. കൂടാതെ തിരുവനന്തപുരം വലിയകൊട്ടാരത്തിൽ രവിവർമ്മയ്ക്കായി ചിത്രശാലയും ഒരുങ്ങി.
അക്കാലത്ത് തിരുവിതാംകൂറിൽ എണ്ണച്ചായച്ചിത്രങ്ങൾ വരക്കുന്ന ഏക ചിത്രകാരൻ മധുര സ്വദേശിയായ രാമസ്വാമി നായ്ക്കർ ആയിരുന്നു. അദ്ദേഹത്തിനടുത്ത് ശിഷ്യനാകാൻ താത്പര്യം പ്രകടിപ്പിച്ച രവിവർമ്മയ്ക്ക്, പാഠങ്ങൾ പറഞ്ഞു കൊടുക്കാൻ നായ്ക്കർക്ക് സമ്മതമല്ലായിരുന്നു. എന്നാൽ രവിവർമ്മ കൊട്ടാരത്തിലെ വിദേശ എണ്ണച്ചായച്ചിത്രങ്ങൾ നോക്കി സ്വയം പഠിക്കാൻ ആരംഭിച്ചു. സ്വയം ചായക്കൂട്ടുകൾ നിർമ്മിക്കാനും അദ്ദേഹം ശീലിച്ചു. 1866-ൽ മാവേലിക്കര രാജകുടുംബത്തിൽ നിന്നും ഭരണി തിരുനാൾ റാണി ലക്ഷ്മി ബായ് തമ്പുരാട്ടിയുടെ സഹോദരി പൂരൂരുട്ടാതിതിരുനാൾ തമ്പുരാട്ടിയെ രവിവർമ്മ വിവാഹം ചെയ്തു. അദ്ദേഹത്തിന്റെ മകന്റെ പേര് രാമ വർമ്മ രാജാ എന്നാണ്.
രവിവർമ്മ എണ്ണച്ചായത്തിൽ വരച്ച ബക്കിങ്ങ്‌ഹാം പ്രഭുവിന്റെ ഛായാ ചിത്രം മദ്രാസ് ഗവൺമന്റ് ആസ്ഥാനത്ത് സ്ഥാപിച്ചതോടെ രവിവർമ്മ പ്രശസ്തിയിലേക്ക് ഉയർന്നു. 1871-ൽ മഹാരാജാവിൽ നിന്ന് അദ്ദേഹത്തിന് വീരശൃംഖല ലഭിച്ചു, കൂടാതെ ആസ്ഥാന ചിത്രകാരനായി അവരോധിക്കപ്പെടുകയും ചെയ്തു. 1873-ൽ മദ്രാസിൽ നടന്ന കലാപ്രദർശനത്തിൽ പല യൂറോപ്പ്യൻ ചിത്രകാരന്മാരുടെ ചിത്രങ്ങളേയും പിന്തള്ളി രവിവർമ്മയുടെ ‘മുല്ലപ്പൂ ചൂടിയ നായർ വനിതക്ക്’ ഒന്നാം സമ്മാനമായ സുവർണ്ണമുദ്ര ലഭിച്ചതോടെ അദ്ദേഹത്തിന്റെ പ്രസിദ്ധി കടൽ കടന്നു.
വിയന്നയിൽ നടന്ന ലോകകലാ പ്രദർശനത്തിലും ഇതേ ചിത്രത്തിനു സമ്മാനം ലഭിച്ചു. ഇതോടെ ഇന്ത്യയിലേയും വിദേശത്തേയും പത്രങ്ങൾ രവിവർമ്മയുടെ പ്രതിഭയെ പ്രകീർത്തിച്ച് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. 1874-ൽ മദ്രാസിൽ നടന്ന കലാപ്രദർശനത്തിൽ ‘തമിഴ്സ്ത്രീയുടെ ഗാനാലാപനം’ എന്ന ചിത്രം ഒന്നാം സമ്മാനത്തിനർഹമായി, അതോടു കൂടി രവിവർമ്മയുടെ പ്രശസ്തി വീണ്ടും ഉയരങ്ങളിലേക്കെത്തി. 1876-ൽ മദ്രാസിൽ നടന്ന ചിത്രപ്രദർശനത്തിലേക്ക് രവിവർമ്മ തന്റെ ‘ശകുന്തളയുടെ പ്രേമലേഖനം’ എന്ന ചിത്രം അയച്ചു. ചിത്രകലയിലെ വിസ്മയമായി ആ ചിത്രം വാഴ്ത്തപ്പെട്ടു. പലരും എന്തു വിലകൊടുത്തും ആ ചിത്രം വാങ്ങാൻ ശ്രമിച്ചിരുന്നെങ്കിലും ബക്കിങ്ങ്‌ഹാം പ്രഭു അതു നേരത്തേ തന്നെ വാങ്ങിയിരുന്നു. ഈ ചിത്രം കണ്ട സർ മോണിയർ വില്യംസ് തന്റെ അഭിജ്ഞാനശാകുന്തളത്തിന്റെ ഇംഗ്ലീഷ് തർജ്ജമയ്ക്ക് മുഖചിത്രമായി ചേർക്കാൻ അനുവാദം തേടി. അങ്ങനെ 28 വയസ്സ് തികയും മുമ്പെ ലോകപ്രശസ്ത ചിത്രകാരനായി രവിവർമ്മ മാറി.
1879 -മുതൽ ഗ്രന്ഥകാരനും ചിത്രകാരനുമൊക്കെ ആയിരുന്ന അനുജൻ സി.രാജരാജവർമ്മ ആയിരുന്നു രവിവർമ്മയുടെ കാര്യങ്ങൾ നോക്കിയത്. കലയ്ക്കു വേണ്ടി ജീവിതം പഠിക്കാൻ അവർ ഇന്ത്യ മുഴുവൻ കറങ്ങി,ഒട്ടനവധി ഭാഷകൾ പഠിച്ചു . ബറോഡ് രാജാവിന്റെ സ്ഥാനാരോഹണ ചടങ്ങിൽ ചിത്രകാരൻ എന്ന നിലയിൽ രവിവർമ്മ പ്രത്യേക അതിഥിയായി. ആക്കാലത്ത് രവിവർമ്മയ്ക്കു വരുന്ന കത്തുകൾ കൈകാര്യം ചെയ്യുന്നതിനായി കിളിമാനൂരിൽ ഒരു തപാൽ കാര്യാലയം തുറക്കേണ്ടി വന്നു. 1890-ൽ രവിവർമ്മയുടെ 14 ചിത്രങ്ങൾ തിരുവന്തപുരത്ത് പ്രദർശനത്തിനു വെച്ചു.
ആയില്യംതിരുനാൾ മഹാരാജാവിനെ തുടർന്ന് ഭരണം ഏറ്റെടുത്ത ശ്രീമൂലംതിരുനാളിന്റെ പ്രോത്സാഹനക്കുറവിനെ തുടർന്ന് രവിവർമ്മ മുംബൈയിലേക്ക് മാറി. ബറോഡ രാജാവ് തന്റെ സ്വന്തം ചെലവിൽ രവിവർമ്മയുടെ പ്രദർശനം അവിടെ നടത്തി. ആയിരങ്ങളാണ് അത് കാണാനെത്തിയത്, അന്ന് വിറ്റഴിഞ്ഞ ചിത്രങ്ങളുടെ കോപ്പികളുടെ എണ്ണം ലക്ഷത്തോടടുത്തു വരും. അക്കാലത്ത് രവിവർമ്മ, വ്യവസായി ആയിരുന്ന ഗോവർദ്ധനദാസ് മക്കൻജിയുമായി ചേർന്ന് മുംബൈയിൽ ചിത്രമുദ്രണ അച്ചുകൂടം സ്ഥാപിച്ചു. 1893-ൽ ഷിക്കാഗോവിൽ നടന്ന ലോകമേളയിൽ മലബാർ മനോഹരി, അച്ഛൻ അതാ വരുന്നു, വധു തുടങ്ങി പത്ത് ചിത്രങ്ങൾ അയച്ചിരുന്നു, അവിടെയും രവിവർമ്മയ്ക്കായിരുന്നു ഒന്നാം സ്ഥാനം. 1897-ൽ മുംബൈയിൽ പ്ലേഗ് പടർന്നു പിടിച്ചതോടെ തിരുവനന്തപുരത്തെത്തിയ രവിവർമ്മ, പങ്കുകാരന് നഷ്ടമുണ്ടാകാതിരുക്കാൻ മുദ്രണാലയം വിറ്റു. 1904-ൽ ബ്രിട്ടീഷ് ഭരണകൂടം “കൈസർ-എ-ഹിന്ദ്” എന്ന മറ്റാർക്കും നൽകാത്ത ബഹുമതി രവിവർമ്മയ്ക്ക് നൽകി.
1904 നവംബറിൽ അനുജൻ രാജരാജവർമ്മ മരിച്ചു, ഇത് രവിവർമ്മയെ മാനസികമായി തളർത്തി. 1906 ആയപ്പോഴേക്കും പ്രമേഹ രോഗബാധിതനായിരുന്ന രവിവർമ്മയുടെ നില മോശമായി. ലോകമെമ്പാടു നിന്നും ആരാധകരും മിത്രങ്ങളും അദ്ദേഹത്തെ കാണാനായി എത്തിക്കൊണ്ടിരുന്നു. ഒക്ടോബർ രണ്ടിന് അദ്ദേഹം മരണത്തെ പുൽകി.
അഴകും തന്മയത്വവും സമന്വയിപ്പിച്ച് അദ്ദേഹം വരച്ച ചിത്രങ്ങൾ ഭാരതീയസങ്കൽപ്പങ്ങൾക്ക് ചിത്രസാക്ഷാത്കാരം നൽകി. ഭാരതീയ പുരാണങ്ങൾക്കും കാവ്യങ്ങൾക്കും പുതിയൊരു കാഴ്ച അനുഭവമായിരുന്നു അദ്ദേഹം വരച്ച ഓരോ ചിത്രങ്ങളും. ആധുനിക ഇന്ത്യൻ ചിത്രകലാശൈലി രാജാ രവിവർമ്മയുടെ ചിത്രീകരണ ശൈലി ഇന്നും പിന്തുടരുന്നു.
തയ്യാറാക്കിയത്
നീതു ഷൈല