യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യഹർജി നാളെ പരിഗണിക്കാനിരിക്കെ അദ്ദേഹത്തെ മൂന്ന് കേസിൽ കൂടി അറസ്റ്റ് ചെയ്തു. സെക്രട്ടേറിയേറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിലാണ് കൂടുതൽ അറസ്റ്റ്. ജില്ലാ ജയിലിൽ വച്ച് കന്റോണ്മെൻ്റ് പൊലീസ് രാഹുലിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റ് ചെയ്ത മൂന്ന് കേസുകളിൽ റിമാൻഡ് ചെയ്യാൻ രാഹുലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ജാമ്യമില്ലാ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. നവകേരള സദസ്സിനെതിരായ സമരങ്ങളെ പൊലീസും മുഖ്യമന്ത്രിയുടെ അംഗരക്ഷകരും ചേർന്ന് അടിച്ചൊതുക്കുന്നതിൽ പ്രതിഷേധിച്ചാണ് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടന്നത്. ഡിസംബർ 20 ന് രജിസ്റ്റർ ചെയ്ത കേസിൽ നാലാം പ്രതിയായ യൂത്ത് കോൺഗ്രസ് അധ്യക്ഷനെതിരെയാണ് പൊലീസ് നടപടിയുണ്ടായത്. പ്രതിപക്ഷ നേതാവ് ഒന്നാം പ്രതിയും എംഎൽഎമാരായ ഷാഫി പറമ്പിലും എം വിൻസന്റും രണ്ടും മൂന്നും പ്രതികളുമാണ്. അനുമതിയില്ലാത്ത സമരം, പൊതുമുതൽ നശിപ്പിക്കൽ, കൃത്യനിർവ്വഹണത്തിൽ തടസം വരുത്തൽ തുടങ്ങിയ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിട്ടുളളത്.
രാഹുൽ മാങ്കൂട്ടത്തിലിനെ മൂന്ന് കേസിൽ കൂടി അറസ്റ്റ് ചെയ്തു
