സിനിമാ ലോകം കാത്തിരിക്കുകയാണ് മഹേഷ് ബാബു-എസ്എസ് രാജമൗലി കൂട്ടുകെട്ടില്‍ പിറക്കുന്ന സിനിമയ്ക്കായി. ഗ്ലോബല്‍ ഐക്കണ്‍ ആയ പ്രിയങ്ക ചോപ്രയാണ് ചിത്രത്തിലെ നായിക. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം പ്രിയങ്ക ചോപ്ര ഇന്ത്യന്‍ സിനിമയിലേക്ക് തിരികെ വരുന്നുവെന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. ഇപ്പോഴിതാ മറ്റൊരു വലിയ താരവും ചിത്രത്തിലേക്ക് എത്തിയിരിക്കുകയാണ്. തമിഴിലും ഹിന്ദിയിലുമെല്ലാം മുന്‍നിര താരമായ ആര് മാധവനും രാജമൗലി ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വലിയ താരനിര തന്നെ അണി നിരക്കുന്ന സിനിമയാണിത്. പേരിടാത്ത ചിത്രത്തില്‍ മലയാളത്തിന്റെ സൂപ്പര്‍ താരം പൃഥ്വിരാജും അഭിനയിക്കുന്നുണ്ട്. സിനിമയുടെ ചിത്രീകരണ വേളയിലെ പൃഥ്വിരാജിന്റേയും മഹേഷ് ബാബുവിന്റേയും ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. രാജമൗലിയുടെ ഹിറ്റ് കൂട്ടുകെട്ടായ എംഎം കീരവാണിയാണ് ഇത്തവണയും സംഗീതം ഒരുക്കുന്നത്.