ജോഷിമഠിലെ ദുരിതത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുന്നു. ഭൂമി ഇടിഞ്ഞ് താഴുന്ന സംഭവത്തിന്റെ പശ്ചാത്തലത്തിൽ വൈകീട്ട് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും.ഉത്തരാഖണ്ഡിലെ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും ജോഷിമഠ് ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരും വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ പങ്കെടുക്കും.അവിടുത്തെ സ്ഥിതി പഠിക്കാൻ കേന്ദ്രം നിയോഗിച്ച സമിതി ജോഷിമഠിലെത്തി. ജോഷിമഠിലും പരിസരത്തുമുള്ള എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിർത്തിവെക്കാൻ ജില്ലാഭരണകൂടം ഉത്തരവിട്ടു.
ജോഷിമഠിൽ കെട്ടിടങ്ങൾ തകർന്നു വീഴുകയും, ഭൂമിക്കടിയിൽ നിന്ന് വീടുകളിലേക്ക് വെള്ളം കയറുകയും ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്. തൊട്ടടുത്തുള്ള ജ്യോതിർമഠിലും കെട്ടിടങ്ങളിൽ വിള്ളൽ കണ്ട് തുടങ്ങി. ഇന്ന് വൈകീട്ട് പരിസ്ഥിതി വിദഗ്ധരും, ഉന്നത ഉദ്യോഗസ്ഥരുമടക്കമുള്ളവരുമായി പ്രധാനമന്ത്രി യോഗം ചേരും. ജനരോഷം ശക്തമായത് തിരിച്ചറിഞ്ഞതോടെ കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ തന്നെ സമിതിയെ നിയോഗിച്ചിരുന്നു. അതേസമയം, സംസ്ഥാന സർക്കാറിൻ്റെ നേതൃത്വത്തിൽ ഒഴിപ്പിക്കൽ നടപടി പുരോഗമിക്കുകയാണ്.