വളരെ അധികം ആളുകളെ ബാധിക്കുന്ന ഒരു പ്രശ്‌നമാണ് സൈനസൈറ്റിസ്. മൂക്കിന് ചുറ്റുമുള്ള എല്ലുകളുടെ ഉള്ളിലുള്ള വായുനിറഞ്ഞ അറകളാണ് സൈനസ്. ഏതെങ്കിലും കാരണത്താല്‍ ഈ ദ്വാരം അടയുകയാണെങ്കില്‍ സൈനസിലെ കഫം അവിടെത്തന്നെ കെട്ടിക്കിടന്ന് അതില്‍ പഴുപ്പുണ്ടാകുന്നു. ഈ അവസ്ഥയെയാണ് സൈനസൈറ്റിസ് എന്ന് പറയുന്നത്. ജലദോഷം, സ്ഥിരമായുള്ള അലര്‍ജി, സൈനസിന്റെ ദ്വാരം തടസ്സപ്പെടുത്തുന്ന ദശകള്‍, മൂക്കിന്റെ പാലത്തിന്റെ വളവ്, പുകവലി, അന്തരീക്ഷ മലിനീകരണം എന്നിവയാണ് സൈനസൈറ്റിസ് ഉണ്ടാവാനുള്ള പ്രധാനപ്പെട്ട കാരണങ്ങള്‍. തലവേദന, തലയ്ക്ക് ഭാരം തോന്നുക, മൂക്കടപ്പ്, മൂക്കിലൂടെ കഫം വരുക, കഫത്തിന്റെ കൂടെ രക്തം, കഫത്തിന് ദുര്‍ഗന്ധം എന്നിവയൊക്കെയാണ് സൈനസൈറ്റിസിന്റെ ലക്ഷണങ്ങള്‍. ഇത് തടയാനായി തണുപ്പടിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുക. ജലദോഷം വന്നാല്‍ ആവി പിടിച്ച് കഫം കളയാന്‍ ശ്രദ്ധിക്കണം. പൊടി തുടങ്ങിയ അലര്‍ജി ഉള്ള വസ്തുക്കളുമായി ബന്ധപ്പെടുന്നത് ഒഴിവാക്കാം. നിര്‍ജ്ജലീകരണവും സൈനസിന്റെ ആക്കം കൂട്ടുമെന്നതിനാല്‍ ധാരാളം വെള്ളം ശ്രദ്ധിക്കണം. പോഷകാഹാരം കഴിക്കുക എന്നതും പ്രധാനമാണ്. നല്ല ഉറക്കവും സൈനസിനെ തടയാന്‍ സഹായിക്കും.