പൂച്ചസന്യാസി
മിത്തുകള്‍, മുത്തുകള്‍ – 35
പഞ്ചതന്ത്രം കഥ
പുനരാഖ്യാനം:
ഫ്രാങ്കോ ലൂയിസ്
കാക്കയും കുയിലും ചങ്ങാതിമാരായിരുന്നു. ഇരുവരും ഒരു മരത്തിലായിരുന്നു വാസം. മുകളിലെ ഒരു ശിഖരത്തില്‍ ചുള്ളിക്കമ്പുകൊണ്ടുണ്ടാക്കിയ കൂട്ടില്‍ കാക്ക. മരത്തിനു താഴെ ഒരു മാളത്തില്‍ കുരുവിയും.
പകല്‍ ഇരുവരും ഇരതേടിപ്പോകും. ഒറ്റയ്‌ക്കൊറ്റയ്ക്കാണ് ഇരതേടല്‍. സന്ധ്യയാകുമ്പോള്‍ മടങ്ങിയെത്തി മരച്ചില്ലയിലിരുന്ന് വിശേഷങ്ങളും കഥകളും പറയും.
അങ്ങനെയിരിക്കേ, ഒരു ദിവസം ഇര തേടിപ്പോയ കുരുവി സന്ധ്യയായിട്ടും മടങ്ങിവന്നില്ല. കുറച്ചകലെ ധാരാളം നെല്ലുവിളഞ്ഞ വയല്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇനി കുറേനാള്‍ അവിടെ നെല്ലുതിന്നു സുഖിക്കാമെന്നും തലേന്നു കുരുവി പറഞ്ഞിരുന്നു. പക്ഷേ, രാത്രി മടങ്ങി വരില്ലെന്നു പറഞ്ഞില്ലായിരുന്നു. ജീവനുണ്ടങ്കില്‍ മടങ്ങി വരേണ്ടതാണ്. കര്‍ഷകനോ വേടന്മാരോ കുരുവിയെ കൊന്നുകളഞ്ഞോ. കാക്കയ്ക്കു ഭയാശങ്കയായി. കുരുവിയുടെ കാര്യമോര്‍ത്തു ദുഃഖിച്ച് ഉറങ്ങാനാകാതെ കാക്ക കൂട്ടില്‍തന്നെ കഴിച്ചുകൂട്ടി.
പ്രഭാതമായപ്പോള്‍ ചങ്ങാതിയെ തെരയാന്‍ കാക്ക പുറപ്പെട്ടു. പക്ഷേ, എവിടെ തെരയാനാണ്? കുരുവി പറഞ്ഞ വയല്‍ എവിടെയെന്ന് കാക്കയ്ക്ക് അറിയില്ല. പകല്‍ കുറേ സ്ഥലങ്ങളില്‍ ചുറ്റിക്കറങ്ങിയെങ്കിലും ഒരു വിവരവും കിട്ടിയില്ല. വൈകുന്നേരം മടങ്ങിവന്ന് കുരുവിയുടെ മാളത്തിലേക്കു നോക്കിയിരുന്നു. അന്നും ചങ്ങാതി വന്നില്ല.
പിറ്റേന്നും അതുതന്നെ സ്ഥിതി. രണ്ടാം ദിവസം രാത്രിയായപ്പോള്‍ ഒരു മുയല്‍ അതുവഴിവന്നു. ഒഴിഞ്ഞുകിടക്കുന്ന കുരുവിയുടെ മാളത്തില്‍ മുയല്‍ കയറിക്കൂടി. കുരുവിയുടെ മാളമാണെന്നുപറഞ്ഞ് മുയലിനെ ആട്ടിപ്പുറത്താക്കണോ? കാക്ക ഒരുനിമിഷം ആലോചിച്ചു. വേണ്ട. ഒരുപക്ഷേ, കുയില്‍ ഇനി തിരിച്ചു വരില്ലായിരിക്കും. വെറുതെ കിടക്കുന്ന മാളത്തില്‍ മുയല്‍ താമസിക്കുന്നതുകൊണ്ട് തനിക്ക് ഒരു നഷ്ടവുമില്ല. കാക്ക മനസില്‍ പറഞ്ഞു. കുറേനാള്‍ കഴിഞ്ഞു. അങ്ങനെയി രിക്കേ, ഒരു സന്ധ്യയില്‍ തടിച്ചുവീര്‍ത്ത ഒരു കുയില്‍ അവിടെയെത്തി. മരച്ചുവട്ടിലെ മാളത്തില്‍ കയറാന്‍ അതു ശ്രമിച്ചപ്പോള്‍ അകത്തിരുന്ന മുയല്‍ ശകാരവുമായി പുറത്തേക്കു ചാടി.
”എന്തതിക്രമമാണിത്? എന്റെ വീട്ടിലേക്കു നുഴഞ്ഞു കയറാന്‍ നീയാരാണ്? ഇറങ്ങിപ്പോടാ.’ മുയല്‍ ആക്രോശിച്ചു.
‘ങേ! നിന്റെ വീടോ? ഇതെന്റെ വീടാണ്. എന്റെ വീട്ടില്‍ നീ അതിക്രമിച്ചു കയറിയിട്ട് എന്നോട് ഇറങ്ങിപ്പോകാന്‍ പറയാന്‍ നീയാരാടാ, തെമ്മാടി.’ കുയില്‍ തിരിച്ചടിച്ചു.
വാക്കുതര്‍ക്കം മൂത്തു. രണ്ടുപേരും പിന്മാറുന്ന ലക്ഷണമില്ല. മരച്ചില്ലയിലിരുന്ന് ഇതെല്ലാം കാണുന്നുണ്ടായിരുന്ന കാക്കയ്ക്കു കുയിലിനെ തിരിച്ചറിയാനായി. നല്ല തീറ്റ കണ്ടപ്പോള്‍ ചങ്ങാതിയേയും സ്വന്തം വീടിനേയും മറന്ന കുയിലിനെ സഹായിക്കേണ്ടതില്ലെന്നുതന്നെ കാക്കയ്ക്കു തോന്നി.
‘നീ ഈ മാളത്തില്‍ പണ്ടു താമസിച്ചിട്ടുണ്ടായിരിക്കാം. പക്ഷേ, നീയിത് ഉപേക്ഷിച്ചു പോയതാണ്. കുറേക്കാലമായി ഞാനാണ് ഇവിടത്തെ താമസക്കാരന്‍. ഈ മാളം എനിക്ക് അവകാശപ്പെട്ടതാണ്.’ മുയല്‍ പറഞ്ഞു.
തര്‍ക്കം തുടരുകയാണ്. ഒടുവില്‍ അവര്‍ ഒരു ധാരണയിലെത്തി. തര്‍ക്കം തീര്‍ക്കാന്‍ വനത്തിലെ ന്യായാധിപനെയോ സന്യാസിയേയോ സമീപിക്കാം. മാളത്തിന്റെ യഥാര്‍ഥ അവകാശി ആരാണെന്ന് അദ്ദേഹം വിധിക്കട്ടെ.
അങ്ങനെ അവരിരുവരും യാത്രയായി. സന്യാസിയേയോ ന്യായാധിപനേയോ കാണാന്‍. ന്യായവിധി എന്തായിരിക്കുമെന്ന് അറിയാന്‍ കാക്കയും അവര്‍ക്കു പിറകേ കൂടി. കുയിലിന്റെയും മുയലിന്റെയും തര്‍ക്കം ഒരു പൂച്ച ശ്രദ്ധിച്ചിരുന്നു. സന്യാസിയെ തേടിയാണു യാത്രയെന്നു മനസിലാക്കിയ പൂച്ച ഓടി ഒരു മരച്ചുവട്ടിലിരുന്നു. സന്യാസിയേപ്പോലെ കാലുകള്‍ മടക്കി, ഒരു കൈ മേലോട്ടുയര്‍ത്തി താപസനേപോലെയാണ് പൂച്ചയുടെ ഇരിപ്പ്. ഇടയ്ക്കു ചില മന്ത്രങ്ങള്‍ ഉരുവിട്ടു.
തര്‍ക്കക്കാരായ മുയലും കുയിലും അപ്പോഴേക്കും അവിടെയെത്തി. ഇരുവരും പൂച്ചയെ കണ്ടപ്പോള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു.
‘ഇതാ സന്യാസി. ഇദ്ദേഹത്തോടു ചോദിക്കാം.’ ഇരുവരും സന്യാസിക്കു മുന്നില്‍ നമസ്‌കരിച്ചു. ഭക്തിപാരവശ്യത്താലും തപശ്ശക്തിയാലും കണ്ണടച്ചിരുന്ന സന്യാസി അതേയിരുപ്പിലിരുന്ന് ചോദിച്ചു.
‘മക്കളേ, എല്ലാം നശ്വരമാണ്. പ്രാണനും സ്വത്തുമെല്ലാം. നിങ്ങള്‍ വന്നത് എന്തിനാണെന്ന് എനിക്കു മനസിലായി. ദിവ്യശക്തി എനിക്കിതു മനസിലാക്കിത്തന്നു. മരച്ചുവട്ടിലെ മാളത്തിന്റെ യഥാര്‍ഥ അവകാശി ആരെന്നതാണു നിങ്ങളുടെ പ്രശ്നം അല്ലേ?’ പൂച്ചയുടെ ‘പ്രവചനശക്തി’ കണ്ട് മുയലും കുയിലും ഒരുനിമിഷം കണ്ണു തള്ളിനിന്നു.
‘അതെ, എന്റേതാണത്.’ മുയല്‍ പെട്ടെന്നു പറഞ്ഞു. പറഞ്ഞുതീരും മുമ്പേ കുയിലും പറഞ്ഞു. ‘പെരുംനുണ. എന്റേതാണ് ആ മാളം’. സന്യാസിക്കു മുന്നില്‍ പൊരിഞ്ഞ തര്‍ക്കം, അടികലശലില്‍ എത്തുമെന്നായപ്പോള്‍ സന്യാസിപൂച്ച ശബ്ദമുയര്‍ത്തി മുരണ്ടു.
‘ഞാന്‍ തീര്‍പ്പുണ്ടാക്കാം. നിങ്ങള്‍ ഓരോരുത്തരുമായി ഞാന്‍ സംസാരിക്കട്ടെ. ആദ്യം കുയില്‍. ഒരു മണിക്കൂര്‍ കഴിഞ്ഞ് മുയല്‍ വന്നാല്‍ മതി. എന്നിട്ട് തീരുമാനം പ്രഖ്യാപിക്കാം.’ പൂച്ചയുടെ തീര്‍പ്പ് ഇരുവരും
അംഗീകരിച്ചു.
ഒരു മരച്ചില്ലയിലിരുന്ന് എല്ലാം ശ്രദ്ധിച്ചിരുന്ന കാക്കയ്ക്ക് ഇതില്‍ എന്തോ പന്തികേടുണ്ടെന്ന് തോന്നി. എന്താണ് സംഭവിക്കുകയെന്നു കാണുകതന്നെ. കാക്ക മരച്ചില്ലയില്‍ കാത്തിരുന്നു. മുയല്‍ പതുക്കെ സ്ഥലം വിട്ടപ്പോള്‍ സന്യാസിപൂച്ച കുയിലിനോട് മാളത്തിലെ വിശേഷങ്ങള്‍ ആരാഞ്ഞു. ആവേശത്തോടെ കുയില്‍ മാളം തന്റേതാണെന്നു സ്ഥാപിക്കാനുള്ള വാദമുഖങ്ങള്‍ നിരത്തി. മുയല്‍ കാണാമറയത്തായെന്നു ബോധ്യമായപ്പോള്‍ പൂച്ച ഒറ്റക്കുതിപ്പിന് കുയിലിനെ കടന്നു പിടിച്ചു. കുയിലിനെ കൊന്ന് കുറച്ചകലേയ്ക്കു വലിച്ചു കൊണ്ടുപോയി ശാപ്പിട്ടു.
കുറച്ചു സമയത്തിനകം പൂച്ച മരച്ചുവട്ടില്‍ സന്യാസിയെപ്പോലെ ഇരുന്നു. ഒരു മണിക്കൂറിനകം മുയല്‍ വന്നു. ‘കുയിലിനെ വിസ്തരിച്ചുകഴിഞ്ഞു. ഇനി നിനക്കു പറയാനുള്ളതു കേള്‍ക്കട്ടെ.’ പൂച്ചസന്യാസി പറഞ്ഞുതീര്‍ത്തപ്പോഴേ മുയല്‍ വാദം തുടങ്ങി. ആവേശത്തോടെ വാദ മുഖങ്ങള്‍ നിരത്തവേ പെട്ടെന്ന് പൂച്ച ചാടിവീണു. പൂച്ചയുടെ മൂര്‍ച്ചയേറിയ പല്ലുകള്‍ക്കിടയില്‍ മുയലിന്റെ കഴുത്ത് ഞെരിഞ്ഞമര്‍ന്നു.