പേരിലെ കൗതുകം കൊണ്ട് ശ്രദ്ധനേടിയ ചിത്രമാണ് ‘പാല്‍തു ജാന്‍വര്‍’. പ്രസൂണ്‍ എന്ന കഥാപാത്രമായി മലയാളികളുടെ പ്രിയ താരം ബേസില്‍ എത്തിയപ്പോള്‍ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി ചിത്രത്തെ സ്വീകരിച്ചു. നവാഗതനായ സംഗീത് പി രാജന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ മനോഹര ഗാനത്തിന്റെ ലിറിക് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഒരു പശുകിടാവിന്റെ ജനനനവും അതുകണ്ട് പ്രദേശവാസികള്‍ക്ക് ഉണ്ടാകുന്ന സന്തോഷവുമാണ് പാട്ട്. ജസ്റ്റിന്‍ വര്‍ഗീസ് സംഗീതം നല്‍കിയ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സന്തോഷ് വര്‍മയാണ്. രേണുക അരുണും ജസ്റ്റിന്‍ വര്‍ഗീസും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇന്ദ്രന്‍സ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍, ഷമ്മി തിലകന്‍, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, കിരണ്‍ പീതാംബരന്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവര്‍ക്കൊപ്പം മോളിക്കുട്ടി എന്ന പശുവും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.
കാളിദാസന്റെ ‘അഭിജ്ഞാന ശാകുന്തളം’ ആസ്പദമാക്കി ഒരുസിനിമ ഒരുങ്ങുകയാണ്. ‘ശകുന്തള’യാകുന്നത് തെന്നിന്ത്യയുടെ പ്രിയ നായിക സാമന്തയാണ്. ‘ദുഷ്യന്തനാ’കട്ടെ മലയാളത്തിന്റെ യുവ താരം ദേവ് മോഹനും. ‘ദുഷ്യന്ത’നായിട്ടുള്ള ദേവ് മോഹന്റെ ഫസ്റ്റ് ലുക്ക് ‘ശാകുന്തളം’ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നടനാണ് ദേവ് മോഹന്‍. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉള്‍പ്പടെ അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ‘ശാകുന്തളം’ ഗുണശേഖര്‍ ആണ് സംവിധാനം ചെയ്യുന്നത്. ‘ശകുന്തള’യുടെ വീക്ഷണകോണില്‍ നിന്നുള്ളതായിരിക്കും ചിത്രം.
ബാബാ രാംദേവ് നയിക്കുന്ന പതഞ്ജലി ഗ്രൂപ്പ് അഞ്ചുവര്‍ഷത്തിനകം ഉന്നമിടുന്നത് ഒരുലക്ഷം കോടി രൂപയുടെ വിറ്റുവരവ്. ഹരിദ്വാര്‍ ആസ്ഥാനമായ പതഞ്ജലിയുടെ വിറ്റുവരവ് നിലവില്‍ 40,000 കോടി രൂപയാണ്. ഇക്കാലയളവില്‍ ഗ്രൂപ്പ് കമ്പനികളുടെ മൊത്തം വിപണിമൂല്യം നിലവിലെ 50,000 കോടി രൂപയില്‍ നിന്ന് അഞ്ചുലക്ഷം കോടി രൂപയാക്കുകയും ലക്ഷ്യമാണ്. ലക്ഷ്യങ്ങള്‍ കാണുന്നതിന്റെ ഭാഗമായി പതഞ്ജലിയുടെ നാല് ഉപകമ്പനികള്‍ കൂടി അഞ്ചുവര്‍ഷത്തിനകം പ്രാരംഭ ഓഹരിവില്പന നടത്തി ഓഹരി വിപണിയിലെത്തും. പതഞ്ജലി 2019ല്‍ ഏറ്റെടുത്ത ഭക്ഷ്യഎണ്ണ ബ്രാന്‍ഡായ രുചി സോയയുടെ ഐ.പി.ഒ നേരത്തേ നടത്തി വിജയം കൊയ്തിരുന്നു. ഫോളോ-ഓണ്‍ പബ്‌ളിക് ഓഫറിലൂടെ 4,300 കോടി രൂപയാണ് പതഞ്ജലി ഫുഡ്സ് കഴിഞ്ഞ സാമ്പത്തികവര്‍ഷം സമാഹരിച്ചത്. പതഞ്ജലി ആയുര്‍വേദ്, പതഞ്ജലി മെഡിസിന്‍, പതഞ്ജലി വെല്‍നസ്, പതഞ്ജലി ലൈഫ്സ്റ്റൈല്‍ എന്നിവയുടെ ഐ.പി.ഒയാണ് ഇനി നടത്തുക.
തൃശൂര്‍ ആസ്ഥാനമായ സി.എസ്.ബി ബാങ്കിന്റെ (പഴയ കാത്തലിക് സിറിയന്‍ ബാങ്ക്) മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായി പ്രളയ് മൊണ്ഡലിനെ നിയമിച്ചു. ഇതിന് റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചു. 2025 സെപ്തംബര്‍ 14 വരെയാണ് അദ്ദേഹത്തിന്റെ കാലാവധി. ആക്സിസ് ബാങ്കിന്റെ എക്സിക്യുട്ടീവ് ഡയറക്ടറും റീട്ടെയില്‍ ബാങ്കിംഗ് മേധാവിയുമായിരുന്ന പ്രളയ് മൊണ്ഡല്‍ 2020 സെപ്തംബര്‍ 23നാണ് റീട്ടെയില്‍, എസ്.എം.ഇ., ഓപ്പറേഷന്‍സ് ആന്‍ഡ് ഐ.ടി വിഭാഗം പ്രസിഡന്റായി സി.എസ്.ബി ബാങ്കിലെത്തിയത്. 2022 ഫെബ്രുവരി 17ല്‍ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി. ഏപ്രില്‍ ഒന്നുമുതല്‍ ഇടക്കാല മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായി പ്രവര്‍ത്തിക്കുകയായിരുന്നു. എച്ച്.ഡി.എഫ്.സി ബാങ്ക്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് എന്നിവിടങ്ങളിലും ജോലി ചെയ്തിട്ടുണ്ട്.
ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്സ് ഗ്ലാന്‍സ പ്രീമിയം ഹാച്ച്ബാക്കിന്റെ സിഎന്‍ജി പതിപ്പ് വരും ആഴ്ചകളില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. വിപണിയില്‍ എത്തുന്നതിന് മുമ്പ്, അതിന്റെ സവിശേഷതകളും വേരിയന്റ് വിശദാംശങ്ങളും വെബില്‍ ചോര്‍ന്നിട്ടുണ്ട്. ടൊയോട്ട ഗ്ലാന്‍സ സിഎന്‍ജി മൂന്ന് വേരിയന്റുകളില്‍ ലഭിക്കും. എസ് , ജി, വി എന്നിവയാണ് ഈ വേരിയന്റുകള്‍. എല്ലാ മോഡലുകളിലും ഫാക്ടറിയില്‍ ഘടിപ്പിച്ച സിഎന്‍ജി കിറ്റുമായി ജോടിയാക്കിയ 1.2എല്‍, 4സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ ഫീച്ചര്‍ ചെയ്യും. ഈ സജ്ജീകരണം 6,000 ആര്‍പിഎമ്മില്‍ 76 ബിഎച്ച്പി പവര്‍ നല്‍കും. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് മാത്രമായിരിക്കും ഇത്.
ആത്മബോധമാര്‍ജിച്ചവര്‍ പിടഞ്ഞുണരുമ്പോള്‍ നാട്ടധികാരത്തിന്റെ നാവുകള്‍ ക്ഷയിക്കുകയും ഒരു കഥ പോലും തികച്ചുമില്ലാത്തവര്‍ക്ക് ചരിത്രമുണ്ടാവുകയും ചെയ്യുന്നു. താഴ്ത്തപ്പെട്ട ജീവിതങ്ങള്‍ കുടഞ്ഞെറിഞ്ഞ് അന്തസ്സും പദവിയും കൈയെത്തിപ്പിടിക്കാന്‍ ശ്രമിച്ച ചുരുക്കം ചിലര്‍ക്കൊപ്പം ഒരു സംഘഗാനം പോലെ നാടാകെ ഒഴുകുന്നതിന്റെ സംഗീതം. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്റെ ഗാംഭീര്യമാര്‍ന്ന നോവല്‍. ‘കങ്കാളികള്‍’. ഒലീവ് പബ്‌ളിക്കേഷന്‍സ്. വില 275 രൂപ.
ഭക്ഷണങ്ങളില്‍ ‘അജിനോമോട്ടോ’ ചേര്‍ക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്ന് നാം വ്യാപകമായി കേട്ടിട്ടുള്ള കാര്യമാണ്. എന്നാല്‍ ഇന്നും ഇത് കാര്യമായി തന്നെ പല റെസ്റ്റോറന്റുകളിലും ഉപയോഗിക്കുന്നു. ഭക്ഷണങ്ങള്‍ക്ക് രുചിയും മണവും രൂപഭംഗിയും നിറവുമൊക്കെ കിട്ടാനാണ് ഇവ ഉപയോഗിക്കുന്നത്. ഇവ വില്ലനാണ് എന്നതുസംബന്ധിച്ച് നിരവധി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ ഹൈപ്പര്‍ ടെന്‍ഷന്‍ അഥവാ അമിത രക്തസമ്മര്‍ദ്ദം, ഹൃദയാഘാതം, നേരത്തെ പ്രായം തോന്നിക്കുക തുടങ്ങിയ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് അജിനോമോട്ടോ കാരണക്കാരനാകുന്നു എന്നാണ് പുതിയ പഠനം പറയുന്നത്. അലഹാബാദ് യൂണിവേഴ്‌സിറ്റിയിലെ ബയോകെമിസ്ട്രി വിഭാഗത്തിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ ബയോകെമിസ്ട്രിയിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കുറഞ്ഞ അളവിലുള്ള അജിനോമോട്ടോ പോലും ശരീരത്തിന് പ്രശ്‌നമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. യുഎസിലെ ‘ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍’ അജിനോമോട്ടോയെ ‘പൊതുവില്‍’ സുരക്ഷിതമായ പദാര്‍ത്ഥം എന്ന പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതായത് മിതമായ രീതിയില്‍ ഉപയോഗിക്കുകയാണെങ്കില്‍ ഇത് ശരീരത്തിന് വലിയ ദോഷം ചെയ്യില്ല, അതിനാല്‍ തന്നെ ഉപയോഗിക്കേണ്ടവര്‍ക്ക് ഉപയോഗിക്കാം എന്ന രീതി. എന്നാല്‍ അമിതമായി അജിനോമോട്ടോ ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്ന് തന്നെയാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഈ വിഷയത്തിലുള്ള പഠനങ്ങള്‍ ഇപ്പോഴും തുടരുകയാണ്.