Untitled design 20250112 193040 0000 1

 

മികച്ച പ്രകടനത്തിന് അംഗീകാരമായി റെയില്‍വേ ജീവനക്കാര്‍ക്ക് ബോണസ്. പത്ത് ലക്ഷത്തിലധികം റെയിൽവേ ജീവനക്കാർക്കാണ് 78 ദിവസത്തെ ബോണസ് ലഭിക്കുക. ബോണസിനായി1865.68 കോടി രൂപ നൽകാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായക തീരുമാനം.

 

സിപിഎം നേതാവ് കെ ജെ ഷൈനിനെതിരായ സൈബ‍ർ ആക്രമണക്കേസിൽ കെഎം ഷാജഹാന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. വീണ്ടും ഹാജരാകാൻ പറഞ്ഞിട്ടില്ലെന്ന് ഷാജഹാൻ മാധ്യമങ്ങളോട് പറഞ്ഞു. വിവാദ വീഡിയോ സൂക്ഷിച്ചിരുന്ന മെമ്മറി കാർഡ് ഷാജഹാൻ ഹാജരാക്കിയിട്ടുണ്ട്. അതേസമയം, ആലുവ റൂറൽ സൈബർ പൊലീസ് ഓഫീസിന് മുന്നിൽ ഷാജഹാനെതിരെ സിപിഎം പ്രവർത്തകർ പ്രതിഷേധം നടത്തി.

 

സിപിഎം വനിത നേതാവ് കെജെ ഷൈനെതിരെയുള്ള അപവാദ പ്രചാരണത്തിൽ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് കെവി സത്താറിനെതിരെ കേസെടുത്ത് പൊലീസ്. ചാവക്കാട് നഗരസഭ കൗണ്‍സിലറായ കെവി സത്താറിനെതിരെയാണ് ചാവക്കാട് പൊലീസ് കേസെടുത്തത്. സിപിഎം ചാവക്കാട് ലോക്കല്‍കമ്മിറ്റി സെക്രട്ടറി പിഎസ് അശോകനും മഹിളാ അസോസിയേഷന്‍ ചാവക്കാട് മേഖല സെക്രട്ടറി എംബി രാജലക്ഷ്മിയും നൽകിയ പരാതിയിലാണ് കേസ്. സംഭവത്തിൽ ചാവക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

 

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ വോട്ടർമാരെ അനധികൃതമായി വെട്ടിയെന്ന് ആരോപണം. കോഴിക്കോട് കുരുവെട്ടൂർ പഞ്ചായത്തിലെ ഏഴാം വാർഡിൽ 12 പേരെയാണ് ഒഴിവാക്കിയത്. ഇവർ കരട് വോട്ടർ ലിസ്റ്റിൽ ഉണ്ടായിരുന്നു. അന്തിമ പട്ടികയിൽ നിന്നാണ് ഒഴിവാക്കിയത്. ജീവിച്ചിരിക്കുന്ന വോട്ടർമാരെ മരിച്ചെന്നു കാണിച്ച് പട്ടികയിൽ നിന്നും ഒഴിവാക്കുകയായിരുന്നു. തുടർന്ന് വോട്ടർ പട്ടികയിലെ പരേതർക്കൊപ്പം ചായ കുടിച്ച് യുഡിഎഫ് പ്രതിഷേധിക്കുകയും ചെയ്തു.

 

ഭൂട്ടാൻ കാർ കടത്ത് കേസിൽ അന്വേഷണം പരിഗണനയിൽ എന്ന് ഇഡി. പ്രാഥമിക വിവരങ്ങൾ തേടുന്നുണ്ട്, ഹൈക്കോടതിയിലാണ് ഇഡി ഇക്കാര്യം അറിയിച്ചത്. മറ്റൊരു കേസ് പരിഗണിക്കുമ്പോഴാണ് ഇക്കാര്യം അന്വേഷിക്കേണ്ടതല്ലേ എന്ന് ഡിവിഷൻ ബെഞ്ച് ഈഡി യോട് ആരാഞ്ഞത്. ഈ സമയത്തായിരുന്നു കേന്ദ്രസർക്കാർ അഭിഭാഷകന്റെ വാക്കാലുള്ള മറുപടി വാഹന കള്ളക്കടത്തിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്ന് കസ്റ്റംസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇഡി പ്രാഥമിക വിവരങ്ങൾ തേടിയിട്ടുണ്ട്.

 

അബ്ദുൾ നാസർ മദനി പ്രതിയായ ബാംഗ്ലൂർ സ്ഫോടനക്കേസ് നാല് മാസത്തിനകം അന്തിമവാദം പൂർത്തിയാക്കി വിധി പറയണമെന്ന് സുപ്രീം കോടതി. കേസ് പരിഗണിക്കുന്ന വിചാരണക്കോടതിക്ക് ജസ്റ്റിസ് എം എം സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് നിർദ്ദേശം നൽകിയത്. കേസിലെ പ്രതിയായ താജുദ്ദീൻ നൽകിയ ഹർജിയിലാണ് നിർദ്ദേശം.

 

കൊല്ലം നഗരത്തില്‍ 75 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ മുഖ്യ കണ്ണിയായ യുവതി അറസ്റ്റില്‍. മങ്ങാട് സ്വദേശിനിയായ 27കാരി ഹരിതയാണ് വെസ്റ്റ് പൊലീസിന്‍റെ പിടിയിലായത്. വിദേശത്ത് ഇരുന്ന് ലഹരിക്കച്ചവടത്തിന്‍റെ ഏജന്‍റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു പ്രതി. ജയിലില്‍ കഴിയുന്ന കൂട്ടുപ്രതികളെ ജാമ്യത്തിലിറക്കാന്‍ എത്തിയ ഹരിതയെ രഹസ്യ നീക്കത്തിലൂടെ പിടികൂടുകയായിരുന്നുവെന്ന് സിറ്റി പൊലീസ് അറിയിച്ചു.

 

കോട്ടയത്ത് കെഎസ്ആർടിസി ഡ്രൈവറെ പൊലീസ് മർദിച്ചതായി പരാതി. പൊലീസ് ജീപ്പിൽ കെഎസ്ആർടിസ് ബസ് തട്ടിയെന്ന് പറഞ്ഞ് പൊലീസ് തല്ലുകയായിരുന്നെന്നാണ് പരാതിയിൽ പറയുന്നത്. മൂന്നാർ ഡിപ്പോയിലെ ഡ്രൈവറായ വേലായുധനെയാണ് വൈക്കം പൊലീസ് മർദിച്ചത്. മർദനത്തിൽ പരിക്കേറ്റ ഡ്രൈവർ വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

 

പന്തളം ശബരിമല സംരക്ഷണ സംഗമത്തിലെ വിദ്വേഷ പ്രസംഗത്തിൽ പൊലീസ് കേസെടുത്തു. ശ്രീരാമദാസമിഷൻ അധ്യക്ഷൻ ശാന്താനന്ദയ്ക്കെതിരെയാണ് കേസ് എടുത്തത്. പന്തളം പൊലീസാണ് കേസെടുത്തത്. വാവരെ അധിക്ഷേപിച്ചും ആക്രമണകാരിയായി ചിത്രീകരിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. കോൺഗ്രസ് വക്താവ് അനൂപ് വിആറിന്റെ പരാതിയിലാണ് കേസ്.

 

കേരളത്തിന്റെ ആരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് മന്ത്രി പ്രകാശ് അഭിത്കര്‍. സംസ്ഥാനത്തെ ആശുപത്രികള്‍ സന്ദര്‍ശിച്ച ശേഷം ആരോഗ്യ വകുപ്പുമായി നടത്തിയ ചര്‍ച്ചയിലാണ് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലുള്ള ടീം കേരളത്തെ അഭിനന്ദിച്ചത്. കേരളത്തിലെ മാതൃകാപരമായ പദ്ധതികളും ആരോഗ്യ കേന്ദ്രങ്ങളും അടുത്തറിയാനാണ് സംഘം കേരളത്തിലെത്തിയത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായും സംഘം കൂടിക്കാഴ്ച നടത്തി. സ്വീകാര്യമായ മാതൃകകള്‍ മഹാരാഷ്ട്രയില്‍ നടപ്പിലാക്കുന്നതിന് മന്ത്രി എല്ലാ പിന്തുണയും അറിയിച്ചു.

 

ഈ അധ്യയന വർഷത്തിലെ സിബിഎസ്ഇ പത്ത്, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. 2026 ഫെബ്രുവരി 17ന് പത്ത്, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷകൾ ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 17ന് ആരംഭിച്ച് മാർച്ച് 9ന് അവസാനിക്കും. പത്താം ക്ലാസിലെ രണ്ടാം ബോർഡ് പരീക്ഷ മെയ് 15ന് ആരംഭിച്ച് ജൂൺ ഒന്നിനാണ് അവസാനിക്കുക. പന്ത്രണ്ടാം ക്ലാസിലെ പരീക്ഷകൾ ഫെബ്രുവരി 17ന് ആരംഭിച്ച് ഏപ്രിൽ 9ന് അവസാനിക്കും. 2026 മുതൽ പത്താം ക്ലാസ് ബോർഡ് പരീക്ഷകൾ വർഷത്തിൽ രണ്ടു തവണ നടത്തുമെന്ന് സിബിഎസ്ഇ നേരത്തെ അറിയിച്ചിരുന്നു.

 

ലോയേര്‍സ് കോണ്‍ഗ്രസ് മുന്‍ നേതാവ് വിഎസ് ചന്ദ്രശേഖറിനെതിരെ ആലുവ സ്വദേശിനിയായ നടി നല്‍കിയ പീഡന പരാതി വ്യാജമെന്ന് പൊലീസ്. മുന്‍ വൈരാഗ്യമാണ് പരാതിക്ക് കാരണമെന്നും കേസിലെ നടപടികള്‍ അവസാനിപ്പിക്കണമെന്നും ചൂണ്ടിക്കാട്ടി പൊലീസ് കോടതിയിയില്‍ റിപ്പോര്‍ട്ട് നല്‍കി.

 

രാഹുലിന് കോൺഗ്രസ് സംരക്ഷണം ഒരുക്കുന്നു എന്ന ആരോപണവുമായി ബിജിപി സംസ്ഥാന വൈസ് പ്രസിഡന്‍റ് സി കൃഷ്ണകുമാർ. ഔദ്യോഗിക പരിപാടികളിൽ എംഎൽഎ എന്ന നിലയിൽ രാഹുലിനെ പങ്കെടുപ്പിക്കില്ലെന്നും രാഹുൽ രാജി വെക്കുന്നത് വരെ പ്രതിഷേധം തുടരും, കോണ്‍ഗ്രസിന്‍റേത് ഇരട്ടത്താപ്പാണ്. പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി എന്ന് പറയുന്നു. എന്നിട്ട് സംരക്ഷണം നൽകുന്നത് കോൺഗ്രസ് നേതാക്കൾ തന്നെ എന്നും സി കൃഷ്ണകുമാര്‍ ആരോപിച്ചു.

 

ലൈംഗികാരോപണങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെ എംഎൽഎ ഓഫീസിലെത്തി. എംഎൽഎ ഓഫീസിൽ രാഹുലിനുനേരെ പ്രതിഷേധമുണ്ടായില്ല. രാഹുലിനെ ഓഫീസിൽ വെച്ച് ഷാൽ അണിയിച്ചാണ് പ്രവര്‍ത്തകരിലൊരാള്‍ സ്വീകരിച്ചത്. എംഎൽഎ ഓഫീസിൽ വെച്ച് നിവേദനങ്ങളും രാഹുൽ വാങ്ങി. വിശദമായി എല്ലാം പിന്നീട് പറയാമെന്നും കാണാമെന്നും മാത്രമായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പ്രതികരണം.

 

ട്രെയിൻ മാർഗ്ഗം കൊൽക്കത്തയിൽ നിന്നും കഞ്ചാവു കൊണ്ടുവന്ന രണ്ട് പേര്‍ മലപ്പുറം വാണിയമ്പലത്ത് പിടിയില്‍. വെസ്റ്റ് ബംഗാൾ സ്വദേശികളായ ഉജ്ജ ബരായി, നിൽമാധബ് ബിസ്വാസ് എന്നിവരെയാണ് കാളികാവ് റേഞ്ച് എക്സൈസ് അറസ്റ്റു ചെയ്തത്. ഒളിപ്പിച്ചു കടത്താൻ വേണ്ടി പ്രതികൾ പ്രത്യേകം തയ്യാറാക്കിയ ബാഗുകളിൽ നിന്ന് 4.145 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

 

കൊല്ലം പുനലൂരിൽ ചങ്ങലയിട്ട് ബന്ധിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം പുരുഷന്റേതെന്ന് സ്ഥിരീകരണം. കൊലപാതകമാണെന്നാണ് നി​ഗമനം. ശരീരത്തിൽ കുത്തുകളേറ്റതിന്റെ മുറിവുകളുണ്ട്. കൂ‌ടാതെ ശരീരത്തിൽ തീപ്പൊള്ളലേറ്റിട്ടുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കമുണ്ട്. മരിച്ചയാളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല.

 

സംസ്ഥാന സർക്കാരിനെ എൻഎസ്എസിന് വിശ്വാസമെന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. വിശ്വാസ പ്രശ്നത്തിലെ സർക്കാരിന്റെ നിലപാട് മാറ്റം സ്വാഗതാർഹമാണ്. സർക്കാരിന് വേണമെങ്കിൽ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കാമായുന്നെങ്കിലും അവർ അത് ചെയ്തില്ല. കേന്ദ്ര സർക്കാർ വിശ്വാസ സംരക്ഷണത്തിനായി നിയമം കൊണ്ടുവന്നില്ല. കോൺഗ്രസിന് വിശ്വാസ പ്രശ്നത്തിൽ ഉറച്ച നിലപാടില്ലെന്നും ഭൂരിപക്ഷത്തിന്റെ അഭിപ്രായങ്ങൾ കോൺഗ്രസ് കേൾക്കുന്നില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.

 

പഹൽഗാമിൽ മതം ചോദിച്ച് 26 പേരെ കൂട്ടക്കൊല ചെയ്ത ഭീകരാക്രമണത്തിന് സഹായം ചെയ്തുകൊടുത്ത ജമ്മു കശ്മീർ സ്വദേശി പിടിയിൽ. മുഹമ്മദ് കഠാരിയ എന്ന ആളെയാണ് ജമ്മു കശ്മീർ പൊലീസ് അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ മഹാദേവിനിടെ കൊല്ലപ്പെട്ട ഭീകരർ പഹൽഗാം ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തവരായിരുന്നു. ഇവരിൽ നിന്ന് ലഭിച്ച ആുധങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദ് കഠാരിയ പിടിയിലായതെന്നാണ് വിവരം.

 

വോട്ടർ പട്ടിക ക്രമക്കേടിൽ രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെ പുതിയ പരിഷ്‌കാരവുമായി ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടികയിൽ പേര് ചേർക്കാനും, തിരുത്തലുകൾ വരുത്താനും ഇനി മുതൽ ആധാർ ലിങ്ക് ചെയ്ത ഫോൺ നമ്പർ നൽകണമെന്നാണ് നിബന്ധന. ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷകൾക്കാണ് ഈ നിബന്ധന ബാധകമാക്കിയിരിക്കുന്നത്.

 

ശ്രീ ശാർദ ഇൻസ്റ്റിറ്റ്യൂട്ടിലെ ലൈംഗികാരോപണ പരാതിയിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇതിന് പിന്നാലെ മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ദില്ലി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശവും നൽകി. ദില്ലി ശ്രീ ശാർദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ഡയറക്ടർ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ വിദ്യാർത്ഥിനികളാണ് ലൈംഗികാതിക്രമ പരാതിയുമായി രംഗത്ത് വന്നത്. 17 പെൺകുട്ടികളുടെ പരാതിയിൽ വസന്ത് കുഞ്ച് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

 

ലഡാക്കിലെ പ്രധാന നഗരമായ ലേയിൽ ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രതിഷേധം അക്രമാസക്തമായി. ജനം പൊലീസുമായി ഏറ്റുമുട്ടി. നാല് പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഇതേ ആവശ്യത്തിൽ ലേയിൽ നിരാഹാര സമരം നടത്തുകയായിരുന്ന സമര നേതാവ് സോനം വാങ്ചുക്, ഇന്ന് നടന്ന സംഘർഷത്തെ തുടർന്ന് നിരാഹാര സമരം അവസാനിപ്പിച്ചു.

 

യുക്രൈനെതിരായ യുദ്ധത്തിന് റഷ്യക്ക് സാമ്പത്തിക സഹായം നല്‍കുന്നത് ആരാണെന്ന വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് യുക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കി. ഇന്ത്യ മിക്കപ്പോഴും യുക്രൈന്റെ പക്ഷത്താണെന്നും അതേസമയം, ഊര്‍ജ്ജരംഗത്ത് ചില വെല്ലുവിളികള്‍ പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കുന്നതില്‍ തനിക്ക് ശുഭാപ്തിവിശ്വാസമുണ്ടെന്നും സെലന്‍സ്‌കി വ്യക്തമാക്കി.

 

ചില അക്കൗണ്ടുകളും പോസ്റ്റുകളും ബ്ലോക്ക് ചെയ്യാനുള്ള കേന്ദ്രത്തിന്റെ നിര്‍ദ്ദേശങ്ങളെ ചോദ്യം ചെയ്ത് ഇലോണ്‍ മസ്‌കിന്റെ നിയന്ത്രണത്തിലുള്ള എക്സ് സമര്‍പ്പിച്ച ഹര്‍ജികള്‍ കര്‍ണാടക ഹൈക്കോടതി തള്ളി. സാമൂഹികമാധ്യമങ്ങളിലെ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കപ്പെടേണ്ടതുണ്ട്, അതിന്റെ നിയന്ത്രണം ഒരു ആവശ്യകതയാണെന്നും കോടതി നിരീക്ഷിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *