അവകാശികളില്ലാതെ ബാങ്കുകളിലുള്ള നിക്ഷേപങ്ങള്‍ തിരിച്ചു നല്‍കാന്‍ ഊര്‍ജ്ജിത ശ്രമവുമായി റിസര്‍വ് ബാങ്ക്. നിക്ഷേപങ്ങള്‍, ലാഭവിഹിതം, പലിശ വാറന്റുകള്‍, പെന്‍ഷന്‍ എന്നിവയടക്കം കൊടുത്തുതീര്‍ക്കാന്‍ ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ നിര്‍ദ്ദേശം നല്‍കി. ഇതിനായി ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ പ്രത്യേക ഡ്രൈവും സംഘടിപ്പിക്കും. 10 വര്‍ഷമായി ഇടപാടുകള്‍ നടത്താത്ത സേവിംഗ്സ്, കറന്റ് അക്കൗണ്ടുകളിലെ ബാലന്‍സ്, കാലാവധി പൂര്‍ത്തിയായ ശേഷം പത്തുവര്‍ഷത്തിനുള്ളില്‍ ക്ലെയിം ചെയ്യാത്ത ടേം ഡെപ്പോസിറ്റ് എന്നിവയാണ് അവകാശികളില്ലാത്ത നിക്ഷേപമായി പരിഗണിക്കുന്നത്. ഇന്ത്യയിലെ ബാങ്കുകളില്‍ 67,003 കോടി രൂപയുടെ അവകാശികളില്ലാത്ത നിക്ഷേപമുണ്ട്. ഇങ്ങനെയുള്ള തുക റിസര്‍വ് ബാങ്കിന്റെ ഡെപ്പോസിറ്റര്‍ എഡ്യുക്കേഷന്‍ ആന്റ് അവയര്‍നെസ് ഫണ്ടിലേക്ക് മാറ്റുകയാണ് പതിവ്. എന്നാല്‍ നിക്ഷേപകര്‍ മതിയായ രേഖ ഹാജരാക്കിയാല്‍ ഈ തുക തിരികെ നല്‍കുന്നതിനും ആര്‍.ബി.ഐയുടെ വ്യവസ്ഥകളുണ്ട്. ഇത്തരം നിക്ഷേപങ്ങള്‍ തിരികെ നല്‍കാന്‍ ജില്ലാതലത്തില്‍ ഒരാഴ്ചയില്‍ കുറയാത്ത ക്യാമ്പുകള്‍ സംഘടിപ്പിക്കണമെന്ന് ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ നിര്‍ദ്ദേശം നല്‍കി. ആദ്യ ക്യാമ്പ് ഒക്ടോബറില്‍ ഗുജറാത്തില്‍ തുടങ്ങും.
അവകാശികളില്ലാത്ത നിക്ഷേപങ്ങള്‍ തിരിച്ചു നല്കുന്നു
