കൗമാരക്കാരനെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ച ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടിയില്‍ രക്ഷാകര്‍തൃ നിയന്ത്രണങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ ഓപ്പണ്‍എഐ അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പാരന്റല്‍ കണ്‍ട്രോള്‍ സവിശേഷത ഓപ്പണ്‍എഐ അവതരിപ്പിക്കുന്നത്. രക്ഷാകര്‍തൃ നിയന്ത്രണ സവിശേഷതയിലൂടെ രക്ഷിതാക്കള്‍ക്ക് ചെയ്യാനാകുന്ന കാര്യങ്ങള്‍ ഇവയാണ്. ഒരു ഇമെയില്‍ ക്ഷണത്തിലൂടെ അവരുടെ അക്കൗണ്ട് കൗമാരക്കാരന്റെ അക്കൗണ്ടുമായി ബന്ധിപ്പിക്കുക. ചാറ്റ് ജിപിടി കൗമാരക്കാരോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് നിയന്ത്രിക്കുക. ഇതിനായി ഡിഫോള്‍ട്ടായി ഓണായിരിക്കുന്ന പ്രായത്തിനനുസരിച്ചുള്ള മോഡല്‍ പെരുമാറ്റ നിയമങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. ഏതൊക്കെ സവിശേഷതകള്‍ പ്രവര്‍ത്തനരഹിതമാക്കണമെന്ന് രക്ഷിതാക്കള്‍ക്ക് നിയന്ത്രിക്കാവുന്നതാണ്. മെമ്മറി, ചാറ്റ് ചരിത്രം എന്നിവയുള്‍പ്പെടെ ഇത്തരത്തില്‍ പ്രവര്‍ത്തനരഹിതമാക്കാം. കൗമാരക്കാരന്‍ കടുത്ത ദുരിതത്തിലാണെന്ന് ചാറ്റ് ജിപിടി കണ്ടെത്തുമ്പോള്‍ രക്ഷിതാക്കള്‍ക്ക് അറിയിപ്പുകള്‍ ലഭിക്കുന്നതാണ്. വിദഗ്ദ്ധരുടെ അഭിപ്രായങ്ങളും ഈ സവിശേഷതയിലൂടെ ലഭിക്കും.