പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ക്യാമറ നിരീക്ഷണം ശക്തമാക്കി സംസ്ഥാന സർക്കാർ. ജനുവരി ഒന്നിന് ആരംഭിച്ച വലിച്ചെറിയൽ വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായാണ് നടപടി. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍റെ ഭാഗമായ വലിച്ചെറിയൽ വിരുദ്ധ ക്യാമ്പയിനിൽ നാഷണൽ സർവീസ് സ്‌കീമും ഭാഗമാകുന്നു. മാലിന്യവും പാഴ് വസ്തുക്കളും വലിച്ചെറിയുന്നത് കുട്ടികളുടെ ക്യാമറ കണ്ണുകൾ പകർത്തും തദ്ദേശഭരണ വകുപ്പും ശുചിത്വ മിഷനുമായി ചേർന്നാണ് എൻ.എസ്.എസ്. ഈ പദ്ധതി ആവിഷ്‌കരിക്കുന്നത്. സംസ്ഥാനത്തെ നാലായിരത്തോളം എൻഎസ്എസ് യൂണിറ്റുകളിലാണ് ക്യാമ്പയിൻ ആസൂത്രണം ചെയ്തിരിക്കുന്നത്. മാലിന്യം പൊതുനിരത്തിൽ വലിച്ചെറിയുന്നത് ശ്രദ്ധയിൽപ്പെട്ടാലോ മാലിന്യക്കൂനകൾ കണ്ടാലോ അവ പകർത്തി 9446700800 എന്ന വാട്സ്ആപ്പ് നമ്പറിലേക്കും ഇതിനായുള്ള പ്രത്യേക ഇമെയിലിലേക്കും അയയ്ക്കും. ജനുവരി 15 നകം ഏറ്റവും കൂടുതൽ പരാതികൾ റിപ്പോർട്ട് ചെയ്യുന്ന എൻഎസ്എസ് യൂണിറ്റിന് ജില്ലാതലത്തിൽ പാരിതോഷികം നല്കും.