നിവിന്‍ പോളി ചിത്രം ‘പ്രേമം’ വീണ്ടും തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. 2015-ല്‍ പുറത്തിറങ്ങിയ അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രം കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചിരുന്നു. കേരളത്തിലല്ല, തമിഴ്നാട്ടിലാണെന്നുമാത്രം. നിവിന്‍ പോളി എന്ന നടന് മലയാളത്തിനുപുറമേ തെന്നിന്ത്യയിലെമ്പാടും ആരാധകരെ നേടിക്കൊടുത്ത ചിത്രമാണ് പ്രേമം. ഫെബ്രുവരി ഒന്നിന് തമിഴ്നാട്ടിലെ തിരഞ്ഞെടുക്കപ്പെട്ട തിയേറ്ററുകളിലാണ് പ്രേമം വീണ്ടും പ്രദര്‍ശനത്തിനെത്തുക. പല തിയേറ്ററുകളിലും ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ചെന്നൈയില്‍ 200 ദിവസത്തോളം പ്രദര്‍ശിപ്പിച്ച ചിത്രംകൂടിയാണ് പ്രേമം. ഇതാദ്യമായല്ല പ്രേമം തമിഴ്നാട്ടില്‍ റീ റിലീസ് ചെയ്യുന്നത്. 2016 മാര്‍ച്ച് 18-ന് ട്രിച്ചിയിലും തിരുനെല്‍വേലിയിലും ചിത്രം വീണ്ടും റിലീസ് ചെയ്തു. തമിഴ്നാട്ടില്‍ റീ-റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമാണിത്. 2017 ഫെബ്രുവരി പത്തുമുതല്‍ പതിനാറുവരെ ഒരു തിയേറ്റര്‍ വിണ്ണൈത്താണ്ടി വരുവായ, രാജാ റാണി എന്നിവയ്‌ക്കൊപ്പം ചെന്നൈയില്‍ പ്രേമം വീണ്ടും റിലീസ് ചെയ്തു. നിവിന്‍ പോളിയുടെ ജന്മദിനത്തോടനുബന്ധിച്ച് 2019-ല്‍ ചിത്രം കേരളത്തിലും റീ റിലീസ് ചെയ്തിരുന്നു. ജോര്‍ജ് എന്ന യുവാവിന്റെ മൂന്ന് കാലഘട്ടങ്ങളിലെ പ്രണയങ്ങളായിരുന്നു ചിത്രത്തിന്റെ പ്രമേയം. അനുപമ പരമേശ്വരന്‍, സായി പല്ലവി, മഡോണ സെബാസ്റ്റ്യന്‍ എന്നിവരായിരുന്നു നായികമാര്‍. വിനയ് ഫോര്‍ട്ട്, സൗബിന്‍ ഷാഹിര്‍, ഷറഫുദ്ദീന്‍, സിജു വില്‍സണ്‍, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, അല്‍ത്താഫ് സലിം, അനന്ത് നാഗ്, രഞ്ജി പണിക്കര്‍ എന്നിങ്ങനെ വലിയൊരു താരനിര തന്നെയുണ്ടായിരുന്നു ചിത്രത്തില്‍.