Untitled design 20250112 193040 0000 1

 

മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ശബരിമലയിലും അനുബന്ധ കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുള്ളത് അതീവ സുരക്ഷാ സന്നാഹങ്ങൾ. തീര്‍ത്ഥാടകരുടെ സുരക്ഷിതമായ യാത്രയും ദര്‍ശനവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സന്നിധാനവും പരിസര പ്രദേശങ്ങളും 24 മണിക്കൂറും നിരീക്ഷണ വലയത്തിലാണ്. ഇതിനായി പൊലീസ്, ദേവസ്വം ബോര്‍ഡ് അധികൃതര്‍ സംയുക്തമായി 450-നടുത്ത് സി.സി.ടി.വി. ക്യാമറകളാണ് പ്രധാനകേന്ദ്രങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നത്.

 

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രതിയായ മുൻ ദേവസ്വം പ്രസിഡന്‍റും ദേവസ്വം കമ്മീഷണറുമായിരുന്ന എൻ വാസുവിനെ കൈവിലങ്ങ് അണിയിച്ച് കോടതിയിൽ ഹാജരാക്കിയതിൽ പൊലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത. തിരുവനന്തപുരം എആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥരാണ് പൂജപ്പുര സെന്‍ട്രൽ ജയിലിൽ നിന്നും വാസുവിനെ കൈവിലങ്ങ് അണിയിച്ച് കൊല്ലത്തെ വിജിലന്‍സ് കോടതിയിൽ ഹാജരാക്കിയത്. കൈവിലങ്ങ് ഏതൊക്കെ പ്രതികള്‍ക്ക് വെക്കണമെന്ന് ബിഎൻഎസ് നിയമത്തിൽ പ്രതിപാദിക്കുന്നതിന് വിരുദ്ധമായ നടപടിയാണിതെന്ന് സ്പെഷ്യൽ ബ്രാഞ്ച് ‍ഡിജിപിക്ക് റിപ്പോര്‍ട്ട് നൽകി.

 

 

കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി അതീവ ഗുരുതരമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒരു പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചു എന്ന് മാത്രമല്ല, ഗർഭം ധരിക്കാൻ ആവശ്യപ്പെടുകയും പിന്നീട് നിർബന്ധിത ഗർഭഛിദ്രത്തിന് വിധേയയാക്കി എന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇത് രാഷ്ട്രീയ വിഷയമല്ലെന്നും സ്ത്രീത്വത്തിനെതിരായ കടന്നുകയറ്റവും ക്രിമിനൽകുറ്റവുമാണെന്ന് വി ശിവൻകുട്ടി ഫെയ്സ്ബുക്കിൽ എഴുതിയ വിമർശനത്തിൽ പറഞ്ഞു.

 

കൊച്ചി കോര്‍പറേഷൻ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ തിരിച്ചടിയായി വിമത ഭീഷണി. പത്തോളം വിമതരാണ് യുഡിഎഫിന് എതിരായി മത്സര രംഗത്തുള്ളത്. കോണ്‍ഗ്രസ് നേതാക്കളടക്കമുള്ളവരാണ് വിമതരായി മത്സരരംഗത്തുള്ളത്. പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് പൂര്‍ത്തിയാകുന്നതോടെ ഇവര്‍ മത്സരരംഗത്തുണ്ടാകുമെന്ന് ഏറെക്കുറെ വ്യക്തമായി. കൊച്ചി കോണത്ത് ഡിവിഷനിൽ മുൻ ഡെപ്യൂട്ടി മേയർ പ്രേംകുമാറാണ് വിമതനായി മത്സരിക്കുന്നത്.

 

തദ്ദേശ തെരഞ്ഞെടുപ്പിൽ വിമത ശല്യം ഒഴിവാകാതെ കോഴിക്കോട് ജില്ലയിലെ സ്ഥാനാർഥികളും മുന്നണികളും. ചിലർ പത്രിക പിൻവലിച്ചപ്പോൾ വിമതരിൽ ഭൂരിഭാഗവും മത്സര രംഗത്ത് തുടരുകയാണ്. ആറ് പേർ പത്രിക നൽകിയ ഫറോക്ക് നഗരസഭയിലെ ആറാം വാർഡിൽ 5 പേർ പത്രിക പിൻവലിച്ചു. ഇവിടെ കോൺഗ്രസിലെ ഷാജി പാറശേരിയാണ് ഔദ്യോഗിക സ്ഥാനാർത്ഥി.പെരുവയൽ, മാവൂർ പഞ്ചായത്തുകളിൽ യുഡിഎഫിനും, ഒളവണ്ണ പഞ്ചായത്തിൽ സിപിഎമ്മിനും വിമത സ്ഥാനാർത്ഥികൾ ഉണ്ട്.

 

കണ്ണൂര്‍ ആന്തൂര്‍ മുനിസിപ്പാലിറ്റിയില്‍ മൂന്ന് സിപിഎം സ്ഥാനാര്‍ഥികള്‍ കൂടി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കണ്ണപുരം പഞ്ചായത്തിലും പത്രികകള്‍ തള്ളിയതോടെ രണ്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് എതിരാളികളില്ലാതായി. സ്ഥാനാര്‍ഥികളെ പിന്തുണച്ചവരെ ഭീഷണിപ്പെടുത്തി, സിപിഎം ഏകാധിപത്യം നടപ്പാക്കുകയാണെന്ന് ഡിസിസി പ്രസിഡന്‍റ് മാര്‍ട്ടിന്‍ ജോര്‍ജ് കുറ്റപ്പെടുത്തി

 

സംസ്ഥാനത്ത് നാമനിർദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചപ്പോൾ കണ്ണൂരിൽ 14 സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 14 പേരും സിപിഎമ്മിന്റെ സ്ഥാനാർത്ഥികളാണ്. ആന്തൂര്‍ മുനിസിപ്പാലിറ്റിയില്‍ അഞ്ചിടത്താണ് സിപിഎം സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. കണ്ണപുരം ഗ്രാമ പഞ്ചായത്തില്‍ 6 സിപിഎം സ്ഥാനാർത്ഥികളും മലപ്പട്ടം ഗ്രാമ പഞ്ചായത്തില്‍ മൂന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളും എതിരാളികളില്ലാതെ വിജയിച്ചു.

 

കണ്ണൂർ പയ്യന്നൂരിൽ പൊലീസിന് നേരെ ബോംബറിഞ്ഞ കേസിൽ സിപിഎമ്മുകാരായ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി. സിപിഎം പ്രവർത്തകരായ ടി സി വി നന്ദകുമാർ, വി കെ നിഷാദ് എന്നിവരെയാണ് കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. വി കെ നിഷാദ് പയ്യന്നൂർ നഗരസഭയിൽ 46 ആം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാണ്. പ്രതികൾക്കെതിരെ വധശ്രമക്കുറ്റവും സ്ഫോടക വസ്തു നിരോധന നിയമവും തെളിഞ്ഞു. പ്രതികളുടെ ശിക്ഷ നാളെ വിധിക്കും.

 

വയനാട്ടിൽ വിമതനായി മത്സരിക്കാന്‍ തീരുമാനിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീർ പള്ളിവയൽ പത്രിക പിൻവലിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉൾപ്പെടെയുള്ളവരുടെ ഇടപെടലിന് പിന്നാലെയാണ് ജഷീർ പള്ളിവയൽ പത്രിക പിൻവലിച്ചത് എന്നാണ് വിവരം. തോമാട്ടുചാൽ ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് വിമത സ്ഥാനാർത്ഥിയായാണ് ജഷീർ പത്രിക നൽകിയിരുന്നത്. കോൺഗ്രസിൽ വിശ്വാസം ഉണ്ടെന്നും പാർട്ടിക്ക് കളങ്കം വരുത്തില്ലെന്നും ജഷീർ പള്ളിവയൽ പ്രതികരിച്ചു.

 

കേരള സംസ്ഥാന സഹകരണ ബാങ്കിൽ (കേരള ബാങ്ക്) പുതിയ ഭരണസമിതി ചുമതലയേറ്റു. സിപിഎം മുൻ കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്റർ പ്രസിഡന്റായും മുൻ എംഎൽഎ അഡ്വ. ടി.വി. രാജേഷ് (കണ്ണൂർ) വൈസ് പ്രസിഡന്റായും സ്ഥാനമേറ്റു. ഇന്ന് വോട്ടെണ്ണലിൽ വിജയിച്ചതിന് പിന്നാലെയാണ് ഇരുവരും ചുമതലയേറ്റത്. കേരള ബാങ്കിൻ്റെ ഹെഡ് ഓഫീസിൽ വച്ചായിരുന്നു വോട്ടെണ്ണൽ.

 

കൊച്ചിയിൽ വെച്ച് കസ്റ്റഡിയിലെടുത്ത കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിന വിട്ടയച്ചു. സംശയാസ്പദമായി ഒന്നുമില്ലെന്നും അതിനാലാണ് വിശദമായ ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ചതെന്നും എറണാകുളം സൗത്ത് റെയിൽവെ പൊലീസ് അറിയിച്ചു. പൊലീസ് സ്റ്റേഷനിൽ നിന്ന് അഡ്വ. ബിഎ ആളൂരിന്‍റെ ഓഫീസിലേക്കാണ് ബണ്ടി ചോര്‍ പോയത്. ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത ബണ്ടി ചോറിനെ ഇന്ന് വൈകിട്ടോടെയാണ് വിട്ടയച്ചത്.

 

കാഞ്ഞങ്ങാട് നഗരസഭ വനിതാ ചെയർപേഴ്സണനെതിരെ 2013 ല്‍ നടത്തിയ പരാമർശത്തില്‍ ലേറ്റസ്റ്റ് പത്രാധിപര്‍ അരവിന്ദന്‍ മാണിക്കോത്ത് താൽക്കാലം കീഴടങ്ങേണ്ടെന്ന് സുപ്രീം കോടതി. 2013 ൽ പ്രസിദ്ധീകരിച്ച ലേഖനവുമായി ബന്ധപ്പെട്ട് കേസിലാണ് നടപടി. സ്ത്രീയുടെ മാന്യതയെ ബാധിക്കുന്ന തരത്തിൽ ലേഖനത്തില്‍ എഴുതിയെന്നായിരുന്നു കേസ്.

 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞപ്പോള്‍ നിലമ്പൂര്‍ നഗരസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അഞ്ചു സ്ഥാനാര്‍ഥികള്‍. അഞ്ചുപേരും സ്വതന്ത്ര സ്ഥാനാര്‍ഥികളായാണ് മത്സരരംഗത്തുള്ളത്.

 

 

നെഞ്ചില്‍ ഗൈഡ് വയർ കുടുങ്ങിയതില്‍ രണ്ടുമാസമായി വിദഗ്ധസമിതിയുടെ റിപ്പോർട്ട് ആവശ്യപ്പെടുന്നെന്നും എന്നാല്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും സുമയ്യ. കാട്ടാക്കട കിള്ളി സ്വദേശിയായ സുമയ്യയുടെ നെഞ്ചിലാണ് ഗൈഡ് വയർ കുടുങ്ങിക്കിടക്കുന്നത്. ശസ്ത്രകൃയ്ക്കിടെ ഉണ്ടായ ഗുരുതര വീഴ്ചയെ തുടർന്നാണ് സുമയ്യയുടെ നെഞ്ചില്‍ ഗൈഡ് വയർ കുടുങ്ങിയത്.

 

എസ്ഐആർ ജോലിക്കിടയുള്ള മാനസിക സമ്മർദത്തെ തുടർന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയ പൂഞ്ഞാറിലെ ബിഎൽഒ ആന്‍റണിയെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ നേരിൽ കണ്ടു. തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലാണ് ആന്‍റണിയെ വീട്ടിലെത്തി കണ്ട് സംസാരിച്ചത്. ജോലിയിൽനിന്ന് വിടുതൽ നൽകാമെന്ന് ഉദ്യോഗസ്ഥർ ആന്‍റണിയെ അറിയിച്ചു. എന്നാൽ ജോലിയിൽ തുടരാം എന്നാണ് ആന്‍റണിയുടെ മറുപടി. കടുത്ത മാനസിക സംഘർഷം ഉണ്ടായപ്പോഴാണ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ശബ്ദ സന്ദേശം അയച്ചതെന്നും ആന്‍റണി ഉദ്യോഗസ്ഥരോട് പറഞ്ഞു.

 

കേരളത്തിൽ അടുത്ത അഞ്ച് ദിവസം നേരിയതോ ഇടത്തരത്തിലോ ഉള്ള മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും നിലനിൽക്കുന്ന അന്തരീക്ഷസ്ഥിതി കാരണം നവംബർ 24 മുതൽ 26 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

 

ദുബായ് എയര്‍ഷോക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് അപകടത്തിൽ തകര്‍ന്ന സംഭവത്തിനുശേഷവും എയര്‍ഷോ തുടര്‍ന്നതിൽ വിശദീകരണവുമായി സംഘാടകര്‍. ദുബായ് എയര്‍ഷോ സംഘാടകരാണ് ഇതുസംബന്ധിച്ച് വിശദീകരണം നൽകിയത്. തേജസ് അപകടത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ വ്യോമസേന വിങ് കമാന്‍ഡര്‍ നമൻഷ് സ്യാലിന് ആദരവ് നൽകുന്നതിനുവേണ്ടിയാണ് എയര്‍ഷോ പുനരാരംഭിച്ചതെന്ന് അധികൃതര്‍ വിശദീകരിച്ചു.

 

ദില്ലി വായുമലിനീകരത്തിന് എതിരായ പ്രതിഷേധത്തില്‍ അറസ്റ്റിലായവരിൽ മലയാളികളും. തൃശ്ശൂർ, മലപ്പുറം സ്വദേശികളാണ് അറസ്റ്റിലായത്. ദില്ലിയിലെ രണ്ട് പൊലീസ് സ്റ്റേഷനുകളിലായാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടുപേരേയും പട്യാല കോടതിയിൽ ഹാജരാക്കി. ഒരാൾ നിയമ ബിരുദ വിദ്യാർത്ഥിയും ഒരാൾ നിയമ ബിരുദം പൂർത്തിയാക്കിയ ആളുമാണ്. വായുമലിനീകരണത്തിനെതിരെ കഴിഞ്ഞ ദിവസം പ്രതിഷേധം നടത്തിയവർ അർബൻ നക്സലുകളാണെന്നാണ് ദില്ലി പൊലീസ് പറയുന്നത്.

 

ദില്ലി വിമാനത്താവളത്തിൽ വിമാനം റൺവേ മാറിയിറങ്ങി. ലാൻഡിങ് റൺവേയ്ക്ക് പകരം വിമാനം ടേക്ക് ഓഫ് റൺവേയിലാണ് ഇറങ്ങിയത്. ടേക്ക് ഓഫ് റൺവേയിൽ മറ്റു വിമാനങ്ങൾ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. കാബൂളിൽ നിന്നുള്ള അരിയാന അഫ്ഗാൻ എയർലൈൻസ് വിമാനമാണ് റൺവേ മാറി ഇറങ്ങിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

 

 

വന്ദേ ഭാരത് ട്രെയിനിടിച്ച് കേരളത്തിൽ നിന്നുള്ള രണ്ട് നഴ്‌സിങ് വിദ്യാർത്ഥികൾ ബെംഗളൂരുവിൽ മരിച്ചു. ചിക്കബനവര റെയിൽവെ സ്റ്റേഷനിൽ ഇന്നലെ വൈകിട്ടാണ് അപകടം നടന്നത്. ബെംഗളൂരുവിലെ സപ്‌തഗിരി കോളേജ് വിദ്യാർത്ഥികളും പത്തനംതിട്ട സ്വദേശികളുമായ സ്റ്റെർലിൻ എലിസ ഷാജി (19), ജസ്റ്റിൻ ജോസഫ് (20) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.35 ഓടെ ബെംഗളൂരുവിൽ നിന്ന് ബെലഗാവിയിലേക്ക് പോയ വന്ദേ ഭാരത് ട്രെയിനിടിച്ചാണ് മരണം.

 

യുകെയിൽ അതിസമ്പന്നർക്ക് മേൽ അധിക നികുതി ചുമത്താനുള്ള ലേബർ പാർട്ടി സർക്കാരിൻ്റെ തീരുമാനത്തിന് പിന്നാലെ രാജ്യം വിടാനൊരുങ്ങി ഇന്ത്യൻ വംശജനായ അതിസമ്പന്നനായ ലക്ഷ്മി മിത്തൽ. ഉരുക്ക് വ്യവസായികളിൽ പ്രധാനിയും യുകെയിൽ സ്ഥിരതാമസമാക്കിയ ആളുമാണ് ലക്ഷ്മി മിത്തൽ. രാജസ്ഥാൻ സ്വദേശിയായ ഇദ്ദേഹം ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഉരുക്ക് കമ്പനിയുടെ ഉടമയാണ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിനാണ് ആർസെലർ മിത്തൽ കമ്പനിയുടെ 40 ശതമാനം ഓഹരിയും.

 

തേജസ് വിമാനാപകടം നടന്നതിന് പിന്നാലെ പൊട്ടിച്ചിരിച്ചുകൊണ്ട് വീഡിയോ പകര്‍ത്തിയ പാക് മാധ്യമപ്രവർത്തകന് രൂക്ഷ വിമര്‍ശനം. ദുബായ് എയർ ഷോയിലായിരുന്നു ഇന്ത്യൻ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകർന്നു വീണത്. സംഭവത്തിന്റെ ദാരുണ ദൃശ്യങ്ങൾ പകർത്തിയ പാക് മാധ്യമപ്രവര്‍ത്തകൻ പൊട്ടച്ചിരിച്ചുകൊണ്ട് ദുരന്തത്തെ കുറിച്ച് പറയുന്നതിന്റെ ശബ്ദം വീഡിയോയിൽ ഉണ്ടായിരുന്നു.

 

 

തീവ്രവാദ സംഘടനയായ ഹിസ്ബുള്ളയുടെ ഉന്നത സൈനിക ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഞായറാഴ്ച ബെയ്‌റൂട്ടിന്റെ തെക്കൻ മേഖലയിൽ നടന്ന വ്യോമാക്രമണത്തിൽ ആണ് ഹിസ്ബുള്ളയുടെ ഉന്നത സൈനിക ഉദ്യോഗസ്ഥനെ വധിച്ചതെന്നാണ് ഇസ്രയേൽ വിശദമാക്കുന്നത്. ഒരു വ‍ർഷം മുൻപാണ് ലെബനോനും ഇസ്രയേലും യുഎസ് മധ്യസ്ഥത്തിൽ വെടിനിർത്തൽ ധാരണയിലെത്തിയിട്ടും ഇസ്രയേൽ ആക്രമണം തുടരുകയാണ്.

 

ഇന്ത്യയുടെ 53-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി പങ്കെടുക്കാതിരുന്നതിനേക്കുറിച്ച് ചോദ്യങ്ങളും വിമര്‍ശനങ്ങളുമായി ബിജെപി. രാഹുല്‍ ചടങ്ങ് ബഹിഷ്‌കരിച്ചതാണെന്നും ജനാധിപത്യ പാരമ്പര്യങ്ങളെ ആവര്‍ത്തിച്ച് അവമതിക്കുന്നയാളാണ് അദ്ദേഹമെന്നും ബിജെപി ദേശീയവക്താവ് സി.ആര്‍. കേശവന്‍ ആരോപിച്ചു.

 

 

രാജ്യത്തെ പൗരത്വനിയമം ഭേദഗതി വരുത്താനൊരുങ്ങി കാനഡ. വിദേശത്ത് ജനിക്കുകയോ ദത്തെടുക്കുകയോ ചെയ്ത കുട്ടികള്‍ക്കും ആയിരക്കണക്കിന് ഇന്ത്യന്‍ വംശജരായ കുടുംബങ്ങള്‍ക്കും ഗുണകരമാകുന്നതാണ് പുതിയ ബില്‍. പൗരത്വ നിയമം (2025) ഭേദഗതി ചെയ്യുന്നതിനുള്ള ബില്‍ സി-3 കഴിഞ്ഞ ബുധനാഴ്ച സെനറ്റില്‍ പാസാക്കി. പ്രാബല്യത്തില്‍ വരുന്നതോടെ രാജ്യത്തെ പൗരത്വനിയമം കൂടുതല്‍ ലളിതമാകും.

 

 

മണിപ്പുരില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ട ആളുകളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. തിങ്കളാഴ്ച പുഖാവോയിലും ദൊലൈത്താബി ഡാമിന് സമീപത്തുമാണ് ഏറ്റുമുട്ടലുണ്ടായത്. കുടിയൊഴിപ്പിക്കപ്പെട്ടവര്‍ തങ്ങളുടെ വീടുകളിലേക്ക് മടങ്ങാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന്കാരണമായത്.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *