Untitled design 20250112 193040 0000

 

 

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് നവംബർ 14, വെള്ളിയാഴ്ച മുതൽ നാമനിര്‍ദേശ പത്രികകൾ സ്വീകരിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. രാവിലെ 11 നും വൈകിട്ട് മൂന്നിനും ഇടയിലാണ് പത്രിക സമര്‍പ്പിക്കേണ്ടത്. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 21. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 22ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 24.

 

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണ പ്രവർത്തനങ്ങൾ നിയമപരമാണോയെന്ന് പരിശോധിക്കാൻ ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡ് രൂപീകരിക്കും. ഇത് സംബന്ധിച്ച് ജില്ലകളിൽ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി. സ്ക്വാഡിന്റെ പ്രവർത്തനങ്ങൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഉത്തരവിട്ടു.

 

തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിൽ സഹകരിക്കാൻ കോണ്‍ഗ്രസ്. ഓരോ നിയോജകമണ്ഡലത്തിന്‍റെയും ചുമതല ഓരോ കെപിസിസി ജനറൽ സെക്രട്ടറിമാര്‍ക്ക് നൽകാൻ കെപിസിസി ഭാരവാഹി യോഗത്തിൽ തീരുമാനമായി. പാര്‍ട്ടിയുടെ ബൂത്ത് ലെവൽ ഏജന്‍റുമാരെ വോട്ടു ചേര്‍ക്കാനും പാര്‍ട്ടി അനുകൂല വോട്ട് ഉറപ്പിക്കാൻ സജീവമായി ഇറക്കാനാണ് തീരുമാനം. ഏജന്‍റുമാര്‍ ഇല്ലാത്തിടത്ത് പത്തു ദിവസത്തിനകം ആളെ നിയോഗിക്കാനാണ് തീരുമാനം.

 

പിഎം ശ്രീ പദ്ധതിയിൽ തുടർ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചു. മന്ത്രിസഭാ യോ​ഗത്തിലാണ് മുഖ്യമന്ത്രി കത്തിന്റ കാര്യം അറിയിച്ചത്. ഇതുവരെയും കത്തയക്കാത്തതിൽ പ്രതിഷേധിച്ച് മന്ത്രിമാരായ കെ രാജനും പി പ്രസാദും മുഖ്യമന്ത്രിയെ നേരിൽ കാണുകയും കത്ത് വൈകുന്നതിൽ പാർട്ടിയുടെ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് കേന്ദ്രത്തിന് കത്തയച്ചത്.

 

എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ വരാനിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കും. കണ്ണൂർ ജില്ലക്കാരിയായ അനുശ്രീ കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്കാണ് മത്സരിക്കുന്നത്. ജില്ലാ പഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ സ്വാധീന മേഖലയായ പിണറായി ഡിവിഷനിൽ നിന്നാണ് അവർ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നത്.

 

ഡെപ്യൂട്ടി കലക്ടർക്ക് പിഴയിട്ട് ഹൈക്കോടതി. നിലവിൽ കോട്ടയം ഡെപ്യൂട്ടി കലക്ടറായ എസ് ശ്രീജിത്തിനാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് പതിനായിരം രൂപ പിഴയിട്ടത്. പാലക്കാട് ഡെപ്യൂട്ടി കലക്ടർ ആയിരിക്കെ തന്‍റെ ഭൂമി നെൽവയൽ ഡേറ്റാ ബാങ്കിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് കണ്ണാടി സ്വദേശിയുടെ അപേക്ഷ തളളിയതുമായി ബന്ധപ്പെട്ട കേസിലാണ് വിധി. നെൽവയൽ ഡേറ്റാ ബാങ്കിൽ നിന്ന് ഈ ഭുമിയെ ഒഴിവാക്കാൻ ഹൈക്കോടതിയുടെ മുൻ ഉത്തരവ് ഉണ്ടായിരിക്കെ ഉദ്യോഗസ്ഥൻ അത് പരിഗണിക്കാതിരുന്നതിനാണ് നടപടി.

 

കൊച്ചി കോർപ്പറേഷൻ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിൽ എൻഡിഎയിൽ ഭിന്നത. എൻഡിഎയുടെ സ്ഥാനാർത്ഥി പ്രഖ്യാപന ചടങ്ങിൽ നിന്നും ബിഡിജെഎസ് വിട്ടുനിന്നു. ബിഡിജെഎസ് ആവശ്യപ്പെട്ട സീറ്റുകൾ നൽകിയില്ലെന്നാണ് പരാതി. അതേസമയം, ഹിജാബ് വിവാദം ഉണ്ടായ സ്കൂളിലെ പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയാകും. പള്ളുരുത്തി കച്ചേരിപ്പടിയിലാണ് ജോഷി കൈതവളപ്പിൽ മത്സരിക്കുന്നത്.

 

മൂന്നാറിൽ വീണ്ടും ഓൺലൈൻ ടാക്സി തടഞ്ഞതായി പരാതി. മൂന്നാറിലെ ടാക്സി ഡ്രൈവർമാരാണ് വിദേശ വിനോദ സഞ്ചാരികളെ തടഞ്ഞത്. വിനോദ സഞ്ചാരികൾ മൂന്നാറിൽ നിന്ന് കൊച്ചിയിലേക്ക് പോകാൻ തുടങ്ങുന്നതിനിടയാണ് സംഭവം. ഇസ്രായേലിൽ നിന്നുള്ള വനിതകളെയാണ് ഡ്രൈവര്‍മാര്‍ തടയാൻ ശ്രമിച്ചത്. ഓൺലൈൻ ടാക്സി ഡ്രൈവർ മൂന്നാർ പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് ഇടപെടുകയായിരുന്നു.

 

തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ മതിയായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന പരാതിയുമായി യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പരിഗണിച്ചിട്ടുണ്ടെങ്കിലും മുൻവർഷങ്ങളിലുണ്ടായിരുന്ന പ്രാതിനിധ്യം ഇത്തവണയുണ്ടായില്ലെന്ന് അബിൻ വർക്കി ആരോപിച്ചു.പ്രതിനിധ്യം തോൽക്കുന്ന സീറ്റുകളിൽ മാത്രമാകരുതെന്നും ഇനിയും നേതൃത്വം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അബിൻ വർക്കി കൂട്ടിച്ചേർത്തു.

 

തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് മുന്നണി വിപുലീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഈ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ യുഡിഎഫിന്റെ അടിത്തറ വിപുലമാകുമെന്നും യുഡിഎഫിലേക്ക് പുതിയ കക്ഷികൾ വരുമെന്ന് സതീശന്‍ പറഞ്ഞു.ഈ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ യുഡിഎഫ് വിപുലീകരിക്കുമെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിപുലീകൃത മുന്നണിയായെന്നും സതീശൻ പറഞ്ഞു.

 

ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്ന് 48 നിരോധിച്ച കറൻസികൾ കണ്ടെത്തി. ഒക്ടോബർ മാസത്തിലെ ഭണ്ഡാര വരവ് കണക്കെടുത്തപ്പോഴാണിത്. ആയിരത്തിൻ്റെ നിരോധിച്ച എട്ട് നോട്ടുകളും അഞ്ഞൂറിൻ്റെ നിരോധിച്ച 40 നോട്ടുകളുമാണ് കണ്ടെത്തിയത്. ആകെ 28000 രൂപ വിലമതിക്കുന്ന നോട്ടുകളാണെങ്കിലും ഇപ്പോൾ ഈ കറൻസികൾക്ക് മൂല്യമില്ല.

 

ആലപ്പുഴ ബുധനൂർ സർവ്വീസ് സഹകരണ ബാങ്കിൽ സ്വർണ പണയം തിരിമറി നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. ബാങ്കിലെ മുൻ സെക്രട്ടറി ഇൻ ചാർജ് അനീഷയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനൂർ സ്വദേശിയായ രാഹുൽ 2022 ൽ ബുധനൂരിലെ സർവ്വീസ് സഹകരണ ബാങ്കിൽ അഞ്ചേകാൽ പവൻ സ്വർണാഭരണങ്ങൾ പണയം വച്ചിരുന്നു.തിരിമറിയിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുകയാണ് പൊലീസ്.

 

സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിന് മരങ്ങാട്ടുപള്ളി ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ തുടക്കമായി. ജോസ് കെ മാണി എംപിയാണ് കലോത്സവം ഉദ്ഘാടനം ചെയ്തത്. സ്റ്റേറ്റ്, സിബിഎസ്ഇ കലോത്സവങ്ങൾ ഒന്നിച്ചു നടത്തുന്നതിനെപ്പറ്റി സർക്കാരും മാനേജ്മെൻ്റുകളും ചിന്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

 

ചാലക്കുടിയിലെ ധ്യാന ദമ്പതികൾ തമ്മിലടിച്ചു. ചാലക്കുടിയിലെ ഫിലോക്കാലിയ ഫൗണ്ടേഷൻ നടത്തിപ്പുകാരായ ജിജി മാരിയോയും ഭർത്താവ് മാരിയോ ജോസഫുമാണ് കുടുംബ തർക്കം തീർക്കുന്നതിനിടെ തമ്മിലടിച്ചത്. മാരിയോ ജോസഫ് മര്‍ദിച്ചെന്ന് ജിജി പരാതി നല്‍കുകയായിരുന്നു. പിന്നാലെ ഇയാൾക്കെതിരെ പൊലീസ് കേസ് എടുത്തു.

 

ബാംഗ്ലൂർ-ഗോവ സ്റ്റഡി ടൂർ റദ്ദായതിനെ തുടർന്ന് വിദ്യാർത്ഥികളിൽ നിന്ന് കൈപ്പറ്റിയ അഡ്വാൻസ് തുക തിരികെ നൽകാതിരുന്ന ടൂർ ഓപ്പറേറ്റർക്ക് തിരിച്ചടിയായി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവ്. 1.25 ലക്ഷം രൂപ ടൂർ ഓപ്പറേറ്റർ നൽകണമെന്നാണ് ഉത്തരവ്. തേവര, ​സെക്രഡ് ഹാർട്ട് കോളേജ് (എസ്.എച്ച് കോളേജ്) വിദ്യാർത്ഥിയായ ഹെലോയിസ് മാനുവൽ, കലൂരിൽ പ്രവർത്തിക്കുന്ന ബി.എം ടൂർസ് & ട്രാവൽസ് എന്ന സ്ഥാപനത്തിനെതിരെ നൽകിയ പരാതിയിലാണ് ഉത്തരവ്.

 

ബിഹാർ തെരഞ്ഞെടുപ്പിൽ എൻഡിഎക്ക് മുൻതൂക്കം പ്രവചിച്ച് ആക്സിസ് മൈ ഇൻഡ്യ എക്സിറ്റ് പോൾ ഫലവും. വിവിധ വിഭാഗങ്ങളിലായി നടത്തിയ സർവേയുടെ വിവരങ്ങൾ പുറത്ത് വിടുമ്പോൾ 43% വോട്ടർമാരുടെ പിന്തുണ എൻഡിഎക്കാണ്. തൊട്ട് പിന്നിൽ 41 ശതമാനത്തിന്‍റെ പിന്തുണയാണ് മഹാസഖ്യത്തിന് പ്രവചിക്കുന്നത്.പ്രശാന്ത് കിഷോറിന്‍റെ ജൻസുരാജ് പാർട്ടിക്ക് 4 ശതമാനം പേരുടെ പിന്തുണയുണ്ട്. എല്ലാ എക്സിറ്റ്പോൾ ഫലങ്ങളെയും തേജസ്വി യാദവ് തള്ളിയിരുന്നു.

 

ദില്ലിയിൽ നടന്നത് ഭീകരവാദ നീക്കമെന്ന് കേന്ദ്ര സര്‍ക്കാര്‍. ചെങ്കോട്ട സ്ഫോടനത്തില്‍ കേന്ദ്ര മന്ത്രിസഭ അനുശോചനം രേഖപ്പെടുത്തി. രണ്ടുമിനിറ്റ് നേരം മൗനം ആചരിച്ചു. ഭീകരവാദത്തോട് ഒരു സന്ധിയുമില്ലെന്ന് വ്യക്തമാക്കിയ കേന്ദ്ര സര്‍ക്കാര്‍ ഏജൻസികളോട് ആഴത്തിൽ അന്വേഷണം നടത്താൻ നിർദ്ദേശം നല്‍കി. ദില്ലിയിലേത് ദേശവിരുദ്ധ ശക്തികൾ നടത്തിയ ഹീനമായ പ്രവർത്തി. യുക്തിരഹിതമായ അക്രമ പ്രവൃത്തിയാണ് നടന്നതെന്നും കേന്ദ്ര മന്ത്രിസഭ വിലയിരുത്തി.

 

എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് യാത്രക്കാരെ പുറത്തിറക്കി വിശദമായ പരിശോധന നടത്തി. മുംബൈയിൽ നിന്ന് വാരണാസിയിലേക്ക് പുറപ്പെട്ട വിമാനത്തിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. ലാൻഡ് ചെയ്തയുടൻ നടത്തിയ പരിശോധനയിൽ ബോംബ് ഭീഷണി വ്യാജമായിരുന്നു എന്ന് വ്യക്തമായി. ഭീഷണി സന്ദേശം ലഭിച്ചതോടെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളം അതീവ ജാഗ്രതയിലാണ്.

 

ദില്ലിയിലെ ചെങ്കോട്ട സ്ഫോടനത്തിലെ പ്രതികള്‍ ഉപയോഗിച്ചിരുന്ന രണ്ടാമത്തെ കാർ കണ്ടെത്തി. ചുവന്ന എക്കോ സ്പോർട്ട് കാറാണ് കണ്ടെത്തിയത്. ഫരീദാബാദ് പൊലീസാണ് വാഹനം പിടികൂടിയത്. DL 10 CK 0458 എന്ന നമ്പർ കാറാണ് പൊലീസ് കണ്ടെത്തിയത്. ഖണ്ഡവാലി ഗ്രാമത്തിൽ പാർക്ക് ചെയ്തിരുന്ന നിലയിലായിരുന്നു കാർ. അതേസമയം, സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ ദില്ലി നഗരത്തിൽ ഉടനീളം ജാഗ്രത നിർദ്ദേശം നല്‍കിയിരിക്കുകയാണ് പൊലീസ്.

 

ദില്ലി ചെങ്കോട്ടയിലെ സ്ഫോടനത്തിന് പിന്നിൽ ​ഗൂഢാലോചന നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എൽഎൻജെപി ആശുപത്രിയിലെത്തി സ്ഫോടനത്തിൽ പരിക്കേറ്റവരെയും മോദി സന്ദർശിച്ചു. അതേസമയം, ദില്ലി ന​ഗരത്തിൽ ഉടനീളം ജാ​ഗ്രത നിർദേശം പുറപ്പെടുവിച്ചു. ചുവന്ന കളർ എക്കോ സ്പോർട്ട് കാർ കണ്ടുപിടിക്കാനാണ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. സ്ഫോടനത്തിൽ ഉപയോഗിച്ച ഐ20 കാറിന്റെ ഉടമസ്ഥർക്ക്‌ എക്കോ സ്പോർട്ട് കാറുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ ഉദ്യോ​ഗസ്ഥരുടെ നിഗമനം.

 

റെഡ് ഫോർട്ടിന് സമീപമുണ്ടായ കാർ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട ജയ്ഷെ മുഹമ്മദ് മൊഡ്യൂളിനെ അതിവേഗത്തിലും നിർണ്ണായകമായും തകർത്തുകൊണ്ട് ഇന്ത്യ ഭീകരവാദത്തിനെതിരെ ശക്തവും വിട്ടുവീഴ്ചയില്ലാത്തതുമായ മറുപടി നൽകിയെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. രാജ്യത്തെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ രാപ്പകൽ പ്രവർത്തിക്കുന്ന ഇന്റലിജൻസ് ഏജൻസികൾ, സുരക്ഷാ സേനകൾ, നിയമപാലകർ എന്നിവരുടെ അശ്രാന്ത പരിശ്രമമാണ് ഈ വിജയത്തിന് പിന്നിലെന്നും വൃത്തങ്ങൾ അറിയിച്ചു.

 

വീട്ടമ്മയായ യുവതിയുടെ മൊബൈല്‍ നമ്പര്‍ കബളിപ്പിച്ച് കൈക്കലാക്കി എ ഐ സി സി ജനറൽ സെക്രട്ടറി കെ സിവേണുഗോപാൽ എം പി ക്കെതിരെ സൈബര്‍ ആക്രമണം. യുവതി പരാതി നൽകിയതോടെ മൈസൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൈസൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഇരിക്കൂര്‍ സ്വദേശിനി നൽകിയ പരാതിയിലാണ് കേസെടുത്തത്. മൈസൂരില്‍ സ്ഥിരതാമസമാക്കിയ കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശിനിയുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് സൃഷ്ടിച്ചാണ് സൈബർ ആക്രമണം നടത്തിയത്.

 

ദില്ലിയിൽ റെഡ് ഫോർട്ടിനു സമീപം സ്ഫോടനം നടത്തിയ ഭീകരർക്ക് ലഭിച്ചത് 3,200 കിലോ സ്ഫോടക വസ്തുക്കൾ എന്ന് കണ്ടെത്തൽ. ഇതിൽ മൂന്നൂറ് കിലോ സ്ഫോടക വസ്തുക്കൾ ഇനിയും കണ്ടെത്താനുണ്ടെന്ന് വിവരം. ഭീകര സംഘത്തിൽ കൂടൂതൽ പേരുണ്ടെന്ന നിഗമനത്തിലാണ് ഏജൻസികൾ. ഭീകരരുമായി ബന്ധമുള്ള മറ്റിടങ്ങളിലും ഹരിയാന പൊലീസിൻ്റെ അടക്കം നേത്യത്വത്തിൽ പരിശോധന നടക്കുകയാണ്.

 

ഒരിക്കൽ അമേരിക്ക ഭീകരനായി പ്രഖ്യാപിക്കുകയും തലയ്ക്ക് 10 മില്യൺ ഡോളർ പാരിതോഷികം നിശ്ചയിക്കുകയും ചെയ്ത സിറിയൻ പ്രസിഡൻ്റും മുൻ അൽഖ്വയിദ കമാൻഡറുമായിരുന്ന അഹമ്മദ് അൽ-ഷറഅയെ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ സ്വീകരിച്ചു. ചരിത്രത്തിലെ പ്രധാനപ്പെട്ടതും അപ്രതീക്ഷിതവുമായ നയതന്ത്ര നീക്കമായതാണ് സംഭവം വിലയിരുത്തപ്പെടുന്നത്. 1946-ൽ സിറിയ സ്വാതന്ത്ര്യം നേടിയ ശേഷം ഒരു സിറിയൻ നേതാവ് വൈറ്റ് ഹൗസ് സന്ദർശിക്കുന്നത് ഇത് ആദ്യമാണ്.

 

ലോകത്തെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ന്യൂയോർക്കിൻ്റെ മേയറായി ഡെമോക്രാറ്റിക് സോഷ്യലിസ്റ്റായ ഇന്ത്യൻ വംശജൻ സൊഹ്റാൻ മംദാനിയുടെ വിജയത്തിൽ പ്രതികരിച്ച് അതിസമ്പന്നനായ ബാരി സ്റ്റേൺലിച്. സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിൽ മംദാനിയുടെ നയങ്ങൾ ന്യൂയോർക്ക് നഗരം മുംബൈ പോലെയാകാൻ കാരണമാകുമെന്ന് അദ്ദേഹം വിമർശിച്ചു. നഗരത്തിൽ നിന്ന് വൻകിട കൺസ്ട്രക്ഷൻ കമ്പനികളെയടക്കം ആട്ടിയോടിക്കുന്നതാണ് മംദാനിയുടെ നയമെന്ന് അദ്ദേഹം വിമർശിച്ചു.

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *