2026-27 അധ്യയന വർഷത്തെ എൻജിനീയറിംഗ്, ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് പ്ലസ് ടു മാർക്ക് സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശപ്രകാരം അവസാന തീയതി 2026 ജൂൺ 14 വരെ ദീർഘിപ്പിച്ചതായി പ്രവേശന പരീക്ഷാ കമ്മീഷണർ അറിയിച്ചു.
ദുബായിലെ പ്രമുഖ ആശുപത്രി അപ്രതീക്ഷിതമായി പൂട്ടിയതിനെ തുടർന്ന് തൊഴിൽരഹിതരായ മലയാളി നഴ്സുമാരുടെ വിഷയത്തിൽ കേരള മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടൽ തേടി. തൊഴിൽ നഷ്ടപ്പെട്ടവർക്ക് യു.എ.ഇ-യിൽ തന്നെ ബദൽ തൊഴിൽ കണ്ടെത്താനും വിസാ പ്രശ്നങ്ങളിൽ നിയമപരമായ സംരക്ഷണം ഉറപ്പാക്കാനും കേന്ദ്രസർക്കാർ നയതന്ത്രതലത്തിൽ ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
വി ഡി സതീശൻ അവതരിപ്പിച്ച ധവളപത്രത്തിനെതിരായ വിമർശനങ്ങൾ തള്ളി വിദഗ്ധസമിതി അധ്യക്ഷൻ ഡോ. ചന്ദ്രശേഖർ. ധവളപത്രം കേരളത്തിന്‍റെ യഥാർത്ഥ ധനസ്ഥിതിയാണ് കാണിക്കുന്നതെന്നും, എഐ നിർമ്മിതമാണെന്ന തോമസ് ഐസക്കിന്‍റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കേരള നിയമസഭയിലെ തന്‍റെ ആദ്യ അനുഭവങ്ങൾ പങ്കുവെച്ച് കോൺഗ്രസിനെയും സിപിഎമ്മിനെയും വിമർശിച്ചു. സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ഇരുപാർട്ടികളുടെയും രാഷ്ട്രീയ സമീപനങ്ങളാണെന്നും, വികസനത്തിന് പകരം അനാവശ്യ വിവാദങ്ങൾക്കാണ് അവർ പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗവർണർ നടത്തുന്ന കാവിവത്കരണ ശ്രമങ്ങൾക്ക് യുഡിഎഫ് സർക്കാർ പൂർണ്ണമായി കീഴടങ്ങിയെന്ന് സിപിഎം ആരോപിക്കുന്നു. ഗവർണറുമായി ഏറ്റുമുട്ടാനില്ലെന്ന മന്ത്രിയുടെ നിലപാടും, എം.ജി സർവകലാശാലയിലെ നിയമനങ്ങളിൽ ആർ.എസ്.എസ് പ്രതിനിധികളെ ഉൾപ്പെടുത്തിയതും യുഡിഎഫ്-ബിജെപി ഡീലിന്റെ തെളിവാണെന്ന് സിപിഎം ചൂണ്ടിക്കാട്ടുന്നു.
പേഴ്സണൽ സ്റ്റാഫിലെ ബന്ധു നിയമന വിവാദത്തിനൊടുവിൽ രാജി. മന്ത്രി സണ്ണി ജോസഫിന്റ അളിയൻ ബെന്നി തോമസ് രാജി വെച്ചു. രാജിക്കത്ത് മുഖ്യമന്ത്രി വിഡി സതീശന് കൈമാറി. ഇന്നലെ ബന്ധു നിയമന വിവാദത്തെ ചൊല്ലി കെപിസിസി യോഗത്തിൽ സണ്ണി ജോസഫിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനെ അടക്കമുള്ളവരെ അധിക്ഷേപിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്ന ഇടതു സൈബർ പോരാളിയായ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു. ഐഎച്ച്ആർഡി അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന നന്ദകുമാറിനെയാണ് ഉന്നത വിദ്യാഭ്യാസവകുപ്പ് പുറത്താക്കിയത്.
പ്രതിപക്ഷത്തെ പരിഹസിച്ച് ജി സുധാകരൻ എംഎൽഎ. സഭയിൽ മുഖ്യമന്ത്രി വി ഡി സതീശൻ പ്രസംഗിച്ചപ്പോൾ മറുപടി പറയാൻ ഒരാൾക്കും കഴിയുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സഭയിൽ നനഞ്ഞ കോഴിയാണെന്നും ജി സുധാകരൻ പറഞ്ഞു. ഇടത്തോട്ടു മുണ്ടുടുത്താൽ ഇടതുപക്ഷമാകില്ലെന്നും രാജ്യത്ത് കോൺഗ്രസിന്റെ ഊന്നുവടിയിൽ നിൽക്കുന്ന പാർട്ടിയാണ് സിപിഎമ്മെന്നും അദ്ദേഹം പരിഹസിച്ചു.
സർക്കാർ സംവിധാനങ്ങളുടെ വീഴ്ചയിൽ കൈ നഷ്ടപ്പെട്ട പാലക്കാട് സ്വദേശിനി വിനോദിനിക്ക് പ്രായപൂർത്തിയാകുമ്പോൾ സർക്കാർ ജോലി നൽകാൻ ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു. കുട്ടിയുടെ തുടർപഠനവും ചികിത്സാ ചെലവും സർക്കാർ ഉറപ്പുവരുത്തണമെന്നും കമ്മീഷൻ ശുപാർശ ചെയ്തു. മാധ്യമവാർത്തയെ തുടർന്ന് കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു.
പൈക്ക പദ്ധതി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കായിക വകുപ്പ്. കേന്ദ്ര സർക്കാരിന്‍റെ പഞ്ചായത്ത് യുവക്രീഡ ഓർ ഖേൽ അഭിയാൻ പദ്ധതിക്കായി അനുവദിച്ചതിൽ 11.91 കോടി രൂപ തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിലാണ് അന്വേഷണം.
നടൻ സലിംകുമാറിന് കണ്ണീരോടെ വിട നൽകി കേരളം. ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കാരം പൂർത്തിയായി. മക്കളായ ചന്തുവും ആരോമലും ചിതയ്ക്ക് തീ കൊളുത്തി. പ്രിയതാരത്തിനെ അവസാനമായി കാണാനും അന്ത്യാജ്ഞലി അര്‍പ്പിക്കാനുമായി നിരവധി പേര്‍ വീട്ടിലെത്തിയിരുന്നു. മുഖ്യമന്ത്രി വി ഡി സതീശനും കെസി വേണുഗോപാലും സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു.
സലിം കുമാറിൻ്റെ വിയോഗത്തിൽ അനുശോചനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അവിസ്മരണീയമായ പ്രകടനങ്ങളിലൂടെയും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് സലിം കുമാർ എന്നും കുടുംബത്തിൻ്റെയും ആരാധകരുടെയും ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും മോദി കുറിപ്പിൽ പറഞ്ഞു.
കനത്ത മഴയെ തുടർന്ന് ഇടുക്കി ജില്ലയിൽ രാത്രിയാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി. മലയോര മേഖലയിൽ വൈകീട്ട് 7 മുതൽ രാവിലെ 6 വരെയാണ് യാത്രാ നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ആണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടി ആയ ജില്ലാ കലക്ടർ നിയന്ത്രണം ഏർപ്പെടുത്തിയത്.
ഉയർന്ന ലെവലിൽ കാലവർഷ കാറ്റ് ശക്തമായതിനെ തുടർന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ മഴയുടെ വ്യാപ്തി വടക്കൻ ജില്ലകളിലേക്ക് കേന്ദ്രീകരിക്കുമെന്നും ജൂൺ പത്തോടെ തീവ്രത കുറയുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നു.
പിണറായി സർക്കാറിന്‍റെ കാലത്ത് സസ്പെൻഡ് ചെയ്തിരുന്ന ഐ എ എസ് ഉദ്യോഗസ്ഥരായ ഡോ. ബി അശോകിനെയും എൻ പ്രശാന്തിനെയും സർവീസിൽ തിരിച്ചെടുത്തു. ഇന്നലെയാണ് സതീശൻ സർക്കാർ സസ്പെൻഷൻ പിൻവലിച്ച് ഇരുവരെയും സർവീസിൽ തിരിച്ചെടുക്കാൻ തീരുമാനിച്ചത്. ചീഫ് സെക്രട്ടറി എ ജയതിലക് ഇതുസംബന്ധിച്ച ഉത്തരവിറക്കിയതോടെ തീരുമാനം പ്രാബല്യത്തിലായി.
ആരോഗ്യ മേഖലയെ തകർക്കാൻ ഒരു ലോബി പ്രവർത്തിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ പറഞ്ഞു. സ്വകാര്യവൽക്കരണ പ്രചാരണം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല റിപ്പോർട്ട് ചെയ്തതായും ഭക്ഷ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമാക്കിയതായും മന്ത്രി അറിയിച്ചു.
വിജയ് സർക്കാർ 3 മാസത്തിനുള്ളിൽ വീഴുമെന്ന എം കെ സ്റ്റാലിന്റെ വാദത്തെ സിപിഎം തള്ളി. ഡിഎംകെയുമായി നിലവിൽ സഖ്യമില്ലെന്നും ടിവികെ സർക്കാരിന് പിന്തുണ നൽകുന്നത് സ്വന്തം നിലയ്ക്കുള്ള തീരുമാനമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പി ഷൺമുഖം വ്യക്തമാക്കി
പാർട്ടി ഫണ്ടിലേക്ക് തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപറേഷനിൽ നിന്നും (ടാസ്മാക്) അനധികൃതമായി പിരിവ് നടത്തുന്നതിനും പാർട്ടി ഫണ്ടിലേക്ക് പണം വകം മാറ്റുന്ന രീതിക്കും തടയിടാൻ കടുത്ത നിലപാടുമായി മുഖ്യമന്ത്രി ജോസഫ് വിജയ്. ഇത്തരം പിരിവുകൾ പാടില്ലെന്നും മദ്യവിൽപ്പനയിലൂടെ ലഭിക്കുന്ന പണം സംസ്ഥാന ഖജനാവിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും വിജയ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
ഡൽഹിയിൽ ചേരുന്ന ‘ഇന്ത്യ’ മുന്നണി യോഗം കടുത്ത രാഷ്ട്രീയ തർക്കങ്ങൾക്ക് വേദിയാകുമെന്ന് സൂചന. ഡിഎംകെയുടെ ബഹിഷ്കരണം, കോൺഗ്രസിനെതിരായ സിപിഎം, ജെഎംഎം കക്ഷികളുടെ അതൃപ്തി, തൃണമൂലിന്റെ പുതിയ നീക്കങ്ങൾ എന്നിവ യോഗത്തിലെ പ്രധാന വെല്ലുവിളികളാണ്.
പശ്ചിമ ബംഗാളിലെ മാൾഡ ജില്ലാ കോൺഗ്രസ് നേതൃത്വം, തൃണമൂൽ കോൺഗ്രസ് ഉൾപ്പെടെയുള്ള മറ്റ് പാർട്ടികളിൽ നിന്ന് കോൺഗ്രസിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്കായി ആറ് കർശന നിബന്ധനകൾ പുറത്തിറക്കി. അഴിമതിക്കാരെയും ക്രിമിനൽ പശ്ചാത്തലമുള്ളവരെയും ഒഴിവാക്കി, പാർട്ടിയുടെ ആദർശങ്ങളിൽ ഉറച്ചുനിൽക്കുന്നവരെ മാത്രം ഉൾപ്പെടുത്താനാണ് ഈ നീക്കം
സാധാരണയിലും വൈകിയെത്തിയ മൺസൂണിനൊപ്പം, ‘ഗോഡ്സില്ല എൽ നിനോ’ എന്നറിയപ്പെടുന്ന അതിശക്തമായ കാലാവസ്ഥാ പ്രതിഭാസം രൂപംകൊള്ളുന്നതായി റിപ്പോർട്ട്. ഇത് ഇന്ത്യയിൽ മൺസൂൺ ദുർബലമാക്കാനും മഴയുടെ അളവ് കുറയ്ക്കാനും സാധ്യതയുണ്ട്. ഈ മാറ്റം രാജ്യത്തെ കൃഷിയെയും ഭക്ഷ്യവിലയെയും ബാധിച്ച് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായേക്കാം.
വിവാഹ രജിസ്ട്രേഷനിൽ വ്യക്തത വരുത്തി തമിഴ്നാട് സർക്കാർ. വിവാഹം രജിസ്റ്റർ ചെയ്യാൻ അച്ഛനമ്മമാർ എത്തേണ്ടതില്ലെന്ന് സബ് രജിസ്ട്രാർമാർക്ക് കർശന നിർദേശം നൽകി രജിസ്ട്രേഷൻ മന്തി ലോകേഷ് തമിഴ്സെൽവൻ ദമ്പതികളുടെ അച്ഛനമ്മമാർ നേരിട്ടെത്തണം, സമ്മതപത്രം നൽകണം തുടങ്ങിയ ആവശ്യങ്ങൾ നിയമവിരുദ്ധമെന്നും മന്ത്രി വ്യക്തമാക്കി.
മധ്യപ്രദേശിലെ പാണ്ഡുർണയിൽ ഗർഭിണിക്ക് അംഗൻവാടിയിൽ നിന്ന് ലഭിച്ച പോഷകാഹാരപ്പൊതിയിൽ ചത്ത പാമ്പിൻകുഞ്ഞിനെ കണ്ടെത്തി. സംഭവത്തിൽ ഗ്രാമവാസികൾ പ്രതിഷേധിച്ചതോടെ, അധികൃതർ അന്വേഷണ സമിതിയെ നിയോഗിക്കുകയും ഭക്ഷണത്തിന്‍റെ സാമ്പിൾ പരിശോധനയ്ക്ക് അയക്കുകയും ചെയ്തു.
വെസ്റ്റ് ബാങ്കിലെ ഹെബ്രോൺ നഗരത്തിൽ ഇസ്രായേൽ സൈന്യത്തിന്റെ വെടിയേറ്റ് ഏഴ് മാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ടു. പലസ്തീനികളും സൈന്യവും തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ് സംഭവം. ഈ സംഭവം മേഖലയിൽ വലിയ ജനരോഷത്തിനും പ്രതിഷേധങ്ങൾക്കും കാരണമായിട്ടുണ്ട്.
ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രായേൽ സൈന്യം വൻ വ്യോമാക്രമണം നടത്തി. ഹിസ്ബുള്ളയുടെ തന്ത്രപ്രധാനമായ ഭൂഗർഭ കമാൻഡ് സെന്ററാണ് ലക്ഷ്യമിട്ടതെന്നും അത് തകർത്തതായും ഇസ്രായേൽ അവകാശപ്പെട്ടു. ആക്രമണത്തെത്തുടർന്ന് മേഖലയിൽ കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല, യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുകയാണ്.
ഉത്തര കൊറിയയെ ആണവവിമുക്തമാക്കാനുള്ള അമേരിക്കൻ നീക്കങ്ങൾ കാലഹരണപ്പെട്ട വ്യാമോഹമാണെന്ന് കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്. യുഎസ് നേതൃത്വത്തിലുള്ള സുരക്ഷാ ഭീഷണികൾക്കെതിരെ രാജ്യത്തിന്റെ ആണവായുധ ശേഖരം ഇനിയും വ്യാപിപ്പിക്കുമെന്നും അവർ പ്രഖ്യാപിച്ചു.
പശ്ചിമേഷ്യയിലെ യുഎസ് സൈനിക തന്ത്രങ്ങളുടെ സിരാകേന്ദ്രമായിരുന്ന ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളം ഇറാനിയൻ മിസൈൽ ആക്രമണത്തിൽ തകർന്നതായി യുഎസ് സ്ഥിരീകരിച്ചു. യുദ്ധം തുടങ്ങി ആദ്യ ആഴ്ചകളിൽ തന്നെ ആക്രമണം നടന്നെങ്കിലും നാല് മാസങ്ങൾക്ക് ശേഷമാണ് യുഎസ് ഈ വലിയ നഷ്ടം സമ്മതിക്കുന്നത്.
ഇറാനുമായുള്ള ചർച്ചകളിൽ ഏർപ്പെട്ട അമേരിക്കൻ ഉദ്യോഗസ്ഥരെ ഇസ്രയേൽ ചാരവൃത്തിയിലൂടെ നിരീക്ഷിച്ചതായി യുഎസ് രഹസ്യാന്വേഷണ ഏജൻസി കണ്ടെത്തിയെന്ന് റിപ്പോർട്ട്. ഇറാനുമായുള്ള ചർച്ചകളിൽ അമേരിക്കയുടെ നിലപാടുകളും തന്ത്രങ്ങളും മുൻകൂട്ടി മനസ്സിലാക്കാൻ ഇസ്രയേലി ചാരസംഘടനകൾ നിരീക്ഷണം ശക്തമാക്കിയതായാണ് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
