Untitled design 20250112 193040 0000

 

 

 

ശബരിമല ഉന്നതാധികാര സമിതി ചെയർമാനായി റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി വി.ജി. അരുണിനെ നിയോഗിച്ചു. ഹൈക്കോടതി ദേവസ്വം ബഞ്ചിന്റേതാണ് നിയമന ഉത്തരവ്. ശബരിമല ഉന്നതാധികാര സമിതിയുടെ അധ്യക്ഷനായിരുന്ന റിട്ടയേര്‍ഡ് ജസ്റ്റിസ് സീരിജഗൻ മരണപ്പെട്ട സാഹചര്യത്തിലാണ് പുതിയ നിയമനം.

 

 

എൻ ഡി എ സ്ഥാനാർഥി ശോഭ സുരേന്ദ്രനെതിരായ ‘വോട്ടിന് നോട്ട്’ ആരോപണത്തിൽ ജില്ലാ കളക്ടർ അന്വേഷണ റിപ്പോർട്ട്‌ നൽകി. വോട്ടിനായി പണം കൈമാറിയെന്ന ആരോപണത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് കളക്ടർ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. സംഭവ സ്ഥലത്തെത്തി തെരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് അന്വേഷണം നടത്തിയതിന്‍റെ വിശദാംശങ്ങളും കളക്ടർ വിവരിച്ചിട്ടുണ്ട്. വയോധിക പണം കിട്ടിയില്ലെന്നാണ് മൊഴി നൽകിയിരിക്കുന്നതെന്നും കളക്ടറുടെ റിപ്പോർട്ടിലുണ്ട്.ഈ റിപ്പോർട്ട്‌ പരിശോധിച്ച് കൂടുതൽ നടപടിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

 

വോട്ടിന് നോട്ട് ആരോപണം തളളിയ ശോഭാ സുരേന്ദ്രൻ, തിരക്കഥ തയാറാക്കി കോൺഗ്രസ് പ്രവർത്തകർ തന്നെ വേട്ടയാടുകയായിരുന്നുവെന്നും കാറിലുണ്ടായിരുന്നവർ അശ്ശീല ആം​ഗ്യം കാണിച്ചതിനാലാണ് തടഞ്ഞതെന്നും തിരിച്ചടിച്ചു . എന്നാൽ ശോഭയുടെ ആരോപണം പൂർണ്ണമായും തള്ളി കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി. ശോഭയോട് മോശം ആംഗ്യം കാണിച്ചിട്ടില്ലെന്നും പണം നൽകിയതിന്റെ വീഡിയോ ദൃശ്യം പുറത്ത് വന്നതോടെ, കയ്യോടെ പിടിക്കപ്പെട്ടതോടെ, ജാള്യത മറക്കാൻ ആരോപണങ്ങളുന്നയിക്കുകയാണെന്നും കോൺഗ്രസ് പ്രവർത്തകർ തിരിച്ചടിച്ചു.

 

വോട്ടർമാർക്ക് ബി ജെ പി പ്രവർത്തക പണം നൽകിയെന്ന ആരോപണത്തിൽ പുതിയ തെളിവുകൾ പുറത്ത്. വയോധികക്ക് പണം കൈമാറിയെന്ന് ആരോപണം നേരിടുന്ന സ്ത്രീയെ അറിയില്ലെന്നടക്കമുള്ള എൻ ഡി എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന്‍റെ വാദങ്ങൾ പൊളിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. ആരോപണ വിധേയയായ സ്ത്രീ ശോഭക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ കോൺഗ്രസാണ് പുറത്തുവിട്ടത്.

 

തൃശൂർ ജില്ലയിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യാൻ നീക്കമെന്ന് ആരോപണം. തൃശൂർ കാച്ചേരിയിലുള്ള ഒരു അച്ചാർ കമ്പനിയിൽ നിന്ന് ഏകദേശം 750 ഭക്ഷ്യക്കിറ്റുകളാണ് തിരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡും പോലീസും ചേർന്ന് പിടികൂടിയത്. ബിജെപി നേതാവിന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി തയ്യാറാക്കിയതാണ് ഈ കിറ്റുകളെന്ന് സിപിഎമ്മും സിപിഐയും ആരോപിച്ചു.

 

ലൈംഗീകാതിക്രമ കേസിൽ ജയിലില്‍ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന്‍റെ ഇടക്കാല ജാമ്യപേക്ഷ തള്ളി കോടതി. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. ലൈംഗികാതിക്രമ കേസില്‍ രഞ്ജിത്തിനെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്‍റെ അപേക്ഷ കോടതി പരിഗണിക്കുന്നതിനിടെയാണ് അഭിഭാഷകന്‍ ഇടക്കാല ജാമ്യം ആവശ്യപ്പെട്ടത്. എന്നാല്‍ ആവശ്യം കോടതി അംഗീകരിച്ചില്ല.

 

നേമം മണ്ഡലത്തിൽ ബിജെപി വ്യാപകമായി പണവും മദ്യവും ഒഴുക്കുന്നു എന്ന ആരോപണത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ശിവൻ കുട്ടിക്ക് തോൽക്കാൻ പോകുന്നതിന്റെ നിരാശയാണെന്നും തെളിവുണ്ടെങ്കിൽ പൊലീസിനോട് പറയട്ടെ എന്നുമായിരുന്നു പ്രതികരണം.

 

സ്ഥിരം കുറ്റവാളികളായ നാല് പേരെ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി സിറ്റി പൊലീസ്. സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തുടർന്ന സാഹചര്യത്തിലാണ് കടുത്ത നടപടി. കരുനാഗപ്പള്ളി കുലശേഖരപുരം മഹാരാഷ്ട്രാ സുനാമി കോളനിയിൽ ചിക്കു (30), രഞ്ജിത്ത് (34), നൗഫാൻ (28), ജെറി (37) എന്നിവരെയാണ് കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലാക്കിയത്.

 

ശബരിമലയിലെ സ്വർണ്ണക്കൊള്ളയെക്കുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ പങ്കുവെച്ച വീഡിയോ ഇൻസ്റ്റഗ്രാമിൽ നിന്ന് നീക്കം ചെയ്തു. സംസ്ഥാന സർക്കാരിന്റെയും പൊലീസ് സൈബർ സെല്ലിന്റെയും ഔദ്യോഗിക നിർദ്ദേശപ്രകാരമാണ് വീഡിയോ ഇന്ത്യയിൽ നിരോധിച്ചതെന്ന് രാഹുൽ ആരോപിച്ചു. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രാഹുൽ ഈ വിവരം പുറത്തുവിട്ടത്.

 

വാഹന മോഡിഫിക്കേഷൻ വിഷയത്തിൽ യുവാക്കളെ കൈയിലെടുക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മറുപടിയുമായി കെ.ബി. ഗണേഷ് കുമാർ. കേന്ദ്ര സർക്കാർ കൊണ്ടുവന്ന മോട്ടോർ വാഹന നിയമം എങ്ങനെയാണ് സതീശൻ മാറ്റുന്നതെന്ന് ഗണേഷ് ചോദിച്ചു. മോഡിഫിക്കേഷനും രാഷ്ട്രീയവും തെരഞ്ഞെടുപ്പും തമ്മിൽ എന്താണ് ബന്ധമെന്നും അദ്ദേഹം പരിഹസിച്ചു.

 

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടർമാർക്ക് പണം നൽകി സ്വാധീനിക്കാൻ ശ്രമിക്കുന്നു എന്ന ആരോപണം ശക്തമാകുന്നു.പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നാലെ, ബേപ്പൂർ മണ്ഡലത്തിലും യുഡിഎഫ് നേതാക്കൾ പണം നൽകിയെന്ന പരാതിയുമായി മുൻ കോൺഗ്രസ് പ്രവർത്തകൻ രംഗത്തെത്തി.

 

ചിക്കമം​ഗളൂരുവിൽ വിനോദസഞ്ചാരത്തിനെത്തിയ മലയാളി പെൺകുട്ടിയെ കാണാതായ സംഭവത്തിൽ 24 മണിക്കൂർ കഴിഞ്ഞിട്ടും കുട്ടിയെക്കുറിച്ച് വിവരങ്ങൾ ലഭിച്ചിട്ടില്ല. പ്രദേശത്തെ രണ്ട് കൊക്കകൾ കേന്ദ്രീകരിച്ചുള്ള തിരച്ചിലും അന്വേഷണവും ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. അതേസമയം പ്രത്യേക അന്വേഷണ സംഘത്തിന്റെ തിരച്ചിലിൽ സംതൃപ്തിയുണ്ടെന്ന് ശ്രീനന്ദയുടെ അച്ഛൻ പറഞ്ഞു.

 

ജോസ് കെ മാണിക്കെതിരായ സീറ്റിന് കോഴ നൽകിയെന്ന ആരോപണത്തിൽ മാണി സി കാപ്പനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കേരള കോൺഗ്രസ് എം. തോൽവി സമ്മതിച്ച കാപ്പൻ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്ന് കേരള കോൺഗ്രസ് എം ആരോപിച്ചു.പാലായിലെ പ്രബുദ്ധരായ വോട്ടർമാരെ പറഞ്ഞു പറ്റിക്കാം എന്ന അദ്ദേഹത്തിന്റെ വ്യാമോഹം വിലപ്പോവുകയില്ലെന്നും ലോപ്പസ് മാത്യു പറഞ്ഞു.

 

വൈക്കത്തെ കർഷകന്‍റെ ആത്മഹത്യയിൽ ദുരൂഹത ആരോപിച്ച് മക്കൾ. 16 ലക്ഷം രൂപ കടമുണ്ടായിരുന്നതിന്‍റെ സമ്മർദ്ദവും പിതാവിനുണ്ടായിരുന്നുവെന്ന് മക്കൾ വ്യക്തമാക്കി. കുടുംബത്തെ സന്ദർശിച്ച കെസി വേണുഗോപാൽ എംപി പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ചു. മരണത്തിന് മുൻപ് ചെല്ലപ്പൻ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തിയതിൽ ദുരൂഹതയുണ്ടെന്ന് ആരോപണത്തിന്‍റെ മുനയിൽ നിൽക്കുന്ന സിപിഐ പ്രാദേശിക നേതൃത്വം ആരോപിച്ചു.

 

ശബരിമല യുവതി പ്രവേശന കേസിൽ സുപ്രധാന നിരീക്ഷണവുമായി ജസ്റ്റിസ് ബി വി നാഗരത്ന. ആദ്യ ഹർജിക്കാർ വിശ്വാസികളല്ല. വിശ്വാസികൾ അല്ലാത്തവരുടെ ഹർജി കോടതി എന്തിന് കേൾക്കണമെന്നുമാണ് ജസ്റ്റിസ് നാഗരത്നയുടെ നിർണ്ണായക പരാമർശം.പല അജണ്ടുകളുമായി ചിലർ പൊതുതാൽപര്യഹർജിയുമായി എത്തുമെന്നും ജസ്റ്റിസ് നാഗരത്ന പറഞ്ഞു.

 

തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്, ഡിഎംകെ സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. തന്നെ വ്യക്തിപരമായി തകർക്കാൻ ശ്രമം നടക്കുന്നുവെന്നും വിവാഹമോചന ഹർജിക്ക് പിന്നിൽ ഡിഎംകെ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പരോക്ഷമായി ആരോപിച്ചു. കോൺഗ്രസിനെ സ്റ്റാലിൻ പണം നൽകി വിലക്കെടുത്തെന്നും ഇതൊരു ‘പണപ്പെട്ടി സഖ്യം’ ആണെന്നും വിജയ് പരിഹസിച്ചു.

 

തമിഴ്‌നാട് ചീഫ് സെക്രട്ടറി എൻ മുരുഗാനന്ദത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥാനത്ത് നിന്ന് നീക്കി. ഡി എം കെ അനുകൂല നിലപാട് സ്വീകരിക്കുന്നു എന്ന ആരോപണത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് സൂചന. കമ്മീഷൻ ബിജെപിയുടെ ആയുധമായി മാറിയെന്നും ഇത് ഏകപക്ഷീയമായ നടപടിയാണെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രൂക്ഷമായി പ്രതികരിച്ചു.

 

മനുഷ്യക്കടത്ത് ആരോപിച്ച് മധ്യപ്രദേശിലെ ഇൻഡോറിൽ കന്യാസ്ത്രീകളെയും മഠത്തിലെ വിദ്യാർഥികളെയും റെയിൽവേ പൊലീസ് തടഞ്ഞുവെച്ചു. ഇന്നലെയാണ് സംഭവം. ഇൻഡോർ രൂപത അറിയിച്ചതിനെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടാണ് ഇവരെ മോചിപ്പിച്ചത്. മനുഷ്യക്കടത്താണെന്ന് പറഞ്ഞ് റെയിൽവെ പൊലീസിന് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് തടഞ്ഞതെന്നാണ് അറിഞ്ഞതെന്നും ഇതോടെ അവര്‍ക്ക് പോകാനുള്ള ട്രെയിനും പോയെന്നും ആരോ തെറ്റായ വിവരം നൽകുകയായിരുന്നുവെന്നും ബിഷപ്പ് തോമസ് മാത്യു പറഞ്ഞു.

 

ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ എത്രയും വേഗം രാജ്യം വിടണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. ഏപ്രിൽ 7-ന് പുറപ്പെടുവിച്ച ജാഗ്രതാ നിർദ്ദേശത്തിന്റെ തുടർച്ചയായാണ് അതിവേഗം മടങ്ങാനുള്ള പുതിയ അന്ത്യശാസനം. മേഖലയിലെ അപ്രവചനീയമായ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഈ നീക്കം.

 

ലെബനനിൽ അതിശക്തമായ വ്യോമാക്രമണങ്ങൾ. ഹിസ്ബുള്ളയ്ക്ക് ശക്തമായ സ്വാധീനമുള്ള ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങൾ, തെക്കൻ ലെബനൻ, കിഴക്കൻ ബെക്കാ താഴ്‌വര എന്നിവിടങ്ങളിലാണ് ആക്രമണം ഉണ്ടായത്.അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാർ ലെബനനിലെ പോരാട്ടങ്ങൾക്ക് ബാധകമല്ലെന്ന് ഇസ്രായേൽ സൈന്യം .പ്രഖ്യാപിച്ചു.

 

തങ്ങളുടെ നിബന്ധനകൾ അംഗീകരിച്ചാണ് വെടിനിർത്തൽ പ്രഖ്യാപനമെന്ന് ഇറാൻ പ്രസിഡന്‍റ് മസൂദ് പെഷെഷ്കിയാൻ.ഒപ്പം ഇപ്പോഴത്തെ വെടിനിർത്തൽ ‘ഖമേനിയുടെ രക്തത്തിന്‍റെ ഫലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

40 ദിവസത്തെ അക്രമണത്തിന് പിന്നാലെ യുഎസ് ഇറാനുമായുള്ള യുദ്ധത്തിൽ രണ്ടാഴ്ചത്തെ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു. പാകിസ്ഥാന്‍റെ നേതൃത്വത്തിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഇറാനുമായുള്ള വെടിനിർത്തലിന് ട്രംപ് തയ്യാറായത്. വെടിനിർത്തൽ തങ്ങളുടെ വിജയമാണെന്ന് യുഎസും ഇറാനും അവകാശപ്പെടുന്നു.

 

നാല്പതാം നാളിലേക്ക് യുദ്ധം കടക്കുന്നതിനിടെ യുഎസിന്‍റെ ഭാഗത്ത് നിന്നുമുണ്ടായ അപ്രതീക്ഷിത വെടിനിർത്തൽ പ്രഖ്യാപനത്തെ അംഗീകരിച്ച് ഇറാൻ. തങ്ങളുടെ നിബന്ധനകൾ അംഗീകരിച്ചാണ് വെടിനിർത്തൽ പ്രഖ്യാപനമെന്ന് ഇറാൻ പ്രസിഡന്‍റ് മസൂദ് പെഷെഷ്കിയാൻ അറിയിച്ചു. ഒപ്പം ഇപ്പോഴത്തെ വെടിനിർത്തൽ ‘ഖമേനിയുടെ രക്തത്തിന്‍റെ ഫലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ഇറാനും അമേരിക്കയും തമ്മിലുള്ള രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാർ നിലവിൽ വന്ന് മണിക്കൂറുകൾക്കുള്ളിൽ ഇറാനിലെ ലാവൻ ദ്വീപിലുള്ള എണ്ണ ശുദ്ധീകരണ ശാലയിൽ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. ബുധനാഴ്ച പ്രാദേശിക സമയം പത്ത് മണിയോടെയാണ് ഇത്തരമൊരു ആക്രമണം ഉണ്ടായതെന്ന് ഇറാനിയൻ ഓയിൽ മന്ത്രാലയത്തിന്റെ വാർത്താ ഏജൻസിയായ ഷാനയെ ഉദ്ധരിച്ച് നാഷണൽ ഇറാനിയൻ ഓയിൽ റിഫൈനിങ് ആൻഡ് ഡിസ്ട്രിബ്യൂഷൻ കമ്പനി വ്യക്തമാക്കി.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *