മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകള്‍ വീണയ്ക്കും മരുമകന്‍ മുഹമ്മദ് റിയാസിനുമെതിരേ കേസെടുക്കണമെന്ന ഇഡി റിപ്പോര്‍ട്ടില്‍ നിയമ പരിശോധന നടത്തി തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. നിയമം നിയമത്തിന്റെ വഴിക്കെന്നു പറഞ്ഞ മുഖ്യമന്ത്രി, ഇക്കാര്യത്തില്‍ രാഷ്ട്രീയമില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മാസപ്പടി കേസ് മാത്രമല്ല, ഗൗരവമേറിയ മറ്റു ചില വിവരങ്ങളും ഇഡിയുടെ റിപ്പോര്‍ട്ടിലുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ഈ മാസം 15 നകം പരിഹാരിക്കാന്‍ കെഎസ്ഇബി നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 4.29 രൂപയ്ക്ക് 25 വര്‍ഷത്തേക്കു വൈദ്യുതി വാങ്ങാന്‍ ഒപ്പുവച്ച കരാര്‍ റദ്ദാക്കി എല്‍ഡിഎഫ് സര്‍ക്കാര്‍ ഇരട്ടി തുകയ്ക്കു വൈദ്യുതി വാങ്ങിയതാണ് പ്രതിസന്ധിക്കു കാരണം. ഇപ്പോള്‍ പത്തിലേറെ രൂപ നല്‍കിയിട്ടും വൈദ്യുതി കിട്ടാനില്ല. മഴ കുറഞ്ഞതുമൂലം ഡാമുകളില്‍ വെള്ളം പകതിപോലുമില്ല. കല്‍ക്കരിക്ഷാമം മൂലം രാജ്യവ്യാപകമായി വൈദ്യുതി ക്ഷാമമുണ്ട്. ചൂടു കൂടിയതോടെ വൈദ്യുതി ഉപയോഗം വര്‍ധിക്കുകയും ചെയ്തു. മുഖ്യമന്ത്രി പറഞ്ഞു.
സമസ്ത നേതാക്കള്‍ തന്നെ കാണാനെത്തിയത് കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ നിലപാടിനോടു വിയോജിപ്പു പ്രകടിപ്പിച്ചതിനല്ലെന്നു മുഖ്യമന്ത്രി വി.ഡി. സതീശന്‍. ആഴ്ചകള്‍ക്കു മുമ്പേ സന്ദര്‍ശനത്തിന് അനുമതി ചോദിക്കുകയും അനുവദിക്കുകയും ചെയ്തിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ പിഎംശ്രീ പദ്ധതിയെക്കുറിച്ചു ചര്‍ച്ച ചെയ്തില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. എന്താണു സംസാരിച്ചതെന്ന് അദ്ദേഹത്തിനും തനിക്കും മാത്രമേ അറിയൂ. അക്കാര്യം ഞങ്ങള്‍ ആരോടും പറഞ്ഞിട്ടില്ല. പിഎംശ്രീ പദ്ധതിയെ രാഹുല്‍ഗാന്ധി എതിര്‍ത്തെന്നു വാര്‍ത്ത കൊടുത്തവര്‍ ആകാശത്തുനിന്നാണു വാര്‍ത്തയുണ്ടാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ കൂടുതല്‍ പേരെ നിയമിച്ചെന്ന ആരോപണം വെറും നുണക്കഥയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. 476 പേരെയാണ് സ്റ്റാഫംഗങ്ങളായി നിയമിച്ചത്. പിണറായി സര്‍ക്കാര്‍ 787 പേരെയാണു സ്റ്റാഫംഗങ്ങളായി നിയമിച്ചത്. ഓരോ മന്ത്രിമാരും 25 ലേറെ പേരെ നിയമിക്കരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നു. 22 പേരെ മാത്രം നിയമിച്ച മന്ത്രിമാരുണ്ട്. പിണറായി മന്ത്രിസഭയിലെ മന്ത്രിമാര്‍ക്ക് 29 സ്റ്റാഫംഗങ്ങള്‍വരെയുണ്ടായിരുന്നെന്നും മുഖ്യമന്ത്രി.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രാഷ്ട്രീയ നീക്കങ്ങളാണ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കരുവന്നൂര്‍ ബാങ്കിലെ അഴിമതിയുമായി ബന്ധപ്പെട്ട ഇടപെടല്‍ ചൂണ്ടിക്കാട്ടിയായിരുന്നു പിണറായിയുടെ പ്രതികരണം. രാഷ്ട്രീയമായ നീക്കങ്ങള്‍ രാഷ്ട്രീയമായിത്തന്നെനേരിടുമെന്നും അദ്ദേഹം ചെങ്ങന്നൂരില്‍ പറഞ്ഞു.
അഴിമതിക്കു കേസെടുക്കണമെന്ന ഇഡി റിപ്പോര്‍ട്ടിനെക്കുറിച്ചു പ്രതികരണം തേടിയെത്തിയ മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ‘പുറത്ത് നിക്കടോ അങ്ങോട്ട്’എന്ന് പറഞ്ഞ പിണറായി വിജയന്‍ ‘നിങ്ങളെന്താ ബാത്ത് റൂമിലേക്ക് വരുമോ’എന്നും ചോദിച്ചു. ചെങ്ങന്നൂര്‍ ഗസ്റ്റ് ഹൗസില്‍ വിശ്രമിക്കാന്‍ കയറിയതായിരുന്നു പ്രതിപക്ഷ നേതാവ്.
മാസപ്പടി കേസില്‍ പിണറായി വിജയനെ വേട്ടയാടാനാണ് ശ്രമമെങ്കില്‍ ജനകീയ പ്രതിഷേധം ഉയരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജന്‍. പിണറായിക്കെതിരെ ഇഡി നടത്തുന്ന രാഷ്ട്രീയ വേട്ടയില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണം. അകത്താക്കാനാണ് തീരുമാനമെങ്കില്‍ പ്രതിഷേധം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് ബെംഗളൂരിലെ ക്ഷേത്രത്തില്‍ സ്വീകരണം. ശ്രീറാംപുര അയ്യപ്പക്ഷേത്രത്തിലാണ് പോറ്റി എത്തിയത്. മുന്‍പ് ഈ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു ഉണ്ണിക്കൃഷ്ണന്‍ പോറ്റി. ജാമ്യ വ്യവസ്ഥയില്‍ ഇളവ് കിട്ടിയതോടെയാണ് പോറ്റി ക്ഷേത്രത്തിലെത്തിയത്. പൂജാകര്‍മ്മങ്ങളില്‍ പങ്കെടുക്കാനാണ് 20 ദിവസത്തെ ഇളവ് അനുവദിച്ചത്.
തിരുവനന്തപുരത്ത് ഹോട്ടലുകളില്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം വ്യാപക പരിശോധന നടത്തി. സ്റ്റാര്‍ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്‌ക്വാഡുകളായി പരിശോധന നടത്തിയത്.
വടകര പൊലീസ് സ്റ്റേഷനിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തില്‍ പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെ 120 പേര്‍ക്കെതിരെ പൊലീസ് കേസ്. 13 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി.
അട്ടപ്പാടിയില്‍ യുവതിയും കുഞ്ഞും കൊല്ലപ്പെട്ട സംഭവത്തില്‍ പശ്ചിമബംഗാള്‍ സ്വദേശിയായ പ്രതി പ്രോവത് ദാസും കൊല്ലപ്പെട്ട യുവതി പ്രൊണിത രാജ് എന്ന മുപ്പതുകാരിയും ഒന്നിച്ചു കഴിഞ്ഞിരുന്നെങ്കിലും ദമ്പതിമാരായിരുന്നില്ലെന്നു പോലീസ്. ഇരുവരും ഒരേ ഗ്രാമത്തില്‍ നിന്നുള്ളവരാണ്. ദമ്പതികളെന്ന വ്യാജേനയാണ് ഒന്നിച്ചു താമസിച്ചത്. കൊലപാതകത്തിനു കാരണമെന്തെന്ന് പ്രതി ഇതുവരെ പറഞ്ഞിട്ടില്ല.
സംസ്ഥാനത്തെ പവര്‍ കട്ടിന്റെ സമയം അറിയിക്കാനുള്ള മാന്യത വൈദ്യുതി മന്ത്രി സണ്ണി ജോസഫ് കാണിക്കണമെന്ന് കെ സുരേന്ദ്രന്‍. സണ്ണി ജോസഫ് വൈദ്യുതി വകുപ്പിന്റെ മന്ത്രി മാത്രമല്ലെന്നും ഭരണകക്ഷിയുടെ അധ്യക്ഷന്‍ കൂടിയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെയുള്ള തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി. താന്‍ വിമര്‍ശനത്തിന് അതീതന്‍ അല്ല. വിമര്‍ശിക്കുന്നവരുടെ ഭാഷ കാര്യമാക്കുന്നില്ലെന്നും അത് പൊത സമൂഹം വിലയിരുത്തട്ടെയെന്നും വി ഡി സതീശന്‍ പ്രതികരിച്ചു.
ചിറയിന്‍കീഴിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്കിടെ മണ്ഡലത്തില്‍ രമ്യ ഹരിദാസ് എംഎല്‍എ ഇന്ന് മണ്ഡലത്തി. കെപിസിസി നേതൃത്വം കടുത്ത അതൃപ്തി പ്രകടിപ്പിച്ചതോടെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്ത പാളയം പ്രദീപിനെ സ്റ്റാഫാക്കാനുള്ള തീരുമാനത്തില്‍നിന്ന് രമ്യ ഹരിദാസ് പിന്‍വാങ്ങിയിരുന്നു.
തിരുവനന്തപുരം മെട്രോ നടപടികളുമായി ബന്ധപ്പെട്ട് കൊച്ചി മെട്രോ നല്‍കിയ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. കേന്ദ്ര മാനദണ്ഡപ്രകാരം പദ്ധതി പുതുക്കണമെന്ന് കൊച്ചി മെട്രോയോട് ഗതാഗത വകുപ്പ് ആവശ്യപ്പെട്ടു.
മലയാള മനോരമ കൊച്ചി യൂണിറ്റിലെ സ്പെഷല്‍ കറസ്പോണ്ടന്റ് ജിജോ ജോണ്‍ പുത്തേഴത്ത് അന്തരിച്ചു. 54 വയസായിരുന്നു.
തൃശൂര്‍ ജില്ലയിലെ ബിജെപി ഭരിക്കുന്ന പാറളം പഞ്ചായത്തില്‍ അവിശ്വാസ നീക്കവുമായി കോണ്‍ഗ്രസും ഇടതു പക്ഷവും. ബിജെപിക്കും കോണ്‍ഗ്രസിനും തുല്യ അംഗങ്ങളുള്ള പഞ്ചായത്തില്‍ നാളെയാണ് അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യുന്നത്. കോണ്‍ഗ്രസിനും ബിജെപിക്കു ആറു വീതവും ഇടതു പക്ഷത്തിന് അഞ്ച് അംഗങ്ങളുമാണുള്ളത്. നിലവില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളില്‍ ബിജെപിയാണുള്ളത്.
ഓണം ഗിഫ്റ്റ് കാര്‍ഡുകള്‍ ദുരുപയോഗിച്ചോയെന്ന് സപ്ലൈകോ അന്വേഷിക്കുന്നു. പെരുമ്പാവൂരിലെ സ്ഥാപനത്തിന് ആയിരം ഗിഫ്റ്റ് കാര്‍ഡ് വിതരണം ചെയ്തതിലെ ക്രമക്കേടില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്നാണ് അന്വേഷണം. അരി, പഞ്ചസാര ഡീലര്‍മാരായ കമ്പനിക്ക് ഗിഫ്റ്റ് കൂപ്പണ്‍ നല്‍കി പഞ്ചസാര മാത്രം ലഭ്യമാക്കിയതില്‍ ഡെപ്യൂട്ടി മാനേജര്‍ അടക്കം ഏഴ് പേരെ സപ്ലൈകോ സസ്പെന്‍ഡ് ചെയ്തിരുന്നു.
അട്ടപ്പാടി ചെന്താമലയില്‍ നീലക്കുറിഞ്ഞി കാണാന്‍ പോയി വനത്തില്‍ കുടുങ്ങിയ യുവാക്കള്‍ക്കെതിരെ കേസെടുത്തു. സംരക്ഷിത വനഭൂമിയില്‍ അതിക്രമിച്ചു കയറിയതിനാണ് കേസ്.
പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞു മരിച്ചു. പുനലൂര്‍ സ്വദേശികളായ അനൂപ്-ശ്രുതി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ചികിത്സ പിഴവ് ആരോപിച്ച് കുടുംബം.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെക്കെതിരായ ജാതി അധിക്ഷേപക്കേസില്‍ ഉത്തരാഖണ്ഡില്‍ അഡജ്ഞാതരായ 8 പേര്‍ക്കെതിരെ കേസെടുത്തു. അഭിഭാഷകയുടെ പരാതിയിലാണ് കേസ്. ശുദ്ധീകരണം നടത്തിയ സംഘടനക്കും, ഭാരവാഹികള്‍ക്കുമെതിരെയാണ് പരാതി നല്‍കിയിരുന്നത്. കോണ്‍ഗ്രസിന്റെ 15 ദളിത് എം പിമാര്‍ ഇന്നലെ പോലീസ് സ്റ്റേഷനില്‍ മിന്നല്‍ പ്രതിഷേധം നടത്തിയിരുന്നു.
കര്‍ണാടകത്തില്‍ പൊതുമരാമത്ത് മന്ത്രി സതീഷ് ജാര്‍ക്കിഹോളിയുടെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. എക്സൈസ് മന്ത്രി ആയിരുന്നപ്പോള്‍ ബാര്‍ ലൈസന്‍സ് അനുവദിച്ചതിലടക്കം നടത്തിയ ഇടപാടുകളാണ് അന്വേഷിക്കുന്നത്. മന്ത്രിയുടെ മകളും എംപിയുമായ പ്രിയങ്ക ജാര്‍ക്കിഹോളിയുടെ വസതിയിലും റെയ്ഡ് നടക്കുന്നുണ്ട്.
ജന്തര്‍ മന്തറില്‍ നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥിക്കെതിരേ നോട്ടീസ് അയച്ച ഗൗതംബുദ്ധ നഗര്‍ ജില്ലാ ഭരണകൂടത്തിന്റെ നടപടിക്കെതിരെ സുപ്രീം കോടതി. ഗൗതം ബുദ്ധ സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ നിയമ വിദ്യാര്‍ഥിയായ അക്ഷത് ത്രിപാഠിക്കാണ് നോട്ടീസ് അയച്ചത്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരിക്കേ, നോട്ടീസ് അയക്കാന്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് എങ്ങനെ ധൈര്യം വന്നെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് ചോദിച്ചു.
ഡല്‍ഹി സത്യനികേതനിലെ കെട്ടിട അപകടത്തിന് പിറകേ അനധികൃത കെട്ടിടങ്ങള്‍ പൊളിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. അപകടാവസ്ഥയിലുള്ള 16 കെട്ടിടങ്ങള്‍ പൊളിച്ചു. വിവിധ മേഖലകളില്‍ ഉദ്യോഗസ്ഥരുടെ പരിശോധന പുരോഗമിക്കുന്നു.
മുംബൈയില്‍ പ്രധാനമന്ത്രിയുടെ വേദിക്കരികിലെ ഷോപ്പിംഗ് മാളില്‍ തോക്കുമായി രണ്ടു പേര്‍ പിടിയിലായ സംഭവത്തില്‍ സുരക്ഷ വീഴ്ച്ചയില്ലെന്ന് പോലീസ്. പ്രതികള്‍ പ്രധാനമന്ത്രിയെ ലക്ഷ്യമിട്ടു വന്നവരല്ലെന്നും ഒരാളുടെ പ്രതിശ്രുത വധുവിന് പെര്‍ഫ്യൂം വാങ്ങാനെത്തിയതാണെന്നും പോലീസ് പറഞ്ഞു. എന്നാല്‍ പിടിയിലായ 24 കാരന്‍ രോഹന്‍ പരീഖിന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നെന്ന വ്യാജേന ജോലി വാഗ്ദാനം ലഭിച്ചെന്നും തുടര്‍ന്ന് ഇയാള്‍ പി എം ഓഫീസ് ജീവനക്കാരന്‍ എന്ന വ്യാജ ഐ ഡി കാര്‍ഡ് തയാറാക്കി ഉപയോഗിച്ചെന്നും കണ്ടെത്തി.
ഗുജറാത്തില്‍ ദുരഭിമാനക്കൊല. ആണ്‍സുഹൃത്തിനൊപ്പം ചെയ്ത റീല്‍ വൈറലായതിന് പിന്നാലെ യുവതിയെ പിതാവും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തി. സര്‍ക്കേജ് സ്വദേശി സോഫിയ ഫറൂഖ് (22) ആണ് കൊല്ലപ്പെട്ടത്.
മദ്യപിച്ച് ബഹളം ഉണ്ടാക്കിയെന്ന് ആരോപിച്ച് റഷ്യയില്‍ പൊലീസ് കസ്റ്റഡിയിലായിരുന്ന ഉത്തര്‍പ്രദേശ് നോയിഡ സ്വദേശിയും എന്‍ജിനീയറുമായ ചന്ദന്‍ ഗുപ്തയെ മോചിപ്പിച്ചു. മദ്യപിച്ച് ബഹളമുണ്ടാക്കുകയും ആംബുലന്‍സിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തെന്ന് ആരോപിച്ച് സെപ്റ്റംബര്‍ അഞ്ചിനാണ് റഷ്യന്‍ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. റഷ്യന്‍ സൈന്യത്തില്‍ ചേരാന്‍ നിര്‍ബന്ധിക്കുന്നെന്ന് ഇയാളുടെ ഭാര്യ ആരോപണം ഉന്നയിച്ചിരുന്നു.
യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യ നല്‍കുന്ന സഹകരണത്തിന് നന്ദിയെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്റെ ഓഫീസ്. വെള്ളിയാഴ്ച ഈ വിഷയം പുടിനും നരേന്ദ്ര മോദിയും ചര്‍ച്ച ചെയ്യുമെന്നും റഷ്യ സ്ഥിരീകരിച്ചു. ഇതിനിടെ സൗദി അറേബ്യക്ക് നേരെ നടന്ന ഹൂതി ആക്രമണത്തെ ഇന്ത്യ അപലപിച്ചു.
ഇറാന്റെ അഞ്ച് എണ്ണക്കപ്പലുകള്‍ തകര്‍ത്ത് അമേരിക്ക. ഒമാന്‍ ഉള്‍ക്കടലില്‍ നാല് എണ്ണക്കപ്പലുകളും ഖാര്‍ഗ് ദ്വീപില്‍ ഒരു എണ്ണക്കപ്പലുമാണ് തകര്‍ത്തത്. ഇറാന്‍ അമേരിക്കയുടെ മുങ്ങിക്കപ്പല്‍ ആക്രമിച്ചതിനുള്ള പ്രതികാരമായാണ് ആക്രമണമെന്ന് യു എസ് സെന്‍ട്രല്‍ കമാന്‍ഡ്.
ബലോണ്‍ ഡി ഓര്‍ പുരസ്‌കാരത്തിനുള്ള 30 അംഗ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. ലിയോണല്‍ മെസ്സി പട്ടികയില്‍ ഇടംപിടിച്ചപ്പോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പുറത്തായി. ഹാരി കെയ്ന്‍, കിലിയന്‍ എംബാപ്പേ തുടങ്ങിയവരും പട്ടികയിലുണ്ട്. ഒക്ടോബര്‍ 26-നാണ് പുരസ്‌കാര പ്രഖ്യാപനം.
2026-ലെ ഏഷ്യന്‍ ഗെയിംസിനായി ഇന്ത്യന്‍ ഹോക്കി ടീമിന്റെ ജേഴ്‌സി നിറം മാറ്റാന്‍ ഹോക്കി ഇന്ത്യ ശുപാര്‍ശ ചെയ്തു. നീല നിറത്തിന് ഒന്നാം സ്ഥാനവും കാവി നിറത്തിന് രണ്ടാം സ്ഥാനവും നല്‍കാനാണ് നിര്‍ദ്ദേശം. ഈ മാറ്റം ഏഷ്യന്‍ ഗെയിംസിന് മാത്രമുള്ളതാണെന്നും കാവി നിറം പൂര്‍ണ്ണമായി ഒഴിവാക്കിയിട്ടില്ലെന്നും ഫെഡറേഷന്‍ വ്യക്തമാക്കി.
യുഎസ് ഓപ്പണില്‍ നിലവിലെ ചാമ്പ്യനായ സ്പെയിനിന്റെ കാര്‍ലോസ് അല്‍കാറസിനെ അട്ടിമറിച്ച് അമേരിക്കയുടെ ബെന്‍ ഷെല്‍ട്ടന്‍ സെമിഫൈനലില്‍. നാലര മണിക്കൂര്‍ നീണ്ട പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അഞ്ച് സെറ്റുള്ള ആവേശപ്പോരാട്ടത്തിനൊടുവിലാണ് ഇരുപത്തിമൂന്നുകാരനായ ഷെല്‍ട്ടന്‍ വിജയം സ്വന്തമാക്കിയത്.
അദാനി എന്റര്‍പ്രൈസസിന്റെ ഉപകമ്പനിയും ഇന്ത്യയിലെ പ്രമുഖ സ്വകാര്യ എയര്‍പോര്‍ട്ട് ഓപ്പറേറ്ററുമായ അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്സ് ലിമിറ്റഡ് 9,825 കോടി രൂപ (ഏകദേശം 1 ബില്യണ്‍ യു.എസ്. ഡോളര്‍) ഇക്വിറ്റി മൂലധനം സമാഹരിച്ചു. ടെമാസെക്, ആല്‍ഫ വെയ്വ് ഗ്ലോബല്‍, പ്രേംജി ഇന്‍വെസ്റ്റ് എന്നീ ആഗോള-ആഭ്യന്തര നിക്ഷേപകരുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നും ബ്ലാക്ക്റോക്ക് നിയന്ത്രിക്കുന്ന ഫണ്ടുകളില്‍ നിന്നുമാണ് ഈ തുക കണ്ടെത്തിയത്. മൂന്ന് ഘട്ടങ്ങളിലായി പൂര്‍ത്തിയാകുന്ന ഈ പങ്കാളിത്തത്തിലൂടെ നിക്ഷേപകര്‍ക്ക് എ.എ.എച്ച്.എല്ലില്‍ ആകെ 5.54% ഓഹരി വിഹിതം ലഭിക്കും. ഇതിന്റെ അവസാന ഘട്ടം 2027 ജൂലൈയോടെ പൂര്‍ത്തിയാകും. ഈ കരാറിലൂടെ കമ്പനിയുടെ പ്രീ-മണി ഇക്വിറ്റി മൂല്യം ഏകദേശം 18 ബില്യണ്‍ ഡോളറായി കണക്കാക്കപ്പെടുന്നു. 2026 ജൂലൈയില്‍ അദാനി എന്റര്‍പ്രൈസസ് നടത്തിയ 15,000 കോടി രൂപയുടെ ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേസ്‌മെന്റിന് തൊട്ടുപിന്നാലെയാണ് ഈ നിക്ഷേപ നേട്ടം.
സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സംവിധാനം ഒരുക്കുന്നതിനായി 1600 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനൊരുങ്ങി റിലയന്‍സ് ജിയോ. റിലയന്‍സ് ജിയോ ഉപഗ്രഹങ്ങളുടെ ആദ്യ വിക്ഷേപണം 2027 സെപ്റ്റംബറില്‍ നടക്കും. ആദ്യ ഘട്ടത്തില്‍ സിസ്റ്റങ്ങളും ഹാര്‍ഡ്വെയറും പരിശോധിക്കുന്നതിനായി ചെറിയൊരു കൂട്ടം ഉപഗ്രഹങ്ങള്‍ റിലയന്‍സ് ജിയോ വിക്ഷേപിക്കും. തുടര്‍ന്ന് 2028-ന്റെ രണ്ടാം പാദത്തോടെ 90-100 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കും ഇന്ത്യയിലുടനീളം അതിവേഗ ഇന്റര്‍നെറ്റ് കവറേജാണ് ലക്ഷ്യമിടുന്നത്. 2030 ആകുമ്പോഴേക്കും 400-450 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കും. 2035 ആകുമ്പോഴേക്കും 1,600 ഉപഗ്രഹങ്ങള്‍ അടങ്ങിയ ബൃഹത്തായ ശൃംഖല സ്ഥാപിക്കും. ആഗോള കവറേജാണ് ജിയോ ലക്ഷ്യമിടുന്നത്. ശൃംഖല പൂര്‍ത്തിയാകുന്നതോടെ ഇന്ത്യയ്ക്ക് മുകളില്‍ എപ്പോഴും 30-32 ഉപഗ്രഹങ്ങള്‍ ഉണ്ടാകും. സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ലിങ്കിനേയും ആമസോണിനേയും കടത്തിവെട്ടുന്ന വേഗമായിരിക്കും ഇത്.
മലയാളികളുടെ പ്രിയതാരം ബിജു മേനോന്റെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹം നായകനാകുന്ന പുതിയ ചിത്രം ‘അവറാച്ചന്‍ ആന്‍ഡ് സണ്‍സി’ലെ രണ്ടാമത്തെ ഗാനം എത്തി. ഫണ്‍ വൈബില്‍ ബിജുമേനോനും സംഘവും എത്തുന്ന ‘ക്വാര്‍ട്ടര്‍ സോങ്’ മണിക്കൂറുകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. സനല്‍ ദേവ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ദിന്‍ നാഥ് പുത്തഞ്ചേരി എഴുതിയ വരികള്‍ക്ക് ആലാപനം സനല്‍ ദേവാണ് നിര്‍വഹിച്ചിരിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ അവതരിപ്പിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ തമ്പി ആണ്. ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോര്‍ട്ട്, ജോണി ആന്റണി, ഗ്രെയ്‌സ് ആന്റണി, അഖില ഭാര്‍ഗവന്‍, പൗളി വത്സണ്‍, സാബുമോന്‍, കോട്ടയം നസീര്‍, വിനീത് തട്ടില്‍, സാജന്‍ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിന്‍ ചെറുകയില്‍, ഷാജു ശ്രീധര്‍, നിഷാ സാരംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലര്‍ ‘ഐ ആം ഗെയിം’ ചിത്രത്തിലെ നായികമാരായ കായദു ലോഹര്‍, സംയുക്ത വിശ്വനാഥന്‍ എന്നിവരുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്ത് വിട്ടു. ഇഷ, താരിണി എന്നീ കഥാപാത്രങ്ങളെയാണ് യഥാക്രമം ഇരുവരും അവതരിപ്പിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ നായികയായി കായദു ലോഹര്‍ എത്തുമ്പോള്‍, ആന്റണി വര്‍ഗീസിന്റെ നായികയായി ആണ് സംയുക്ത വിശ്വനാഥന്‍ വേഷമിട്ടത്. ചിത്രത്തിന്റെ കഥയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന കഥാപാത്രങ്ങള്‍ക്ക് ആണ് ഇരുവരും ജീവന്‍ നല്‍കിയിരിക്കുന്നത്. സംയുക്ത വിശ്വനാഥന്‍ ആദ്യമായി അഭിനയിച്ച മലയാള ചിത്രം കൂടിയാണ് ഐ ആം ഗെയിം. ചിത്രത്തിലെ മറ്റു നിര്‍ണ്ണായക വേഷങ്ങള്‍ ചെയ്ത ആന്റണി വര്‍ഗീസ്, മിഷ്‌കിന്‍, കതിര്‍, പാര്‍ത്ഥ് തിവാരി, വിനയ് ഫോര്‍ട്ട് തുടങ്ങിയവരും പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നുണ്ട്.
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ കൈനറ്റിക് തങ്ങളുടെ ഡിഎക്‌സ് ഇ- സ്‌കൂട്ടര്‍ നിര വിപുലീകരിച്ച് പുതിയ വേരിയന്റുകള്‍ പുറത്തിറക്കി. ഡിഎക്‌സ് 3 കിലോവാട്ട്അവര്‍, ഡിഎക്‌സ്+ 3.1 കിലോവാട്ട്അവര്‍ എന്നീ പേരുകളില്‍ വലിയ ബാറ്ററി പായ്ക്ക് ഉപയോഗിച്ച് അപ്‌ഗ്രേഡ് ചെയ്ത മോഡലുകളാണ് കമ്പനി അവതരിപ്പിച്ചത്. യഥാക്രമം 1,18,599 രൂപയും 1,27,650 രൂപയുമാണ് എക്‌സ് ഷോറൂം വില. 2.6 കിലോവാട്ട്അവര്‍ വേരിയന്റിനേക്കാള്‍ 24 കിലോമീറ്റര്‍ അധികം റേഞ്ച് നല്‍കുന്ന 3.1 കിലോവാട്ട്അവര്‍ എല്‍എഫ്പി ബാറ്ററിയാണ് കൈനറ്റിക് ഡിഎക്‌സ്+ ല്‍ സജ്ജീകരിച്ചിരിക്കുന്നത്. അതായത് ഒറ്റ ചാര്‍ജില്‍ 132 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ സാധിക്കും. അപ്‌ഗ്രേഡ് ചെയ്ത ഈ ബാറ്ററിയോടൊപ്പം 3.8 കിലോവാട്ട് ഹബ് മൗണ്ടഡ് ബിഎല്‍ഡിസി മോട്ടോറുമായാണ് ഈ സ്‌കൂട്ടര്‍ വരുന്നത്. വേഗത കുറയുമ്പോഴും ഊര്‍ജ്ജം വീണ്ടെടുക്കാന്‍ സഹായിക്കുന്ന കെ കോസ്റ്റ് ടെക് ഫീച്ചറും ഇതിലുണ്ട്.
എല്ലാ ആണ്‍കുട്ടികളുടെയും വിജയത്തിന് പിന്നില്‍ ഒരു പെണ്‍കുട്ടിയുണ്ടാകുമോയെന്ന് ചോദിച്ചാല്‍, ഉറപ്പില്ല… പക്ഷേ, എല്ലാ ആണ്‍കുട്ടികളുടെയും സന്തോഷത്തിനും സങ്കടത്തിനും ഇടയില്‍ ഉറപ്പായും ഒരു പെണ്‍കുട്ടിയുണ്ടാകും. നമ്മള്‍ ഏറ്റവും കൂടുതല്‍ സ്നേഹിച്ച… ഇപ്പോഴും സ്നേഹിച്ചുകൊണ്ടിരിക്കുന്ന ഒരു പെണ്‍കുട്ടി. ജീവിതത്തില്‍ എന്താകണമെന്നറിയാതെ, തോല്‍വികളും ട്രോളുകളും ആത്മവിശ്വാസക്കുറവും കൂട്ടിനാക്കി ജീവിച്ചിരുന്ന കൃഷ്ണയുടെ ലോകത്തേക്ക് ജുമാന കടന്നുവരുമ്പോള്‍, അവന്റെ ജീവിതം പതിയെ മാറിത്തുടങ്ങുന്നു. കോളേജ് ജീവിതത്തിന്റെ ചിരികളും സൗഹൃദങ്ങളും ആദ്യ പ്രണയത്തിന്റെ ഹൃദയമിടിപ്പുകളും നിറഞ്ഞ ഈ നോവല്‍, വെറും ഒരു ലവ് സ്റ്റോറി മാത്രമല്ല- ഒരു തലമുറയുടെ വികാരങ്ങളാണ്. ‘ടു ജുമാന, ബൈ കൃഷ്ണ’. അജിത് കൃഷ്. ലോഗോസ് ബുക്സ്. വില 332 രൂപ.
ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണമാണ് കൂണ്‍. ഭക്ഷണത്തിലെ നാരുകള്‍ ദഹനേന്ദ്രിയങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തെ സഹായിക്കുന്നു. മലബന്ധം ഒഴിവാക്കുകയും ചെയ്യുന്നു. രക്തത്തിലെ കൊളസ്‌ട്രോള്‍ അളവു കുറയ്ക്കുന്നതിനും കൂണ്‍ സഹായിക്കും. കൂണില്‍ അടങ്ങിയ പ്രോട്ടീന്‍-പോളിസാക്കറൈഡ്
സംയുക്തങ്ങളാണ് അവയ്ക്ക് ഔഷധമൂല്യം നല്‍കുന്നത്. ഇവയ്ക്ക് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും അര്‍ബുദം, പ്രമേഹം തുടങ്ങിയവ കുറയ്ക്കാനും കഴിവുണ്ട്. ചില ഇനം കൂണുകള്‍ അര്‍ബുദകോശങ്ങളുടെ വളര്‍ച്ചയെ ഗണ്യമായ തോതില്‍ തടയുന്നു. ചിപ്പിക്കൂണിലുള്ള ആന്റി ഓക്‌സിഡന്റിന് നീര് കുറയ്ക്കാന്‍ കഴിവുണ്ട്. രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കൂട്ടം കൂടുന്നത് തടയാനും കഴിയും. ഹൃദയസംബന്ധമായ രോഗങ്ങള്‍, വൃക്ക, കരള്‍രോഗങ്ങള്‍ എന്നിവയെ തടയുന്നതിനൊപ്പം ഈ അവയവങ്ങളുടെ പ്രവര്‍ത്തനക്ഷമത കൂട്ടുന്നതിനും കൂണുകള്‍ സഹായിക്കുന്നു. റേഡിയേഷന്‍ ചികിത്സയില്‍ കാന്‍സര്‍ രോഗികളില്‍ പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാനും കൂണുകള്‍ക്ക് കഴിയും. സ്ഥിരമായി കൂണ്‍ കഴിച്ചാല്‍ മാത്രമേ മികച്ച തോതില്‍ ഈ ഫലങ്ങള്‍ ലഭിക്കുകയുള്ളൂ. കൂണ്‍ പാകം ചെയ്യുന്നതിന് മുന്‍പ് 15-30 മിനിറ്റ് സൂര്യപ്രകാശം ഏല്‍പ്പിക്കുന്നത് ഇവയുടെ പോഷകമൂല്യം വര്‍ധിപ്പിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍ വിറ്റാമിന്‍ ഡി2 ആയി മാറുന്ന എര്‍ഗോസ്റ്റെറോള്‍ എന്ന സംയുക്തം കൂണില്‍ അടങ്ങിയിട്ടുണ്ട്.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 95.10, പൗണ്ട് – 128.33, യൂറോ – 110.70, സ്വിസ് ഫ്രാങ്ക് – 117.18, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 68.75, ബഹറിന്‍ ദിനാര്‍ – 252.49, കുവൈത്ത് ദിനാര്‍ -308.18, ഒമാനി റിയാല്‍ – 247.33, സൗദി റിയാല്‍ – 25.32, യു.എ.ഇ ദിര്‍ഹം – 25.83, ഖത്തര്‍ റിയാല്‍ – 26.13, കനേഡിയന്‍ ഡോളര്‍ – 68.29.
