കേരളത്തിലെ എസ്ഐആർ നടപടികൾ മാറ്റിവെക്കില്ലെന്ന് കേന്ദ്ര തzരഞ്ഞെടുപ്പ് കമ്മീഷൻ. ബിഎൽഒമാരുടെ മരണം എസ്ഐആറിലെ ജോലി ഭാരം കൊണ്ടല്ലെന്നും എസ്ഐആറിനെതിരായ ഹർജികൾ തള്ളണമെന്നും ആവശ്യപ്പെട്ട് കമ്മീഷൻ സുപ്രീം കോടതിയിൽ സത്യാവാങ്മൂലം നൽകി. എസ്ഐആർ തദ്ദേശ തെരഞ്ഞെടുപ്പിന് തടസമല്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയെ അറിയിച്ചു.

 

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ സ്ത്രീക്കെതിരെ സൈബ‍ർ അധിക്ഷേപം നടത്തിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റിലായ രാഹുൽ ഈശ്വര്‍ റിമാന്‍ഡില്‍. ജാമ്യാപേക്ഷ തള്ളിയ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് രാഹുൽ ഈശ്വറിനെ റിമാൻഡ് ചെയ്തത്. പൂജപ്പുര ജില്ലാ ജയിലേക്ക് മാറ്റും.

 

ജയിലിൽ നിരാഹാരമിരിക്കുമെന്ന് അതിജീവിതയെ അധിക്ഷേപിച്ച കേസിൽ റിമാൻ്റിലായ രാഹുൽ ഈശ്വർ. ഇത് ആണുങ്ങൾക്ക് വേണ്ടിയുള്ള സമരമാണ്. കോടതി പറയുന്നത് പച്ചക്കള്ളമാണ്. പൊലീസ് തെറ്റിദ്ധരിപ്പിച്ചുവെന്നും രാഹുൽ ഈശ്വർ പറഞ്ഞു. ജാമ്യഹർജി തള്ളിയതിന് ശേഷം ജയിലിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് രാഹുൽ ഈശ്വർ മാധ്യമങ്ങളോട് പ്രതികരിച്ചത്. മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ നിന്നും പൊലീസ് വിലക്കിയെങ്കിലും ജീപ്പിൽ കയറ്റുന്നതിനിടെയാണ് രാഹുൽ, ജയിലിൽ നിരാഹാരമിരിക്കുമെന്ന് പ്രതികരിച്ചത്.

 

പരാതിക്കാരിയുടെ പേരോ ചിത്രമോ താൻ പുറത്തുവിട്ടിട്ടില്ലെന്ന് മുൻകൂർ ജാമ്യഹർജിയിൽ സന്ദീപ് വാര്യർ. ഇത്തരം പ്രവണതകൾക്ക് കൂട്ടുനിന്നിട്ടില്ല. കോടതി പറയുന്ന ഏത് ഉപാധിയും അം​ഗീകരിക്കും. അന്വേഷണവുമായി സഹകരിക്കുമെന്നും ജാമ്യഹർജിയിൽ സന്ദീപ് വാര്യർ പറഞ്ഞു. കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയെന്ന കേസിലാണ് സന്ദീപ് വാര്യർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.

 

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ സ്ത്രീക്കെതിരെ സൈബ‍ർ അധിക്ഷേപം നടത്തിയതിന് അറസ്റ്റിലായ രാഹുൽ ഈശ്വറിനെ പിന്തുണച്ച് കലാമണ്ഡലം സത്യഭാമ ജൂനിയ‍ർ. ആ പയ്യൻ വ്യക്തമായ തെളിവുകൾ ഇല്ലാതെ ഒരു കാരണവശാലും ഇത്രയും വലിയ പ്രശ്നത്തിൽ ഇടപെടില്ലെന്നാണ് സത്യഭാമ ജൂനിയർ ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കിയത്. രാഹുൽ മാങ്കൂട്ടത്തിലിന് ഒരു പാട് ശത്രുക്കൾ ഉണ്ടാകുമെന്ന് അറിഞ്ഞിട്ട് പോലും വിഷയത്തിൽ ഇത്രയും ധൈര്യം കാണിക്കുന്നുണ്ടെങ്കിൽ ആരോപണത്തിന് പിന്നിൽ കോൺഗ്രസ് പാർട്ടിക്ക് പങ്കുണ്ടെന്നാണ് കലാമണ്ഡലം സത്യഭാമ ജൂനിയ‍ർ വിശദമാക്കുന്നത്.

 

ബലാത്സംഗ പരാതിയിൽ പരാതിക്കാരിക്കെതിരെ കൂടുതൽ തെളിവുകളുമായി രാഹുൽ മാങ്കൂട്ടത്തിൽ. മൂന്നു തെളിവുകൾ കൂടിയാണ് മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിച്ചത്. ഫോട്ടോകൾ, വാട്സ്ആപ്പ് ചാറ്റുകളുടെ ഹാഷ് വാല്യൂ സർട്ടിഫിക്കറ്റ്, ഫോൺ സംഭാഷണങ്ങളുടെ റെക്കോർഡ് എന്നിവയാണ് സമർപ്പിച്ചത്. പെൻഡ്രൈവിൽ ഹാജരാക്കിയ ഡിജിറ്റൽ തെളിവുകളുടെ ഹാഷ് വാല്യൂ സർട്ടിഫിക്കറ്റ് ആണ് ഹാജരാക്കിയത്.

 

2025-26 മണ്ഡല- മകരവിളക്ക് തീർത്ഥാടന കാലയളവിൽ ആദ്യത്തെ 15 ദിവസം ശബരിമലയിൽ ദേവസ്വം ബോർഡിന് ലഭിച്ച ആകെ വരുമാനം 92 കോടി രൂപ. കഴിഞ്ഞ സീസണിൽ ഇതേ സമയത്തെ അപേക്ഷിച്ച് (69 കോടി) 33.33 ശതമാനം കൂടുതൽ. ഇന്നലെ (നവംബർ 30) വരെയുള്ള കണക്കാണിത്. വരുമാനത്തിന്റെ ഭൂരിഭാഗവും അരവണ വിൽപ്പനയിൽ നിന്നാണ്. 47 കോടി രൂപയാണ് അരവണയിൽ നിന്നുള്ള വരുമാനം.

 

ശബരിമലയിൽ കേരള സദ്യ നൽകുന്നത് വൈകും. നാളെ മുതൽ സദ്യ നൽകാനായിരുന്നു തീരുമാനം. അന്നദാനത്തിനായുള്ള സജ്ജീകരണങ്ങൾ പൂർത്തിയാകാത്തതാണ് സദ്യ നൽകുന്നത് വൈകാൻ കാരണം. നിയമപരമായ പ്രശ്നങ്ങൾ പഠിക്കാൻ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ റിപ്പോർട്ട് കിട്ടിയ ശേഷം മാത്രമേ തീരുമാനം ഉണ്ടാകൂ. ഈ മാസം അഞ്ചിന് നടക്കുന്ന ദേവസ്വം ബോർഡ് യോഗത്തിലായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക.

 

ഓരോ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴും ഇഡി നോട്ടീസ് വരാറുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. മസാല ബോണ്ട് വഴി പണം സമാഹരിച്ചതിനല്ല, പകരം സമാഹരിച്ച തുക ചെലവഴിച്ചതിലാണ് ഇഡി നോട്ടീസ് വന്നതെന്നും എം വി ​ഗോവിന്ദൻ വ്യക്തമാക്കി. കിഫ്‌ബിയെ അപകീർത്തിപ്പെടുത്താനാണ് ഇതിലൂടെ ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിനെതിരെ നോട്ടീസ് വരുമ്പോൾ വേട്ടയാടലും സിപിഎമ്മിന് എതിരെ വരുമ്പോൾ അങ്ങനെ അല്ല എന്ന നിലപാടുമാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

ഇഡി നോട്ടീസിൽ വിശദീകരണവുമായി കിഫ്ബി സിഇഒ. ഫെമ ച‌ട്ടം ലംഘിച്ചിട്ടില്ലെന്ന് കിഫ്ബി വിശദീകരണത്തിൽ വ്യക്തമാക്കുന്നു. ഇഡി നോട്ടീസിലെ വാദം വസ്തുതാവിരുദ്ധമാണെന്നും മസാല ബോണ്ട് വിനിയോ​ഗത്തിൽ ക്രമക്കേടില്ലെന്നും കിഫ്ബി പറയുന്നു. ആർബിഐ നിർദേശം കൃത്യമായി പാലിച്ചിട്ടുണ്ട്. ഏത് തരം പരിശോധനയ്ക്കും തയ്യാറെന്നും സിഇഒ വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കുന്നു. ഇഡി നടപടികൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്നും കിഫ്ബി ആരോപിച്ചു.

 

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി മുഖ്യമന്ത്രിക്കായി പുതിയ കാർ വാങ്ങാൻ 1.10 കോടി രൂപഅനുവദിച്ചു. തുക അനുവദിച്ച് ധനവകുപ്പ് ഇന്ന് ഉത്തരവിറക്കി. അധിക ഫണ്ടായാണ് തുക അനുവദിച്ചത്. നിലവിൽ മുഖ്യമന്ത്രി ഉപയോഗിക്കുന്ന രണ്ട് വാഹനങ്ങൾക്ക് പകരമായാണ് പുതിയ വാഹനം വാങ്ങാനുള്ള അനുമതി.

 

കേരളത്തിലെ വൈദ്യുതി ഉപഭോക്താക്കൾക്ക് കെ എസ് ഇ ബിയുടെ വക ആശ്വാസ വാർത്ത. ഡിസംബറിലെ കറണ്ട് ബില്ലിൽ ഇന്ധന സർചാർജ് ഗണ്യമായി കുറയുമെന്ന് കെ എസ് ഇ ബി അറിയിച്ചു. സെപ്റ്റംബർ – നവംബർ കാലയളവിൽ യൂണിറ്റിന് 10 പൈസ വരെ ഈടാക്കിയിരുന്ന സർചാർജ് കുറച്ചതായി കെ എസ് ഇ ബി അറിയിച്ചു.

 

ജീവനക്കാരുടെ പ്രവൃത്തി ദിവസം അഞ്ച് ദിവസമാക്കുന്നതിൻ്റെ ഭാഗമായി സർവീസ് സംഘടനകളുടെ യോഗം വിളിച്ച് സർക്കാർ. വെള്ളിയാഴ്ചയാണ് ചീഫ് സെക്രട്ടറി വിളിച്ച ഓൺലൈൻ യോഗം. പ്രവൃത്തി ദിവസം ആറിൽ നിന്ന് അഞ്ച് ആക്കണമെന്ന് ഭരണ പരിഷ്ക്കാര കമ്മീഷനും ശമ്പള കമ്മീഷനും ശുപാർശ ചെയ്തിരുന്നു. പകരം ഒരു മണിക്കൂർ ജോലി സമയം കൂട്ടണമെന്നാണ് നിർദേശം. ഒരു മണിക്കൂർ ജോലികൂട്ടുന്നതിനെ സർവീസ് സംഘടനകൾ എതിർക്കുന്നില്ല.

 

കേരളത്തിലെ രാജ് ഭവന്‍ ഇനി ഔദ്യോഗികമായി ലോക് ഭവന്‍ എന്ന പേരില്‍ അറിയപ്പെടും. രാജ് ഭവനുകള്‍ രാജ്യത്താകമാനം ലോക് ഭവനുകളായും, ലെഫ്റ്റനന്റ് ഗവര്‍ണര്‍മാരുടഔദ്യോഗിക വസതിയായ രാജ് നിവാസുകള്‍ ലോക് നിവാസുകളായും പുനര്‍നാമകരണം ചെയ്യുന്നതിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ മാറ്റം.

 

കേരളത്തിലെ എസ്ഐആറിനെതിരെ സുപ്രീംകോടതിയിൽ വീണ്ടും ഹർജി. എസ്ഡിപിഐ ആണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. എസ്ഐആർ റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ന്യൂനപക്ഷങ്ങൾ ഉൾപ്പെടെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ വോട്ടുകൾ ഒഴിവാക്കാൻ നീക്കമുള്ളതായും ഹർജിയിൽ ആരോപിക്കുന്നു. എസ്ഡിപിഐ അധ്യക്ഷൻ സിപി അബ്ദുൾ ലത്തീഫാണ് ഹർജി നൽകിയത്.

 

വഖഫ് സ്വത്തുക്കളുടെ വിശദാംശങ്ങള്‍ ഉമീദ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യാനുള്ള സമയപരിധി നീട്ടണമെന്ന അപേക്ഷകളില്‍ ഉത്തരവ് പുറപ്പെടുവിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. ഹർജിക്കാരോട് വഖഫ് ട്രൈബ്യൂണലുകളെ സമീപിക്കാന്‍ കോടതി നിർദ്ദേശിച്ചു. ഏകീകൃത വഖഫ് മാനേജ്മെന്റ് ശാക്തീകരണ ആക്ട് പ്രകാരം സമയപരിധി നീട്ടാൻ അധികാരം വഖഫ് ട്രൈബ്യൂണലുകൾക്കാണെന്ന് വിശദീകരിച്ച ജസ്റ്റിസ്‌ ദീപങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് ഹര്‍ജികളിലെ അപേക്ഷകള്‍ തീർപ്പാക്കി.

 

ട്രെയിൻ തൽക്കാൽ ടിക്കറ്റ് ബുക്കിംഗുകൾക്ക് ആധാർ വേരിഫിക്കേഷൻ വേണമെന്ന പരിഷ്കാരം ഇന്ത്യൻ റെയിൽവേ അടുത്തിടെയാണ് കൊണ്ടുവന്നത്. ഇനി ആധാർ വേരിഫിക്കേഷൻ മാത്രം പോര, തൽക്കാൽ ടിക്കറ്റ് കിട്ടാൻ പുതിയ കടമ്പ കൂടി കടക്കണം. യാത്രക്കാരുടെ രജിസ്ട്രർ ചെയ്ത മൊബൈൽ നമ്പറിലേക്ക് അയച്ച വൺ-ടൈം പാസ്‌വേഡ് (OTP) പരിശോധിച്ചുറപ്പിച്ചതിനുശേഷം മാത്രമേ ഇനി തൽക്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാനാകൂ.

 

പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് പിന്മാറാൻ സാധിക്കുമോയെന്ന ചോദ്യത്തിന് വ്യക്തമായി മറുപടി നൽകാതെ കേന്ദ്ര സർക്കാർ. ലോക്‌സഭയിൽ കോഴിക്കോട് എംപി എംകെ രാഘവൻ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ നൽകിയ മറുപടിയിലാണ് അവ്യക്തത. കേരളം പദ്ധതിയിൽ ഒപ്പിട്ടെന്ന് വ്യക്തമാക്കിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി, പദ്ധതിയുടെ രൂപരേഖയും കേരളത്തിൻ്റെ പങ്കാളിത്തവും മാത്രമാണ് എംപിക്ക് നൽകിയ മറുപടിയിൽ വിശദീകരിച്ചത്.

 

അവയവദാന ഏജൻസിയായ കെ.സോട്ടോയെ വിമർശിച്ച് പോസ്റ്റിട്ട ഡോ. മോഹൻദാസ് കെ. സോട്ടോയിൽ നിന്ന് രാജിവച്ചു. പദ്ധതിയെ വിമർശിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിൽ ആരോഗ്യവകുപ്പ് വിശദീകരണം ചോദിച്ചതിൽ പ്രതിഷേധിച്ചാണ് രാജി. അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടാണ് രാജിപ്രഖ്യാപനം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗം മേധാവിയാണ് ഡോ. മോഹൻദാസ്.

 

കേരളത്തിലെ ചില ജില്ലകൾ അതിരാവിലെ തണുത്ത് വിറയ്ക്കുമ്പോഴും മഴക്കാലം അവസാനിച്ചിട്ടില്ല. ഡിസംബർ മൂന്നിന് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം, ഇടുക്കി എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്

 

പ്രശസ്ത എഴുത്തുകാരിയും അധ്യാപികയുമായ ബി സരസ്വതി (94) അന്തരിച്ചു. ഏറ്റുമാനൂരിലെ വസതിയിൽ ഇന്ന് ഉച്ചയ്ക്കുശേഷമായിരുന്നു അന്ത്യം. കിടങ്ങൂര്‍ എൻഎസ്എസ് ഹൈസ്കൂള്‍ പ്രധാനാധ്യാപികയായിരുന്നു.

 

വരന്തരപ്പള്ളിയിലെ അർച്ചനയുടെ മരണവുമായി ബന്ധപ്പെട്ട് അമ്മായിയമ്മയും അറസ്റ്റിൽ. നേരത്തെ, അർച്ചനയുടെ അച്ഛന്റെ പരാതിയിൽ ഭർത്താവ് ഷാരോണിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഷാരോണിൻ്റെ അമ്മ മക്കോത്ത് വീട്ടിൽ രജനിയേയും (48) പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്ത്രീധന പീഡന വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

 

ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും ചെന്നൈ ഉൾപ്പെ‌ടുന്ന വടക്കൻ തമിഴ്നാട്ടിൽ വ്യാപക മഴ തു‌ടരുകയാണ്. ചെന്നൈയിലും തിരുവളളൂരിലും റെ‍ഡ് അലർട്ടാണ്. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപേട്ട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചി‌‌ട്ടുണ്ട്. കനത്ത മഴയെ തുടർന്ന് ചെന്നൈയിലെ ന​ഗരത്തിൽ രൂക്ഷമായ വെള്ളക്കെട്ടാണ്. പലയിടത്തും വാഹനങ്ങൾ വെള്ളത്തിൽ മുങ്ങിപ്പോയ കാഴ്ചകളും പുറത്തുവന്നിട്ടുണ്ട്. തമിഴ്നാ‌ട്ടിൽ മഴക്കെ‌‌ടുതിയിൽ മരണം നാലായി. ശ്രീലങ്കയിൽ 350 മരണമാണ് ആകെ സ്ഥിരീകരിച്ചത്.

 

 

പശ്ചിമബം​ഗാളിൽ എസ്ഐആർ നടപടികളിൽ വ്യാപക ക്രമക്കേടെന്ന പരാതിയുമായി ബിജെപി. തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ സ്ഥാപനം തൃണമൂൽ കോൺ​ഗ്രസിനുവേണ്ടി അനധികൃതമായി നടപടികളിലേർപ്പെടുകയാണെന്നും പരാതിയിലുണ്ട്. ജോലി സമ്മർദം താങ്ങാനായില്ലെന്ന് യുപിയിൽ ആത്മഹത്യ ചെയ്ത ബിഎൽഒ പറയുന്ന ദൃശ്യങ്ങൾ ഇന്ന് പുറത്തുവന്നു.

 

വിഷാംശമുള്ള കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ മധ്യപ്രദേശിൽ പ്രതിഷേധവുമായി കോൺ​ഗ്രസ് നേതാക്കൾ. പൂതനയുടെ വേഷം ധരിച്ച് എത്തിയ കോൺഗ്രസ് നേതാക്കൾ തിങ്കളാഴ്ച മധ്യപ്രദേശ് നിയമസഭയ്ക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. കുട്ടികളോടുള്ള അവസ്ഥ വിവരിക്കുന്ന പോസ്റ്ററുകളും പാവകളും കൈയിലേന്തിയായിരുന്നു പ്രതിഷേധം. കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളിൽ സംസ്ഥാനം എങ്ങനെയാണ് ഒന്നാം സ്ഥാനത്ത് എത്തിയതെന്നും ഇവർ സർക്കാറിനോട് ചോദിച്ചു

 

രാജ്യത്തെ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളെക്കുറിച്ച് സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ്. തട്ടിപ്പുകളില്‍ ബാങ്കര്‍മാരുടെ പങ്കുള്‍പ്പെടെ അന്വേഷിക്കാന്‍ കോടതി സിബിഐക്ക് സ്വതന്ത്ര്യ അധികാരം നല്‍കി. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളില്‍ സുപ്രീം കോടതി സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്‍റെ നിര്‍ണായക ഉത്തരവ്. തട്ടിപ്പുകൾക്കായി ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിലാണ് ബാങ്കർമാരുടെ പങ്ക് അന്വേഷിക്കുക.

 

ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളുടെ പരിധിയിൽ ജിപിഎസ് സ്പൂഫിങ് നടന്നു എന്ന് സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ. ജിപിഎസ് സ്പൂഫിങും ജിഎൻഎസ്എസ് തടസ്സവും നേരിട്ടു. പാർലമെന്റിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു ഇത് സ്ഥിരീകരിച്ചത്. റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവങ്ങളുടെ ഗൌരവവും അവ പരിഹരിക്കാൻ സ്വീകരിച്ച നടപടികളും മന്ത്രി വിശദീകരിച്ചു.

 

സഞ്ചാർ സാഥി ആപ്പ് ഫോണുകളിൽ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ നീക്കം.എല്ലാ പുതിയ ഫോണുകളിലും ആപ്പ് പ്രീ ഇൻസ്റ്റാൾ ചെയ്യണമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം നിർദ്ദേശം നൽകിയെന്നാണ് റിപ്പോർട്ട്..ഫോണിൽ നിന്ന് ആപ്പ് നീക്കം ചെയ്യാനും കഴിയില്ലയസൈബർ തട്ടിപ്പുകളെ പ്രതിരോധിക്കാൻ ആണ് നീക്കം എന്നാണ് വിശദീകരണം.90 ദിവസത്തിനകം നടപ്പാക്കാൻ ഫോണ് നിർമാതാക്കൾക്ക് നിർദേശം.

 

ജോലിസമ്മർദ്ദത്തില്‍ ബിഎൽഒമാരുടെ ആത്മഹത്യയിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമർശനം കടുപ്പിച്ച് പ്രതിപക്ഷം. ഇതുവരെ 30 ബിഎൽഒമാർ രാജ്യത്ത് ആത്മഹത്യ ചെയ്തെന്നും, അനുശോചിച്ച് കമ്മീഷൻ ഒരുവരി പോലും പറഞ്ഞില്ലെന്നും കോൺ​ഗ്രസ് വിമർശിച്ചു. ജോലിഭാരം താങ്ങാനാകുന്നില്ലെന്ന് ഇന്നലെ യുപിയിൽ ആത്മഹത്യ ചെയ്ത ബിഎൽഒ പൊട്ടികരഞ്ഞുകൊണ്ട് പറയുന്ന വീഡിയോ പുറത്തുവന്നു

 

പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമായത് രാജ്യസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള രൂക്ഷമായ വാക്പോരോടെ. മുൻ ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായിരുന്ന ജഗ്ദീപ് ധൻകറിൻ്റെ പദവിയൊഴിയലിനെ കുറിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജുവും കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയും തമ്മിൽ ഏറ്റുമുട്ടിയതോടെ വാക്പോര് രൂക്ഷമായി. ബഹളം രൂക്ഷമായതോടെ സഭ പിരിഞ്ഞു.

 

ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന ഖ്യാതി വർഷങ്ങളായി പേറുന്ന ഫിൻലൻഡ്, പാകിസ്ഥാനടക്കമുള്ള 3 രാജ്യങ്ങളുമായുള്ള സഹകരണത്തിന്‍റെ കാര്യത്തിൽ പുതിയ തീരുമാനം കൈക്കൊണ്ടു. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, മ്യാൻമർ എന്നീ രാജ്യങ്ങളിലെ എംബസികൾ പൂർണമായി അടച്ചുപൂട്ടാൻ തീരുമാനിച്ചതായി ഫിൻലൻഡ് വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. 2026 ഓടെ നടപടികൾ പൂർത്തിയാക്കുമെന്നും വിദേശകാര്യ മന്ത്രി എലീന വാൾട്ടോനൻ വ്യക്തമാക്കി. ഈ രാജ്യങ്ങളിലെ രാഷ്ട്രീയ അനിശ്ചിതത്വവും ഫിൻലൻഡുമായുള്ള വാണിജ്യ – സാമ്പത്തിക ബന്ധങ്ങളുടെ പരിമിതിയുമാണ് തീരുമാനത്തിന് പിന്നിലെന്ന് മന്ത്രാലയം വ്യക്തമാക്കി.

 

വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡൂറോയ്ക്ക് രാജ്യം വിട്ടുപോകാനുള്ള അന്ത്യ ശാസനവുമായി ഡൊണാൾഡ് ട്രംപ്. നിങ്ങളെയും ഏറ്റവും അടുപ്പമുള്ളവരേയും സംരക്ഷിക്കാൻ ആകെയുള്ള മാർഗം രാജ്യം വിടുകയാണെന്നാണ് ഡൊണാൾഡ് ട്രംപ് നിക്കോളാസ് മഡൂറോയോട് ഫോൺ കോളിൽ വിശദമാക്കിയതായാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നത്.

 

അഫ്ഗാനിസ്ഥാനുമായുള്ള വ്യാപാരയുദ്ധം പാകിസ്താന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയായതായി റിപ്പോര്‍ട്ട്. അഫ്ഗാനുമായുള്ള അതിര്‍ത്തി കടന്നുള്ള വ്യാപാരം നിര്‍ത്തിവെച്ചത് പാകിസ്താന്റെ സമ്പദ്‌വ്യവസ്ഥയെ കാര്യമായി ബാധിക്കുകയും വിവിധ മേഖലകളില്‍ പ്രതിസന്ധി രൂക്ഷമാക്കുകയും ചെയ്തതായി വിവിധ പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *